ഹാങ്ചൗ - ജലകേളികളും തിരമാലകളും അലയടിച്ച ആഘോഷരാവില്‍ പത്തൊമ്പതാമത് ഏഷ്യന്‍ കായികമാമാങ്കത്തിന് ചൈനീസ് ഹൈടെക് സിറ്റിയായ ഹാങ്ചൗവില്‍ തിരയുയര്‍ന്നു. ലാളിത്യവും സുസ്ഥിരതയും ചെലവ് ചുരുക്കലുമാണ് പ്രമേയമെങ്കിലും സാങ്കേതികത്തിളക്കത്തില്‍ ചടങ്ങ് സമ്പന്നമായി. 90 മിനിറ്റ് നീണ്ട പരിപാടി ചൈനയുടെ പൗരാണിക സംസ്‌കാരവും നൂതന സാങ്കേതികവിദ്യയും ഇഴചേര്‍ന്ന് കാഴ്ചക്കാരെ അനുഭൂതിയുടെ വന്‍മതില്‍ കയറ്റി. പൗരസ്ത്യസൗന്ദര്യശീലത്തിന്റെ സുഗന്ധം പരന്നപ്പോള്‍ ആധുനികതയിലേക്കുള്ള ചൈനയുടെ ഉറച്ച കാല്‍വെപ്പുകളുടെ കഥയാണ് ഇതള്‍വിരിഞ്ഞത്.
തളര്‍ച്ച ബാധിച്ചതു പോലെ തോന്നിയ ചൈനീസ് പ്രസിഡന്റ് ഉദ്ഘാടനച്ചടങ്ങിനായി വേദിയിലേക്ക് നടന്നടുത്തപ്പോള്‍ 80,000 പേര്‍ തിങ്ങിനിറഞ്ഞ താമരക്കുമ്പിള്‍ സ്റ്റഡിയം ആഘോഷത്തിലമര്‍ന്നു. 28 വലുതും 27 ചെറുതും ദളങ്ങളോടെയാണ് താമരക്കുമ്പിള്‍ പോലുള്ള സ്‌റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്ക്, സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍അസദ്, കംബോഡിയന്‍ രാജാവ് നരോദം സിഹാമോണി, കുവൈത്ത്, നേപ്പാല്‍ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അഫ്ഗാനിസ്ഥാനാണ് ആദ്യം ചുവടുവെച്ചത്. വിപ്രവാസ സര്‍ക്കാരിന്റെ പതാകക്ക് കീഴെ വിദേശത്ത് നിന്നുള്ള വനിതാ താരങ്ങളും ടീമിനൊപ്പം പ്രവേശിച്ചു. 3000 കോടി ഡോളര്‍ ഏഷ്യാഡിനായി ചൈന ചെലവിട്ടിട്ടുണ്ടാവുമെന്നാണ് കരുതുന്നത്.
ചടങ്ങ് സമാപിക്കുമ്പോള്‍ പതിവായി ഉണ്ടാവാറുള്ള കരിമരുന്ന് പ്രയോഗം ഒഴിവാക്കിയതാണ് ഏറ്റവും പ്രധാനം. പകരം ഇലക്ട്രോണിക് ഫഌഷുകളും ത്രീഡി അനിമേഷന്‍സും വിര്‍ച്വല്‍ ദീപശിഖാവാഹകനുമൊക്കെ ചടങ്ങിന് വെളിച്ചം പകര്‍ന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടക്കേണ്ട ഏഷ്യാഡ് കോവിഡ് നിയന്ത്രണം കാരണം ഒരു വര്‍ഷം നീട്ടിവെക്കുകയായിരുന്നു.
45 രാജ്യങ്ങളില്‍ നിന്നുള്ള 12,147 കായികതാരങ്ങളാണ് ഏഷ്യാഡില്‍ പങ്കെടുക്കുന്നത്. ഇ-സ്‌പോര്‍ട്‌സ് മെഡല്‍ ഇനമായി അരങ്ങേറ്റം കുറിക്കും. ലോക, ഒളിംപിക് ചാമ്പ്യന്മാരായ നീരജ് ചോപ്ര, ഖത്തറിന്റെ മുതാസ് ഈസ ബാര്‍ഷിം, ചൈനീസ് നീന്തല്‍ സെന്‍സേഷന്‍ ക്വിന്‍ ഹയാംഗ്, ഷാംഗ് യുഫെയ് തുടങ്ങിയവാണ് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന താരങ്ങള്‍.






