Sorry, you need to enable JavaScript to visit this website.

45 രാജ്യങ്ങള്‍, 481 മെഡല്‍ ഇനങ്ങള്‍, ഏഷ്യാഡിനെക്കുറിച്ച് എല്ലാം

ഹാംഗ്ഷു - നാല്‍പത്തഞ്ച് രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കായികതാരങ്ങള്‍ വന്നിറങ്ങിയിട്ടും നിറങ്ങളില്‍ കുളിച്ചുനില്‍ക്കുന്ന ഏഷ്യന്‍ ഗെയിംസ് നഗരി ആലസ്യം വിട്ടുണര്‍ന്നില്ല. കഴിഞ്ഞ സെപ്റ്റംബറില്‍ നടക്കേണ്ട ഏഷ്യാഡ് കോവിഡ് കാരണമാണ് കൃത്യം ഒരു വര്‍ഷം നീട്ടിയത്. അതിനാല്‍ സൗകര്യങ്ങളൊക്കെ നേരത്തെ സജ്ജമായിരുന്നു. 40 കായിക ഇനങ്ങളില്‍ 481 സ്വര്‍ണ മെഡലുകള്‍ക്കായി നടക്കുന്ന പോരാട്ടങ്ങളില്‍ ഒളിംപിക് ചാമ്പ്യന്മാര്‍ ഉള്‍പ്പെടെ മത്സരിക്കുന്നുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ പന്ത്രണ്ടായിരത്തോളം പേര്‍ മത്സരിക്കും. പാരിസ് ഒളിംപിക്‌സില്‍ പങ്കെടുക്കുക 10,500 പേര്‍ മാത്രമാണ്. ബോക്‌സിംഗും ബ്രെയ്ക്ഡാന്‍സിംഗും ടെന്നിസും ഹോക്കിയും മുതല്‍ ഒമ്പതിനങ്ങള്‍ക്ക് പാരിസ് ഒളിംപിക്‌സിന്റെ യോഗ്യതാ ടൂര്‍ണമെന്റുകളെന്ന പ്രാധാന്യം കൂടിയുണ്ട്. ആര്‍ച്ചറി, ആര്‍ടിസ്റ്റിക് സ്വിമ്മിംഗ്, പെന്റാത്തലണ്‍, സയ്‌ലിംഗ്, വാട്ടര്‍പോളൊ എന്നിവയാണ് മറ്റിനങ്ങള്‍. 
2022 ല്‍ അതിശക്തമായ കോവിഡ് നിയന്ത്രണങ്ങളോടെ വിന്റര്‍ ഒളിംപിക്‌സ് സംഘടിപ്പിച്ച ചൈനക്ക് തങ്ങളുടെ സംഘാടക ശേഷി വിളംബരം ചെയ്യാനുള്ള മറ്റൊരവസരം കൂടിയാണ് ഇത്. പുതുതായി നിര്‍മിച്ച പതിനാലെണ്ണമുള്‍പ്പെടെ 54 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. 3000 കിലോമീറ്റര്‍ അകലെയുള്ള വെന്‍ഷൂവില്‍ വരെ ചില വേദികളുണ്ട്. എന്നാല്‍ പ്രധാന ആകര്‍ഷണം താമര സ്റ്റേഡിയമാണ്. 80,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ അത്‌ലറ്റിക്‌സുള്‍പ്പെടെ മത്സരങ്ങളും ഉദ്ഘാടന, സമാപനച്ചടങ്ങുകളും നടക്കും. ഉദ്ഘാടനച്ചടങ്ങില്‍ ചൈനീസ് പ്രസിഡന്റ ഷി ജിന്‍പിംഗ്, സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍അസദ് തുടങ്ങിയവര്‍ പങ്കെടുക്കും. പൗരാണിക ക്ഷേത്രങ്ങള്‍ക്ക് പ്രസിദ്ധമായ ഹാംഗ്ഷുവിന്റെ പ്രധാന ആകര്‍ഷണം വെസ്റ്റ് ലെയ്ക്കാണ്. 
1982 മുതലുള്ള എല്ലാ ഏഷ്യന്‍ ഗെയിംസിലും ചൈനയാണ് മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2018 ലെ ജക്കാര്‍ത്ത ഏഷ്യാഡില്‍ അവര്‍ മുന്നൂറിലേറെ മെഡല്‍ നേടി. ജപ്പാനും തെക്കന്‍ കൊറിയയുമാണ് രണ്ടാം സ്ഥാനത്തിന് മത്സരിക്കുക. പുരുഷ ജാവലിന്‍ ത്രോയില്‍ നിലവിലെ ഏഷ്യാഡ്, ഒളിംപിക്‌സ്, ലോക ചാമ്പ്യനായ നീരജ് ചോപ്രക്ക് പാക്കിസ്ഥാന്റെ അര്‍ഷദ് നദീമായിരിക്കും പ്രധാന വെല്ലുവിളി. ഇ-സ്‌പോര്‍ട്‌സ് ഇത്തവണ മെഡല്‍ ഇനമാണ്. ചൈനീസ് ചെസ്സായ സിയാംഗ്ക്വി, ബ്രിഡ്ജ്, കുറാഷ് തുടങ്ങിയവയും മത്സര ഇനങ്ങളാണ്. 

Latest News