ഹാംഗ്ഷു - ഏഷ്യന്‍ ഗെയിംസിന്റെ പുരുഷ വോളിബോളില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. മൂന്നു തവണ ചാമ്പ്യന്മാരായ തെക്കന്‍ കൊറിയയെ ആവേശകരമായ അഞ്ചു സെറ്റില്‍ ഇന്ത്യ തോല്‍പിച്ചു. ഇതോടെ ഇന്ത്യ അടുത്ത റൗണ്ടിലേക്ക് മുന്നേറി. സ്‌കോര്‍: 25-27, 29-27, 25-22, 20-25, 17-15.
1966 നു ശേഷം ഏഷ്യാഡില്‍ പങ്കെടുത്തപ്പോഴൊക്കെ മെഡല്‍ നേടിയ ടീമാണ് തെക്കന്‍ കൊറിയ. അതേസമയം ഇന്ത്യന്‍ ടീം അവസാനമായി മെഡല്‍ നേടിയിട്ട് 37 വര്‍ഷമായി. 1958 ലും 1986 ലും വെങ്കലവും 1962 ല്‍ വെള്ളിയും. കഴിഞ്ഞ ഏഷ്യാഡില്‍ പുരുഷ ടീം 20 ടീമുകളില്‍ പന്ത്രണ്ടാമതും വനിതാ ടീം 11 ടീമുകളില്‍ പത്താമതുമായിരുന്നു.






