കൊച്ചി- ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാളിന്റെ പത്താം സീസണിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകുമ്പോള്‍ ഉടച്ചുവാര്‍ത്ത കരുത്തരുടെ നിരയുമായി മലയാളികളുടെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴ്സ്്. ബംഗളൂരു എഫ്.സിക്കെതിരായ ഉദ്ഘാടന മത്സരത്തിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ഒരുങ്ങി. സ്പോര്‍ട്സ് 18ലും സൂര്യ ടി.വിയിലും മത്സരം തത്സമയം കാണാം. ജിയോ സിനിമയിലും തത്സമയ സംപ്രേഷണമുണ്ട്.
കഴിഞ്ഞ സീസണില്‍ ബംഗളൂരിനെതിരായ പ്ലേഓഫ് മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ട് വിട്ടിതിന്റെ ശിക്ഷയായി ഈ സീസണിലെ ആദ്യ നാലു മത്സരങ്ങളില്‍ പരിശീലകന് ഇവാന് വുകമോനോവിച്ചിന് പുറത്തിരിക്കേണ്ടി വരും. വുകോമാനോവിച്ചിന്റെ കീഴില്‍ തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തിയിരുന്നു. മൂന്ന് തവണ ഫൈനലിലെത്തിയെങ്കിലും ഇതുവരെ ചാമ്പ്യന്മാരാവാന് ബ്ലാസ്റ്റേഴ്സിനായില്ല.
തുടര്‍ച്ചയായ എട്ടാം സീസണിലാണ് ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരത്തിനിറങ്ങുന്നത്. അലകടലായെത്തുന്ന ആരാധകര്‍ക്ക് മുന്നില്‍ ജയത്തോടെ സീസണ് തുടങ്ങാനാവുമെന്നാണ് ടീമിന്റെ പ്രതീക്ഷ. പുതുമുഖങ്ങളും പരിചയസമ്പന്നരും നിറഞ്ഞ സന്തുലിതമായ ടീമാണ് ബ്ലാസ്റ്റേഴ്സ്. സഹല്‍ അബ്ദുല്‍സമദ്, പ്രഭ്സുഖന്‍ സിങ് ഗില്‍, ജെസല്‍ കര്‍ണെയ്റോ ഉള്‍പ്പെടെ നിരവധി പ്രധാന താരങ്ങള്‍ ഇത്തവണ ക്ലബ് വിട്ടു. പ്രീതം കോട്ടാല്‍, ഇഷാന് പണ്ഡിത, ലാറ ശര്‍മ തുടങ്ങിയ താരങ്ങളിലൂടെ ഒരു പരിധി വരെയെങ്കിലും നഷ്ടം നികത്താനായി. അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിനെ നയിക്കുക. 29 അംഗ സ്ക്വാഡില്‍ 11 പേര് പുതുമുഖങ്ങളാണ്. രാഹുല്‍ കെ.പി, സചിന് സുരേഷ്, നിഹാല്‍ സുധീഷ്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐമന്, വിബിന് മോഹനന് എന്നിവരാണ് ടീമിലെ മലയാളികള്‍. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനാല്‍ കെ.പി രുഹാലും ബ്രൈസ് മിറാന്‍ഡയും ടീമിനൊപ്പമില്ല. പരിക്കേറ്റ സൗരവ് മണ്ഡലും ഇഷാന് പണ്ഡിതയും ടീമിലുണ്ടാവില്ല.
റോയ് കൃഷ്ണ, സന്ദേശ് ജിങ്കന്, ഉദാന്ത സിങ് തുടങ്ങിയ പ്രധാന താരങ്ങള്‍ ഇല്ലെങ്കിലും പുതുമുഖങ്ങളെയും പരിചയസമ്പന്നരെയും കോര്‍ത്തിണക്കി പോയ സീസണിലെ പോലെ മികച്ച പ്രകടനം നടത്താനാണ് സൈമണ്‍ ഗ്രെയ്സന്റെ ബംഗളൂരു എഫ്.സി ശ്രമിക്കുക. ഏഷ്യന്‍ ഗെയിംസ് ടീമില്‍ ഉള്‍പ്പെട്ടതിനാല്‍ സുനില്‍ ഛേത്രിയുടെ സേവനം ഇന്ന് ബംഗളൂരിന് ലഭിക്കില്ല. സീസണിലെ മികച്ച സ്വക്വാഡുകളിലൊന്നാണ് ബംഗളൂരിന്റേത്. റോഷന് സിങ്, സുരേഷ് വാങ്ജം, ശിവശക്തി നാരായണന് എന്നീ യുവതാരങ്ങള്‍ക്കൊപ്പം കര്‍ണെയ്റോ, ഗുര്‍പ്രീത് സിങ് സന്ധു, പുതുമുഖങ്ങളായ കര്‍ട്ടിസ് മെയിന്‍, സ്ലാവ്കോ ഡജനോവിച്ച് എന്നിവരുടെ സാനിധ്യം ടീമിന് ഏറെഗുണംചെയ്യും.






