ആയിരാമത്തെ ടെസ്റ്റിന് 10,000 പേര്‍ തികയുമോ?

എജ്ബാസ്റ്റണില്‍ ഇന്ത്യക്കെതിരായ നാളത്തെ ക്രിക്കറ്റ് ടെസ്റ്റ് ഇംഗ്ലണ്ടിന്റെ ആയിരാമത്തേതാണ്. എന്നാല്‍ ചരിത്ര മുഹൂര്‍ത്തത്തില്‍ ഇംഗ്ലണ്ട് ടീം കളത്തിലിറങ്ങുന്നത് കാണാന്‍ പതിനായിരം പേരെങ്കിലും ഗാലറിയിലുണ്ടാവുമോ? മിക്കവാറും ഒഴിഞ്ഞ ഗാലറിക്കു മുന്നിലായിരിക്കും കളി പുരോഗമിക്കുകയെന്നാണ് റിപ്പോര്‍ട്ട്. 
മത്സരത്തിന്റെ ആദ്യ രണ്ടു ദിവസത്തെ ടിക്കറ്റ് വില്‍പന തീര്‍ത്തും മന്ദഗതിയിലാണ്. ആയിരത്തിലേറെ സൗജന്യ ടിക്കറ്റുകളും പോയിട്ടുണ്ട്. മൂന്നാം ദിനത്തില്‍ വില്‍പന മെച്ചമാണ്. ഇത് എജ്ബാസ്റ്റണ്‍ ഗ്രൗണ്ടിന്റെ മാത്രം കാര്യമല്ല. നാലാം ടെസ്റ്റ് നടക്കുന്ന സൗതാംപ്റ്റണിലെ ടിക്കറ്റ് വില്‍പനയും പരിതാപകരമാണ്. പരമ്പരാഗതമായി നിറഞ്ഞ ഗാലറിയുണ്ടാവാറുള്ള ഓവല്‍, ട്രെന്റ്ബ്രിജ് ഗ്രൗണ്ടുകളിലും വില്‍പന വളരെയൊന്നും മെച്ചമല്ല.
ഇന്ത്യയുമായുള്ള പരമ്പര സാധാരണഗതിയില്‍ വലിയ ആവേശം സൃഷ്ടിക്കേണ്ടതായിരുന്നു. നിശ്ചിത ഓവര്‍ പരമ്പരക്ക് നല്ല ജനക്കൂട്ടമുണ്ടായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് നേരിടുന്ന പ്രതിസന്ധിയുടെ ആഴമാണ് ഈ പരമ്പരയുടെ ടിക്കറ്റ് വില്‍പന തെളിയിക്കുന്നത്.
 

Latest News