ഹാംഗ്ഷു - ഏഷ്യന്‍ ഗെയിംസിന്റെ ശനിയാഴ്ച ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുന്ന കളിക്കാരുടെ പേരുകള്‍ പുറത്തുവിട്ടു. പുരുഷ ഹോക്കി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗും വനിതാ ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗഹൈനുമായിരിക്കും ഇന്ത്യന്‍ സംഘത്തെ നയിക്കുകയെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അറിയിച്ചു. ആകെ 655 അത്‌ലറ്റുകളാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. 39 ഇനങ്ങളില്‍ ഇന്ത്യ മത്സരിക്കും. ആദ്യമായാണ് ഇത്ര വലിയ സംഘത്തെ ഏഷ്യാഡില്‍ ഇന്ത്യ പങ്കെടുപ്പിക്കുന്നത്. 2018 ലെ ജക്കാര്‍ത്ത ഏഷ്യാഡില്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയാണ് പതാകയേന്തിയത്. ഇത്തവണ രണ്ടു പേരെ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് സംഘത്തലവന്‍ ഭൂപേന്ദര്‍ സിംഗ് ബജ്‌വ അറിയിച്ചു. ടോക്കിയൊ ഒളിംപിക്‌സിലെ വെങ്കല മെഡലുകാരിയാണ് ലവ്‌ലിന. നിലവിലെ ലോക ചാമ്പ്യനാണ്. ഹര്‍മന്‍പ്രീത് ടോക്കിയൊ ഒളിംപിക്‌സില്‍ വെങ്കലം നേടിയ ടീമിലെ അംഗമായിരുന്നു. പുരുഷ വോളിബോളില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. മൂന്നു തവണ ചാമ്പ്യന്മാരായ തെക്കന്‍ കൊറിയയെ ആവേശകരമായ അഞ്ചു സെറ്റില്‍ ഇന്ത്യ തോല്‍പിച്ചു. ഇതോടെ ഇന്ത്യ അടുത്ത റൗണ്ടിലേക്ക് മുന്നേറി. സ്‌കോര്‍: 25-27, 29-27, 25-22, 20-25, 17-15.
1966 നു ശേഷം ഏഷ്യാഡില്‍ പങ്കെടുത്തപ്പോഴൊക്കെ മെഡല്‍ നേടിയ ടീമാണ് തെക്കന്‍ കൊറിയ. അതേസമയം ഇന്ത്യന്‍ ടീം അവസാനമായി മെഡല്‍ നേടിയിട്ട് 37 വര്‍ഷമായി. 1958 ലും 1986 ലും വെങ്കലവും 1962 ല്‍ വെള്ളിയും. കഴിഞ്ഞ ഏഷ്യാഡില്‍ പുരുഷ ടീം 20 ടീമുകളില്‍ പന്ത്രണ്ടാമതും വനിതാ ടീം 11 ടീമുകളില്‍ പത്താമതുമായിരുന്നു.
പുരുഷ ഫുട്‌ബോളില്‍ ആദ്യ മത്സരത്തില്‍ ചൈനയോട് 1-5 ന് തകര്‍ന്ന ഇന്ത്യന്‍ ടീം ബംഗ്ലാദേശിനെതിരെ തിരിച്ചുവരാന്‍ ശ്രമിക്കും. വനിതാ ടീമിനും കളിയുണ്ട്.






