മൊഹാലി - പെയ്സ്ബൗളര്‍ മുഹമ്മദ് ഷമി അഞ്ചു വിക്കറ്റെടുത്തതോടെ ഇന്ത്യക്കെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഓസ്ട്രേലിയ 276 ന് ഓളൗട്ടായി. നാല്പത്തേഴാം ഓവറില്‍ അഞ്ചിന് 248 ലെത്തിയ ഓസീസ് 290 ലേക്കെത്തുമെന്നാണ് കരുതിയത്. ജോഷ് ഇന്ഗ്ലിസും മാര്‍ക്കസ് സ്റ്റോയ്നിസും തകര്‍ത്തടിക്കുകയായിരുന്നു. എന്നാല്‍ അടുത്ത ഒമ്പത് പന്തില്‍ ഷമി മൂന്ന് വിക്കറ്റെടുത്തു. രണ്ടാം തവണയാണ് ഷമി ഏകദിനത്തില്‍ അഞ്ചു വിക്കറ്റെടുക്കുന്നത്. 5-51 കരിയറിലെ മികച്ച പ്രകടനമാണ്. മറുപടിയായി ഋതുരാജ് ഗെയ്ക്വാദും ശുഭ്മന്‍ ഗില്ലും പത്തോവറില്‍ വിക്കറ്റ് പോവാതെ 60 റണ്‍സ് പിന്നിട്ടു.
ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ടീമിന് ആദ്യ ബ്രെയ്ക് ത്രൂ സമ്മാനിച്ചതും ഷമിയാണ്. നാലാമത്തെ പന്തില്‍ മിച്ചല്‍ മാര്‍ഷ് വൈഡ് സ്ലിപ്പില്‍ പിടികൊടുത്തു. ഡേവിഡ് വാണറും സ്റ്റീവന്‍ സ്മിത്തും 94 റണ്‍സ് കൂട്ടുകെട്ടിലൂടെ ഓസീസിനെ കരകയറ്റി. സ്മിത്തിന്റെ സ്റ്റമ്പുകള്‍ ക്ലീനാക്കി വീണ്ടും ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഷമിയാണ്. മാര്‍നസ് ലാബുഷൈനെ (39) ഫീല്‍ഡിംഗ് പിഴവിനു ശേഷം ഒരല്പം ഭാഗ്യത്തിലൂടെ കെ.എല്‍ രാഹുല്‍ സ്റ്റമ്പ് ചെയ്തു. രാഹുല്‍ മറ്റൊരു ഫീല്‍ഡിംഗ് പിഴവ് കാമറൂണ്‍ ഗ്രീനിന്റെ (31) റണ്ണൗട്ടിലാണ് കലാശിച്ചത്. പിന്നീട് ഇന്ഗ്ലിസും (45 പന്തില്‍ 45) സ്റ്റോയ്നിസും 43 പന്തില്‍ 62 റണ്‍സടിച്ച് വേഗം കൂട്ടി. 28 റണ്‍സിനിടെ ഓസീസിന് അവസാന നാല് വിക്കറ്റ് നിലംപതിച്ചു. ഓസീസിന്റെ ആദ്യ ഏഴ് ബാറ്റര്‍മാരില്‍ ആറു പേരും 29 റണ്‍സെങ്കിലും സ്കോര്‍ ചെയ്തെങ്കിലും ഡേവിഡ് വാണറൊഴികെ (53 പന്തില്‍ 52) ആരും അര്‍ധ ശതകം തികച്ചില്ല.
ഏതാണ്ട് രണ്ടു വര്‍ഷത്തിനു ശേഷം ഏകദിനം കളിക്കുന്ന ആര്. അശ്വിന് 47 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.






