ഏഷ്യാഡ് വോളി: വീണ്ടും ഇന്ത്യന്‍ അട്ടിമറി

ഹാംഗ്ഷു - മൂന്നു തവണ ചാമ്പ്യന്മാരും നിലവിലെ റണ്ണേഴ്‌സഅപ്പായ തെക്കന്‍ കൊറിയക്കു പിന്നാലെ ഉയര്‍ന്ന റാങ്കുകാരായ ചൈനീസ് തായ്‌പെയിയെയും തോല്‍പിച്ച് ഇന്ത്യ ഏഷ്യന്‍ ഗെയിംസിന്റെ പുരുഷ വോളിബോളില്‍ ആദ്യ ആറില്‍. കഴിഞ്ഞ തവണ വെങ്കലം നേടിയ തായ്‌പെയിയെ 25-22, 25-22, 25-21 നാണ് തോല്‍പിച്ചത്. ഏഷ്യന്‍ ഒന്നാം നമ്പര്‍ ജപ്പാനുമായാണ് ഇനി കളിക്കേണ്ടത്. ജയിച്ചാല്‍ സെമിഫൈനലിലെത്താം. 
ആദ്യ സെറ്റില്‍ തായ്‌പെയിയുടെ സെര്‍വിസിനു മുന്നില്‍ മുട്ടിടിച്ച ഇന്ത്യ 19-21 വരെ പിന്നിലായിരുന്നു. അപ്പാവു മുത്തുസ്വാമിയാണ് 21-21 ല്‍ സ്‌കോര്‍ ഒപ്പമെത്തിച്ചത്. അവസാന 12 പോയന്റില്‍ പത്തും നേടി ഇന്ത്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ഇന്ത്യയായിരുന്നു മുന്നില്‍. എന്നാല്‍ 17-17 ല്‍ സ്‌കോര്‍ തുല്യമായി. ടൈംഔട്ട് വിളിച്ച ഇന്ത്യ അമിതിലൂടെ തിരിച്ചുവന്നു. മൂന്നാം ഗെയിമില്‍ 12-6 ന്റെ ലീഡ് ഇന്ത്യ കളഞ്ഞുകുളിച്ചു. 15-15 ല്‍ തായ്‌പെയ് തിരിച്ചുവന്നു. അശ്വലിന്റെ സെര്‍വിസ് പോയന്റാണ് ഇന്ത്യയെ രക്ഷിച്ചത്. 
ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ സിംഗപ്പൂരിനെ തോല്‍പിച്ചു. 

Latest News