ബാഴ്‌സലോണ - പത്തു മിനിറ്റില്‍ മൂന്ന് ഗോള്‍ തിരിച്ചടിക്കുകയും 89ാം മിനിറ്റിലെ ഗോളോടെ വിജയം പിടിക്കുകയും ചെയ്ത് സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണക്ക് മിന്നുന്ന തിരിച്ചുവരവ്. 81ാം മിനിറ്റ് വരെ രണ്ടു ഗോളിന് പിന്നിലായിരുന്ന ബാഴ്‌സലോണയെ റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയുടെ ഇരട്ട ഗോളാണ് രക്ഷിച്ചത്. 89ാം മിനിറ്റില്‍ ജോ കാന്‍സെലോ വിജയം കുറിച്ച ഗോള്‍ കണ്ടെത്തി. ട്രാന്‍സ്ഫര്‍ ദിനത്തിന്റെ അവസാന മണിക്കൂറുകളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ലോണിലാണ് കാന്‍സെലോ ബാഴ്‌സലോണിലെത്തിയത്.
ബാഴ്‌സലോണ നഗരത്തിലെ മറ്റൊരു ക്ലബ്ബായ ജിറോണക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് ബാഴ്‌സ. മയോര്‍ക്കയെ 5-3 ന് ജിരോണ തോല്‍പിച്ചു. ഇന്ന് അത്‌ലറ്റിക്കൊ മഡ്രീഡിനെ നേരിടാനിരിക്കെ റയല്‍ മഡ്രീഡ് ഒരു പോയന്റ് പിന്നിലാണ്.






