ട്വന്റി20 ലോകകപ്പ് ഏഴ് രാജ്യങ്ങളില്‍

മയാമി - അടുത്ത വര്‍ഷത്തെ ട്വന്റി20 ലോകകപ്പ് ഏഴ് കരീബിയന്‍ രാജ്യങ്ങളിലായി അരങ്ങേറും. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനും അമേരിക്കക്കുമായാണ് 2021 ല്‍ ഐ.സി.സി അടുത്ത  ലോകകപ്പ് അനുവദിച്ചത്. 
ആന്റിഗ്വ ആന്റ് ബാര്‍ബുഡ, ബാര്‍ബഡോസ്, ട്രിനിഡാഡ് ആന്റ് ടൊബാഗൊ, ഡൊമിനിക്ക, ഗയാന, സെയ്ന്റ് ലൂസിയ, സെയ്ന്റ് വിന്‍സന്റ് എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍. ജമൈക്കയെ ഉള്‍പെടുത്തിയിട്ടില്ല. ജമൈക്കയിലെ സബൈന പാര്‍ക്ക് സ്റ്റേഡിയം ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തമായ വേദികളിലൊന്നാണ്. ക്രിക്കറ്റ് പ്രേമത്തിന് പേരെടുത്ത കരീബിയയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇത്തവണ വേദിക്കായി രംഗത്തു വന്നിരുന്നില്ല. 
അമേരിക്കയിലെ ന്യൂയോര്‍ക്ക്, ഫ്‌ളോറിഡ, ടെക്‌സസ് നഗരങ്ങളിലും മത്സരങ്ങള്‍ നടക്കും. ആദ്യമായാണ് ഒരു പ്രധാന ഐ.സി.സി ടൂര്‍ണമെന്റിന് അമേരിക്ക വേദിയാവുന്നത്. 2007 ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനും 2020 ട്വന്റി20 ലോകകപ്പിനും വെസ്റ്റിന്‍ഡീസ് വേദിയായിരുന്നു. 
അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ റെക്കോര്‍ഡായ 20 ടീമുകള്‍ പങ്കെടുക്കും. ഇംഗ്ലണ്ടാണ് നിലവിലെ ചാമ്പ്യന്മാര്‍. കഴിഞ്ഞ വര്‍ഷം മെല്‍ബണില്‍ നടന്ന ഫൈനലില്‍ അവര്‍ പാക്കിസ്ഥാനെ തോല്‍പിച്ചു. 

Latest News