Sorry, you need to enable JavaScript to visit this website.

ഡേവിസ് കപ്പ്: ഇന്ത്യ കളിക്കേണ്ടത് പാക്കിസ്ഥാനില്‍

ന്യൂദല്‍ഹി - മൊറോക്കോയെ 4-1 ന് തകര്‍ത്ത ഇന്ത്യന്‍ ടെന്നിസ് ടീം ഡേവിസ് കപ്പിന്റെ ലോക ഗ്രൂപ്പ് പ്ലേഓഫില്‍ നേരിടേണ്ടത് പാക്കിസ്ഥാനെ. അടുത്ത വര്‍ഷം നടക്കുന്ന മത്സരത്തില്‍ പാക്കിസ്ഥാനാണ് ആതിഥേയര്‍. മത്സരത്തിയ്യതിയും ഏത് പ്രതലമെന്നും തെരഞ്ഞെടുക്കാനുള്ള അവകാശം പാക്കിസ്ഥാനായിരിക്കും. ഗ്രാസ് കോര്‍ടിലാണ് കളിക്കുകയെന്ന് പാക് ടെന്നിസ് ഫെഡറേഷന്‍ പ്രസിഡന്റ് സലീം സയ്ഫുല്ല ഖാന്‍ വെളിപ്പെടുത്തി. ഇന്തോനേഷ്യയെ 5-0 ന് തോല്‍പിച്ചാണ് അവര്‍ പ്ലേഓഫിന് അര്‍ഹത നേടിയത്. 
2019 ലും ഇന്ത്യ് പ്ലേഓഫില്‍ നേരിട്ടത് പാക്കിസ്ഥാനെയായിരുന്നു. അന്ന് സുരക്ഷാ കാരണങ്ങളാല്‍ മത്സരം കസാഖിസ്ഥാനിലേക്ക് മാറ്റി. അതില്‍ പ്രതിഷേധിച്ച് മുന്‍നിര കളിക്കാരായ അയ്‌സാമുല്‍ ഹഖ് ഖുറൈശിയും അഖീല്‍ ഖാനും ആ മത്സരം കളിച്ചില്ല. ഇത്തവണ ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ കളിക്കുമെന്നാണ് കരുതുന്നതെന്ന് അഖീല്‍ ഖാന്‍ പറഞ്ഞു. ലിത്വാനിയ, സ്ലൊവാക്യ, കൊറിയ, ഇറാന്‍, തായ്‌ലന്റ് ടീമുകള്‍ പാക്കിസ്ഥാനില്‍ കളിച്ചിട്ടുണ്ടെന്നും മറ്റൊരു രാജ്യത്ത് കളി നടത്തുന്ന പ്രശ്‌നമില്ലെന്നും അവര്‍ പ്രഖ്യാപിച്ചു. പാക്കിസ്ഥാനെ ഇതുവരെ ഏഴു തവണ നേരിട്ടപ്പോഴും ഇന്ത്യക്കായിരുന്നു ജയം. 
മൊറോക്കോക്കെതിരായ വിജയം രോഹന്‍ ബൊപ്പണ്ണയുടെ അവസാന ഡേവിസ് കപ്പ് മത്സരം കൂടിയായിരുന്നു. 

Latest News