ബ്ലാസ്റ്റേഴ്‌സ് x ബംഗളൂരു
വ്യാഴം വൈകു: 5.30
കൊച്ചി - രണ്ടു മാസത്തെ എന്റര്‍ടയ്ന്‍മെന്റ് എന്ന നിലയില്‍ നിന്ന് ഐ.എസ്.എല്‍ ഒരു സീസണ്‍ മുഴുവന്‍ നീളുന്ന യഥാര്‍ഥ ലീഗായി മാറുന്നതിന് വ്യാഴാഴച കൊച്ചിയില്‍ കിക്കോഫ്. കേരളാ ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്.സിയും തമ്മിലുള്ള വാശിയേറുമെന്നു കരുതുന്ന പോരാട്ടത്തോടെ പത്താം എഡിഷന് ഇന്ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തുടക്കമാവും. ഏറ്റവുമധികം മത്സരങ്ങളുള്ള സീസണായിരിക്കും ഇത്. മാത്രമല്ല, സ്ഥാനക്കയറ്റമോ തരംതാഴ്ത്തലോ ഇല്ലാത്ത അടഞ്ഞ ലീഗെന്ന നിലയില്‍ നിന്ന് ഇത്തവണ ഒരു ടീം സ്ഥാനക്കയറ്റം നേടിയിട്ടുണ്ട്. ഐ-ലീഗ് ചാമ്പ്യന്മാരായി പഞ്ചാബ് എഫ്.സിയാണ് ഈ സീസണ്‍ ഐ.എസ്.എല്ലില്‍ കളിക്കുക. അതിനാല്‍ 12 ടീമുകളുണ്ടാവും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തരംതാഴ്ത്തലുമുണ്ടാവും. പ്ലേഓഫ് സാധ്യത അവസാനിക്കുന്നതോടെ തട്ടിമുട്ടി സീസണ്‍ പൂര്‍ത്തിയാക്കുന്ന പതിവ് ഇതോടെ തീരും.
അലസാന്ദ്രൊ ദെല്‍പിയറോയെ പോലുള്ള കളിക്കാര്‍ അലസമായി ഓടിയ പഴയ നിലയില്‍നിന്ന് അത്രയും പ്രശസ്തരല്ലെങ്കിലും ഗൗരവത്തോടെ കളിക്കുന്ന വിദേശ കളിക്കാരുടെ ലീഗ് കൂടിയാവുകയാണ് ഐ.എസ്.എല്‍. 2014 ലെ പ്രഥമ എഡിഷനില്‍ നിന്ന് വ്യത്യസ്തമായി ടീമുകളും ഗൗരവത്തോടെയും തന്ത്രങ്ങള്‍ തയാറാക്കിയുമാണ് പത്താം സീസണിന് ഒരുങ്ങുന്നത്.
കഴിഞ്ഞ വര്‍ഷത്തെ പ്ലേഓഫിലെ അസുഖകരമായ അനുഭവങ്ങള്‍ ഇന്നത്തെ ഉദ്ഘാടന മത്സരത്തിലും അലയടിക്കും. ബംഗളൂരുവിനെതിരായ മത്സരത്തില്‍ റഫറിയുടെ തീരുമാനത്തില്‍ കുപിതനായി കളിക്കാരെ പിന്‍വലിച്ചതിന് ബ്ലാസ്റ്റേഴ്‌സ് കനത്ത ശിക്ഷയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അതിന്റെ പേരില്‍ കോച്ച് ഇവാന്‍ വുകൂമനോവിച്ചിന് നല്‍കിയ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടില്ല. തീര്‍ത്തും വഷളായ റഫറിയിംഗില്‍ നിന്ന് ഏതാണ്ട് ശരാശരി നിലവാരത്തിലേ ഇപ്പോഴും റഫറിയിംഗ് എത്തിയിട്ടുള്ളൂ.
പ്ലേഓഫില്‍ നാലിനു പകരം ഈ സീസണ്‍ മുതല്‍ ആറ് ടീമുകള്‍ക്ക് സ്ഥാനം കിട്ടും. സെര്‍ജിയൊ ലൊബേര, ഓവന്‍ കോയല്‍, കാര്‍ലെസ് ക്വാദ്‌റാത്, ദെസ് ബക്കിംഗാം, യുവാന്‍ ഫെരാണ്ടൊ, സൈമണ്‍ ഗ്രേസന്‍, മനോലൊ മാര്‍ക്വേസ്, വുകൂമനോവിച് എന്നിവരാണ് ഈ സീസണില്‍ വിവിധ ടീമുകളുടെ കളിയാശാന്മാര്‍.
ഏഷ്യന്‍ ഗെയിംസിനായി ചില ക്ലബ്ബുകള്‍ ഇന്ത്യന്‍ ടീമിലേക്ക് കളിക്കാരെ വിട്ടുകൊടുത്തിട്ടുണ്ട. സുനില്‍ ഛേത്രിയും സന്ദേശ് ജിംഗനുമാണ് പ്രമുഖര്‍. എന്നാല്‍ മിക്ക ക്ലബ്ബുകളും അതിന് തയാറായിട്ടില്ല. തുടക്കത്തില്‍ പ്രഖ്യാപിച്ച ഇരുപത്തിരണ്ടംഗ ഇന്ത്യന്‍ ടീമില്‍ 17 പേരും ഐ.എസ്.എല്‍ ക്ലബ്ബുകളുടെ സ്റ്റാര്‍ടിംഗ് ഇലവനില്‍ ഉള്ളവരായിരുന്നു.
ഓരോ ടീമിന്റെയും പ്ലേയിംഗ് ഇലവനില്‍ നാല് വിദേശ കളിക്കാരെയാണ് അനുവദിക്കുക. അതിലൊരാള്‍ ഏഷ്യക്കാരനായിരിക്കണം. വിദേശ കളിക്കാരുടെ എണ്ണം കുറച്ചത് ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയിട്ടുണ്ട്.
ഏഷ്യന്‍ കപ്പും ലോകകപ്പ് യോഗ്യതാ മത്സരങ്ങളുമൊക്കെ വരാനിരിക്കുന്നതിനാല്‍ സീസണ്‍ പലതവണ നിര്‍ത്തിവെക്കേണ്ടി വരും.
കഴിഞ്ഞ സീസണില്‍ ചാമ്പ്യന്മാരായ എ.ടി.കെ മോഹന്‍ബഗാന്‍ കിരീടം നേടിയതിനു പിന്നാലെ മോഹന്‍ബഗാന്‍ സൂപ്പര്‍ജയന്റ് എന്ന് പേര് മാറ്റിയിട്ടുണ്ട്. മികച്ച് ആക്രമണനിരയുണ്ട് ബഗാന്. ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് ഇന്ത്യന്‍ താരം സഹല്‍ അബ്ദുല്‍സമദിനെ അവര്‍ റാഞ്ചിയിട്ടുണ്ട്. എന്നാല്‍ കോച്ചും ടെക്‌നിക്കല്‍ ഡയരക്ടറും പ്രതിരോധത്തില്‍ താല്‍പര്യമുള്ളവരാണ്. ക്വാദ്‌റാത്തിനെ കോച്ചായി കൊണ്ടുവന്നത് ഈസ്റ്റ്ബംഗാളിന്റെ തലവര മാറ്റുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഡ്യൂറന്റ് കപ്പില്‍ അവര്‍ ഫൈനല്‍ കളിച്ചിരുന്നു.
കോച്ച് മനോലൊ മാര്‍ക്വേസും പ്രമുഖ കളിക്കാരും ക്ലബ്ബ് വിട്ടത് ഹൈദരാബാദ് എഫ്.സിയെ ദുര്‍ബലമാക്കും. ജാംഷഡ്പൂരിനും നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനും കഴിഞ്ഞ സീസണ്‍ നിരാശപ്പെടുത്തുന്നതായിരുന്നു.






