ഇത് ഒന്നൊന്നര വിജയം, ഇന്ത്യന്‍ ടീം ആഘോഷലഹരിയില്‍

ഹാംഗ്ഷു - ഏഷ്യന്‍ ഗെയിംസിന്റെ പുരുഷ വോളിബോളില്‍ ഇന്ത്യ നേടിയ വിജയം ചരിത്ര സംഭവം. മൂന്നു തവണ ചാമ്പ്യന്മാരും കഴിഞ്ഞ ഏഷ്യാഡിലെ ഫൈനലിസ്റ്റുമായ കൊറിയയെ ആവേശകരമായ അഞ്ച് സെറ്റിലാണ് ഇന്ത്യ അട്ടിമറിച്ചത്. 73ാം റാങ്കുകാരാണ് ഇന്ത്യ, കൊറിയ ലോക അഞ്ചാം നമ്പറും. ആദ്യ ദിനം കംബോഡിയയെ തോല്‍പിച്ച ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയമാണ് ഇത്. ഇതോടെ ഇന്ത്യ അടുത്ത റൗണ്ടിലേക്ക് മുന്നേറി. സ്‌കോര്‍: 25-27, 29-27, 25-22, 20-25, 17-15.
1966 നു ശേഷം ഏഷ്യാഡില്‍ പങ്കെടുത്തപ്പോഴൊക്കെ മെഡല്‍ നേടിയ ടീമാണ് തെക്കന്‍ കൊറിയ. അതേസമയം ഇന്ത്യന്‍ ടീം അവസാനമായി മെഡല്‍ നേടിയിട്ട് 37 വര്‍ഷമായി. 1958 ലും 1986 ലും വെങ്കലവും 1962 ല്‍ വെള്ളിയും. കഴിഞ്ഞ ഏഷ്യാഡില്‍ പുരുഷ ടീം 20 ടീമുകളില്‍ പന്ത്രണ്ടാമതും വനിതാ ടീം 11 ടീമുകളില്‍ പത്താമതുമായിരുന്നു. 
ഏഷ്യയിലെ നാലാമത്തെ മികച്ച ടീമാണ് കൊറിയ. ഇന്ത്യ 24 ടീമുകളില്‍ പത്തൊമ്പതാമതും. 14 തവണ ഏഷ്യാഡില്‍ പങ്കെടുത്തപ്പോഴും കൊറിയ ഏതെങ്കിലുമൊരു മെഡല്‍ നേടിയിട്ടുണ്ട്. 1978 ലും 2002 ലും 2006 ലും ചാമ്പ്യന്മാരായിരുന്നു. ഏഴു തവണ ഫൈനലില്‍ തോറ്റു. കൊറിയക്കെതിരെ അവസാന ആറു കളികളില്‍ ഇന്ത്യയുടെ ആദ്യ ജയമാണ് ഇത്. കഴിഞ്ഞ 11 മത്സരങ്ങളില്‍ രണ്ടെണ്ണമേ കൊറിയ തോറ്റിട്ടുള്ളൂ. ഈയിടെ ഇറാനില്‍ നടന്ന ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കൊറിയ അഞ്ചാം സ്ഥാനത്തായിരുന്നു. ഇന്ത്യ പതിനൊന്നാമതും.
 

Latest News