ഹാംഗ്ഷു - പതിമൂന്നാം നൂറ്റാണ്ടിലെ സഞ്ചാരി മാര്‍ക്കൊപോളൊ ലോകത്തിലെ ഏറ്റവും സുന്ദര നഗരമെന്ന് എഴുതിവെച്ച ഹാംഗ്ഷുവില്‍ എക്കാലത്തെയും വലിയ ഏഷ്യന്‍ ഗെയിംസിന് ശനിയാഴ്ച തിരിതെളിയും. പന്ത്രണ്ടായിരത്തോളം കായിക താരങ്ങള്‍ ഏറ്റവും വലിയ കായികമാമാങ്കത്തില്‍ പങ്കെടുക്കും. കംപ്യൂട്ടര്‍ സ്റ്റാര്‍ടപ്പുകള്‍ക്ക് പേരെടുത്ത നയനമനോഹരമായ ഈ നഗരം ചൈനയുടെ സിലിക്കണ്‍ വാലി എന്നാണ് അറിയപ്പെടുന്നത്. അതിനൂതന സാങ്കേതികവിദ്യകളുടെ ഷോ കൂടിയായിരിക്കും ഈ ഏഷ്യാഡ്. റോബോട് നായകളും മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യയും ഡ്രൈവറില്ലാത്ത ബസ്സുമൊക്കെ ഹാംഗ്ഷു അവതരിപ്പിക്കുന്നുണ്ട്. ആംഗ്യം തിരിച്ചറിയുന്ന എ.ഐ സുന്ദരി സിയോമോ സന്ദര്‍ശകരെ സഹായിക്കും. ഷാംഗ്ഹായ് നഗരത്തില്‍ നിന്ന് 160 കി.മീ ദൂരെയാണ് ഹാംഗ്ഷു, ബുള്ളറ്റ് ട്രയ്‌നില്‍ ഒരു മണിക്കൂര്‍ യാത്രാ ദൂരം.
നഗരത്തിനു പുറത്തുള്‍പ്പെടെ 50 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. താമരപ്പൂ പോലെ വിടര്‍ന്നുനില്‍ക്കുന്ന, 60,000 പേര്‍ക്കിരിക്കാവുന്ന ഒളിംപിക് സ്‌പോര്‍ട്‌സ് സെന്ററിലാണ് ഉദ്ഘാടന, സമാപനച്ചടങ്ങുകള്‍. ഇതുവരെ ഫുട്‌ബോള്‍ സ്‌റ്റേഡിയമായിരുന്നു അത്. ടെന്നിസ്, നീന്തല്‍ തുടങ്ങി നിരവധി മത്സരങ്ങള്‍ ഇവിടെ നടക്കും.
നഗരത്തിനുള്ളിലെ മിനി നഗരമായ 280 ഏക്കര്‍ വിസ്തൃതിയിലുള്ള ഗെയിംസ് ഗ്രാമത്തില്‍ 20,000 പേരെ ഉള്‍ക്കൊള്ളും. രണ്ട് മെട്രൊ സ്റ്റേഷനുകള്‍ ഗ്രാമത്തിലുണ്ട്. നാലായിരം പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ളതാണ് ഊട്ടുപുര.






