മൊഹാലി - പൂര്‍ണ കരുത്തുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കാത്ത മുഹമ്മദ് ഷമി വീണുകിട്ടിയ അവസരം എറിഞ്ഞുവീഴ്ത്തി മുതലാക്കി. ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ മുഹമ്മദ് സിറാജ് ആറ് വിക്കറ്റ് വീഴ്ത്തുന്നത് പുറത്തിരുന്ന് കാണേണ്ടി വന്ന സീനിയര്‍ താരം ഓസ്‌ട്രേലിയക്കെതിരെ സിറാജിന് വിശ്രമം നല്‍കിയപ്പോള്‍ അവസരത്തിനൊത്തുയര്‍ന്നു. കരിയര്‍ ബെസ്റ്റ് പ്രകടനത്തോടെ ഷമി 51 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ മത്സരം ഇന്ത്യ അനായാസം അഞ്ചു വിക്കറ്റിന് ജയിച്ചു. പ്രമുഖ കളിക്കാര്‍ക്ക് വിശ്രമം നല്‍കിയ മത്സരത്തില്‍ കെ.എല്‍ രാഹുലാണ് ഇന്ത്യയെ നയിച്ചത്. സ്‌കോര്‍: ഓസ്‌ട്രേലിയ 50 ഓവറില്‍ 276, ഇന്ത്യ 48.4 ഓവറില്‍ അഞ്ചിന് 281.
മുന്‍നിരയിലെ ഏഴ് പേരില്‍ ആറും 29 റണ്‍സെങ്കിലും സ്‌കോര്‍ ചെയ്‌തെങ്കിലും ഓസീസിന് മികച്ച സ്‌കോറിലെത്താനായില്ല. ഓപണര്‍ ഡേവിഡ് വാണര്‍ (53 പന്തില്‍ 52) മാത്രം അര്‍ധ ശതകം തികച്ച ഇന്നിംഗ്‌സില്‍ ഓസീസ് അവസാന പന്തില്‍ ഓളൗട്ടായി. റണ്ണൗട്ടായ ശ്രേയസ് അയ്യര്‍ (3) ഒഴികെ ഇന്ത്യന്‍ ബാറ്റര്‍മാരെല്ലാം കരുത്തുകാട്ടി. ശുഭ്മന്‍ ഗില്ലും (63 പന്തില്‍ 74) ഋതുരാജ് ഗെയ്ക്‌വാദും (77 പന്തില്‍ 71) ഓപണിംഗ് വിക്കറ്റില്‍ 21.1 ഓവറില്‍ 142 റണ്‍സടിച്ചതോടെ ഇന്ത്യ പാതിവഴി പിന്നിട്ടു. ഇശാന്‍ കിഷന്‍ (26 പന്തില്‍ 18) പരുങ്ങിയെങ്കിലും കെ.എല്‍ രാഹുലും (63 പന്തില്‍ 58 നോട്ടൗട്ട്) സൂര്യകുമാര്‍ യാദവും (49 പന്തില്‍ 50) ഇന്ത്യയെ ലക്ഷ്യം കടത്തി. തുടക്കത്തില്‍ ആഡം സാംപക്കെതിരെ മുട്ടിടിച്ച ഇരുവര്‍ക്കും പലതവണ ജീവന്‍ കിട്ടി. പിന്നീട് ഉറച്ചു കളിക്കുകയും ആറാം വിക്കറ്റില്‍ പതിനാലോവറില്‍ 80 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു.
നേരത്തെ നാല്‍പത്തേഴാം ഓവറില്‍ അഞ്ചിന് 248 ലെത്തിയ ഓസീസ് മുന്നൂറിനോടടുക്കേണ്ടതായിരുന്നു. ജോഷ് ഇന്‍ഗ്ലിസും മാര്‍ക്കസ് സ്‌റ്റോയ്‌നിസും തകര്‍ത്തടിക്കുകയായിരുന്നു. എന്നാല്‍ അടുത്ത ഒമ്പത് പന്തില്‍ ഷമി മൂന്ന് വിക്കറ്റെടുത്തു. രണ്ടാം തവണയാണ് ഷമി ഏകദിനത്തില്‍ അഞ്ചു വിക്കറ്റെടുക്കുന്നത്.
ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ടീമിന് ആദ്യ ബ്രെയ്ക് ത്രൂ സമ്മാനിച്ചത് ഷമിയാണ്. നാലാമത്തെ പന്തില്‍ മിച്ചല്‍ മാര്‍ഷ് വൈഡ് സ്ലിപ്പില്‍ പിടികൊടുത്തു. ഡേവിഡ് വാണറും സ്റ്റീവന്‍ സ്മിത്തും 94 റണ്‍സ് കൂട്ടുകെട്ടിലൂടെ ഓസീസിനെ കരകയറ്റി. സ്മിത്തിന്റെ സ്റ്റമ്പുകള്‍ ക്ലീനാക്കി വീണ്ടും ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഷമിയാണ്. മാര്‍നസ് ലാബുഷൈനെ (39) ഫീല്‍ഡിംഗ് പിഴവിനു ശേഷം ഒരല്‍പം ഭാഗ്യത്തിലൂടെ രാഹുല്‍ സ്റ്റമ്പ് ചെയ്തു. രാഹുലിന്റെ മറ്റൊരു ഫീല്‍ഡിംഗ് പിഴവ് കാമറൂണ്‍ ഗ്രീനിന്റെ (31) റണ്ണൗട്ടിലാണ് കലാശിച്ചത്. പിന്നീട് ഇന്‍ഗ്ലിസും (45 പന്തില്‍ 45) സ്റ്റോയ്‌നിസും 43 പന്തില്‍ 62 റണ്‍സടിച്ച് വേഗം കൂട്ടി. 28 റണ്‍സിനിടെ ഓസീസിന് അവസാന നാല് വിക്കറ്റ് നിലംപതിച്ചു.
ഏതാണ്ട് രണ്ടു വര്‍ഷത്തിനു ശേഷം ഏകദിനം കളിക്കുന്ന ആര്‍. അശ്വിന്‍ 47 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. പരിക്കിനു ശേഷം തിരിച്ചുവന്ന ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് ഒമ്പത് പന്തില്‍ 21 റണ്‍സുമായി പുറത്താവാതെ നിന്നു.






