മാറിമറിഞ്ഞ് ഇഞ്ചുറി ടൈം, ഏഴ് ഗോള്‍ ത്രില്ലറില്‍ ബയേണ്‍

മ്യൂണിക് - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ നാടകീമായ ഗ്രൂപ്പ് മത്സരത്തില്‍ ബയേണ്‍ മ്യൂണിക് ഹോം മത്സരത്തില്‍ 4-3 ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പിച്ചു. ആദ്യ പകുതിയില്‍ 2-0 ന് മുന്നിലെത്തിയ ബയേണിനെതിരെ രണ്ടാം പകുതിയിലാണ് യുനൈറ്റഡ് തിരിച്ചടിച്ചത്. 88 ാം മിനിറ്റില്‍ കസിമീര നേടിയ ഗോള്‍ യുനൈറ്റഡിനെ 2-3 ലെത്തിച്ചു നില്‍ക്കെ. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ മാതിസ് ടെല്‍ ആതിഥേയ ടീമിന്റെ ലീഡ് 4-2 ആയി ഉയര്‍ത്തി. എന്നാല്‍ തൊട്ടുപിന്നാലെ കസിമീരൊ വീണ്ടും സ്‌കോര്‍ ചെയ്യുകയും സമനില ഗോളിനായി യുനൈറ്റഡ് ആഞ്ഞടിക്കുകയും ചെയ്തു. എന്നാല്‍ 4-3 വിജയവുമായി ബയേണ്‍ രക്ഷപ്പെട്ടു. 1999 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇഞ്ചുറി ടൈമിലെ ഇരട്ട ഗോളില്‍ ബയേണിനെ യുനൈറ്റഡ് തോല്‍പിച്ചിരുന്നു. 
ലിറോയ് സാനെയുടെയും (28ാം മിനിറ്റ്) സെര്‍ജി ഗനാബ്രിയുടെയും (32) ഗോളുകളില്‍ ആധിപത്യം നേടിയ ബയേണിനെതിരെ 49ാം മിനിറ്റിലെ റാസ്മസ് ഹോയ്‌ലന്റിന്റെ ഗോളിലൂടെ യുനൈറ്റഡ് തിരിച്ചുവരാന്‍ ശ്രമിച്ചതായിരുന്നു. എന്നാല്‍ ഹാരി കെയ്‌നിന്റെ പെനാല്‍ട്ടി ഗോളിലൂടെ (53) ഉടനെത്തന്നെ ബയേണ്‍ കടിഞ്ഞാണ്‍ തിരിച്ചുപിടിച്ചു. 88ാം മിനിറ്റിലാണ് കളി വീണ്ടും മാറിമറിയുന്നത്. അഞ്ച് കളിയില്‍ മൂന്ന് തോല്‍വികളുമായി പ്രീമിയര്‍ ലീഗ് ആരംഭിച്ച യുനൈറ്റഡിന് ഈ തോല്‍വി മറ്റൊരു തിരിച്ചടിയാണ്. ഗ്രൂപ്പ് എ-യിലെ മറ്റൊരു മത്സരത്തില്‍ ഗലതസറായിയും കോപന്‍ഹാഗനും 2-2 സമനില പാലിച്ചു. 86, 88 മിനിറ്റുകളിലായാണ് ഗലതസറായ് ഗോള്‍ മടക്കിയത്. 
 

Latest News