Sorry, you need to enable JavaScript to visit this website.

കളി പൂര്‍ത്തിയാക്കാതെ ഇന്ത്യ സെമിയില്‍

ഹാംഗ്ഷു - ഇന്ത്യ, പാക്കിസ്ഥാന്‍ വനിതാ ടീമുകള്‍ ഏഷ്യന്‍ ഗെയിംസിന്റെ ക്രിക്കറ്റില്‍ നനയാതെ സെമി ഫൈനലിലെത്തി. ഇരു ടീമുകളുടെയും കളികള്‍ മഴ തടസ്സപ്പെടുത്തുകയായിരുന്നു. മലേഷ്യക്കെതിരായ മത്സരത്തില്‍ 15 ഓവറില്‍ ഇന്ത്യ രണ്ടിന് 173 റണ്‍സെടുക്കുമ്പോഴും മഴ ഇടങ്കോലിടുകയായിരുന്നു. ജെമീമ റോഡ്രിഗസ് (29 പന്തില്‍ പുറത്താവാതെ 47), അഞ്ച് സിക്‌സറുമായി ശഫാലി വര്‍മ (30 പന്തില്‍ 67) എന്നിവര്‍ അടിച്ചുതകര്‍ത്തു. കളി പുനരാരംഭിച്ചപ്പോള്‍ മലേഷ്യ രണ്ട് പന്തില്‍ ഒരു റണ്ണെടുത്തു. വീണ്ടും പെയ്ത മഴ കാരണം കളി ഉപേക്ഷിക്കേണ്ടി വന്നു. ഇന്തോനേഷ്യ-പാക്കിസ്ഥാന്‍ മത്സരത്തില്‍ ഒരു പന്ത് പോലും എറിയാനായില്ല.  
ഉയര്‍ന്ന റാങ്കിംഗ് കണക്കിലെടുത്താണ് ഇന്ത്യക്കും പാക്കിസ്ഥാനും സെമി ബെര്‍ത്ത് ലഭിച്ചത്. ബംഗ്ലാദേശ്-ഹോങ്കോംഗ് മത്സര വിജയികളെ ഇന്ത്യ സെമിയില്‍ നേരിടും. ശ്രീലങ്കയെയോ തായ്‌ലന്റിനെയോ ആണ് പാക്കിസ്ഥാന്‍ നേരിടുക. ഏഷ്യാഡ് ക്രിക്കറ്റില്‍ ഇന്ത്യയുടെ അരങ്ങേറ്റമായിരുന്നു ഇത്. 2010 ലും 2014 ലും ഏഷ്യാഡില്‍ ക്രിക്കറ്റ് മത്സര ഇനമായിരുന്നപ്പോള്‍ പാക്കിസ്ഥാനായിരുന്നു ചാമ്പ്യന്മാര്‍. 
ഫുട്‌ബോളില്‍ നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യന്‍ പുരുഷ ടീം. ആദ്യ കളിയില്‍ ചൈനയോട് തകര്‍ന്ന സുനില്‍ ഛേത്രിയും കൂട്ടരും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ 1-0 ന് തോല്‍പിച്ചു. സിയാവോഷാന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഛേത്രിയുടെ പെനാല്‍ട്ടിയാണ് ഇന്ത്യക്ക് നേരിയ 1-0 വിജയം സമ്മാനിച്ചത്. വനിതാ ടീം ആദ്യ കളിയില്‍ അഞ്ജു തമാംഗിലൂടെ ലീഡ് നേടിയ ശേഷം ചൈനീസ് തായ്‌പെയോട് 1-2 ന് കീഴടങ്ങി. പുരുഷ വിഭാഗത്തില്‍ സൗദി അറേബ്യ 3-0 ന് മംഗോളിയയെ തോല്‍പിച്ചു. ആദ്യ കളിയില്‍ സൗദിയും ഇറാനും സമനില വഴങ്ങിയിരുന്നു. 
10 സെക്കന്റ് ഇടവേളയില്‍ നാലെണ്ണമുള്‍പ്പെടെ നിരവധി അവസരങ്ങളാണ് ഇന്ത്യ തുലച്ചത്. കുട്ടിയുടെ ജനനത്തോടനുബന്ധിച്ച് പ്രി സീസണ്‍ ട്രയ്‌നിംഗില്‍ പൂര്‍ണമായി പങ്കെടുക്കാത്തതിനാല്‍ ഛേത്രിയെ മുഴുസമയം കളിപ്പിക്കാന്‍ കോച്ച് ഇഗോര്‍ സ്റ്റിമാച് ആഗ്രഹിച്ചിട്ടുണ്ടാവില്ല. എന്നാല്‍ ചൈനക്കെതിരെ 85 മിനിറ്റും ബംഗ്ലാദേശിനെതിരെ 94 മിനിറ്റും ക്യാപ്റ്റന്‍ കളിച്ചു. 
പുതുതായി ടീമിനൊപ്പം ചേര്‍ന്ന ലെഫ്റ്റ്ബാക്ക് ചിന്‍ഗ്ലന്‍സാന സിംഗും ഗോള്‍കീപ്പര്‍ ധീരജ് സിംഗും മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ടാം പകുതിയില്‍ ഗോളെന്നുറച്ച അവസരത്തില്‍ ബോക്‌സ് വിട്ടിറങ്ങിയാണ് ധീരജ് രക്ഷകനായത്. രണ്ടാം പകുതിയില്‍ ബംഗ്ലാദേശിനായിരുന്നു ആധിപത്യം. 85ാം മിനിറ്റില്‍ ബ്രെയ്‌സ് മിരാന്‍ഡയെ ബംഗ്ലാദേശ് ക്യാപ്റ്റന്‍ റഹ്മത് മിയ അനാവശ്യമായി ബോക്‌സില്‍ വീഴ്ത്തിയപ്പോഴാണ് ഇന്ത്യക്ക് അപ്രതീക്ഷിതമായി ഗോളവസരം തുറന്നു കിട്ടിയത്. 

Latest News