ഇന്ത്യന്‍  താരങ്ങള്‍ക്ക് വിസ നിഷേധിച്ചു, ഏഷ്യാഡില്‍ നയന്ത്രപ്പോര് 

ന്യൂദല്‍ഹി - ചൈന അവരുടേതാണെന്ന് വാദിക്കുന്ന അരുണാചല്‍പ്രദേശില്‍ നിന്നുള്ള മൂന്ന് വനിതാ വുഷു താരങ്ങള്‍ക്ക് ഏഷ്യന്‍ ഗെയിംസിന് വിസ നിഷേധിച്ചതോടെ ഇന്ത്യയും ചൈനയും തമ്മില്‍ നയതന്ത്രപ്പോര് മുറുകുന്നു. ഏഷ്യാഡിനായി പോകാനിരുന്ന സ്‌പോര്‍ട്‌സ് മന്ത്രി അനുരാഗ് ഠാക്കൂര്‍ സന്ദര്‍ശനം റദ്ദാക്കി. അരുണാചല്‍ എന്ന് ഇന്ത്യ വിളിക്കുന്ന പ്രദേശത്തെ ചൈന തങ്ങളുടെ ഭാഗമാക്കി സൗത്ത് തിബത്ത് എന്നാണ് പറയുന്നത്. 
ന്യേമന്‍ വാംഗ്‌സു, ഒനീലു ടേഗ, മെപുംഗ് ലാംഗു എന്നിവര്‍ക്കാണ് വിസ നിഷേധിക്കപ്പെട്ടത്. ഞായറാഴ്ചാണ് അവരുടെ മത്സരം. വാംഗ്‌സുവിന് വിമാനത്തില്‍ കയറാനായില്ല. ഹോങ്കോംഗ് വരെയേ യാത്ര അനുവദിക്കൂ എന്ന് മറ്റു രണ്ടു പേര്‍ക്കും നിര്‍ദേശം ലഭിച്ചു. വുഷു ടീമിലെ മറ്റു പത്തു പേര്‍ ചൈനയിലെത്തി. ചൈനയിലെ ഷെംഗ്ദുവില്‍ നടന്ന ലോക യൂനിവേഴ്‌സിറ്റി ഗെയിംസിന് മൂവര്‍ക്കും പേപ്പര്‍ വിസ അനുവദിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്ത്യ വുഷു ടീമിനെ പിന്‍വലിക്കുകയായിരുന്നു. 
ആര്‍ക്ക്, ഏതു തരം വിസ നല്‍കണമെന്നത് ചൈനയുടെ അധികാരപരിധിയിലുള്ള കാര്യമാണെന്നും മൂവര്‍ക്കും അനുവദിച്ച വിസ അവര്‍ സ്വീകരിച്ചില്ലെന്നും ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ ഓണററി വൈസ് പ്രസിഡന്റ് വെയ് ജിഷോംഗ് വിശദീകരിച്ചു.  സാധാരണഗതിയില്‍ ഏഷ്യാഡ് പോലുള്ള കായിക മാമാങ്കങ്ങള്‍ക്ക് ആതിഥേയ രാജ്യം നല്‍കുന്ന അക്രഡിറ്റേഷന്‍ തന്നെ വിസയായി പരിഗണിക്കുകയാണ് ചെയ്യുക. അതിനാല്‍ ഇവര്‍ക്ക് പ്രത്യേക വിസ ആവശ്യമില്ല. എന്നാല്‍ അക്രഡിറ്റേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റാത്ത രൂപത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. 

Latest News