ആളില്ലാ സ്‌റ്റേഡിയത്തില്‍ അന്നസ്‌റിന് 2-0 ജയം

തെഹ്‌റാന്‍ - ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരത്തില്‍ അന്നസ്ര്‍ ഇറാനില്‍ പെര്‍സെപോളിസിനെ 2-0 ന് തോല്‍പിച്ചു. ഒരു ലക്ഷത്തോളം പേര്‍ക്കിരിക്കാവുന്ന ആസാദി സ്റ്റേഡിയത്തില്‍ കാണികളില്ലാതെയാണ് മത്സരം നടത്തിയത്. പ്രകോപനപരമായ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ പെര്‍സപോളിസിനെതിരെ 2021 ല്‍ ഇന്ത്യന്‍ ക്ലബ്ബ് എഫ്.സി ഗോവ നല്‍കിയ പരാതിയെത്തുടര്‍ന്ന് പെര്‍സപോളിസ് ഒരു മത്സരം ആളില്ലാ സ്‌റ്റേഡിയത്തില്‍ കളിക്കണമെന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വിധിച്ചിരുന്നു. 
സൗദി കളിക്കാരാണ് രണ്ടു ഗോളുമടിച്ചത്. ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അബ്ദുറഹ്മാന്‍ ഗരീബും 12 മിനിറ്റിനു ശേഷം മുഹമ്മദ് ഖാസിമും സ്‌കോര്‍ ചെയ്തു. ഇരുപതാം മിനിറ്റില്‍ റൊണാള്‍ഡോക്ക് അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. 
റൊണാള്‍ഡോയുടെ സാന്നിധ്യം ഇറാനില്‍ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. അന്നസര്‍ കളിക്കാര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് ആരാധകര്‍ തള്ളിക്കയറി. ടീമിന് പരിശീലനം നടത്താനായില്ല. 
2015 നു ശേഷം ആദ്യമായാണ് സൗദി ടീം ഇറാനില്‍ കളിക്കുന്നത്. കഴിഞ്ഞ ജൂണില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ് ഇത്. ഗ്രൂപ്പ് ഇ-യില്‍ അന്നസ്‌റാണ് ഒന്നാം സ്ഥാനത്ത്. 
മറ്റൊരു സൗദി ക്ലബ്ബായ അല്‍ഫയ്ഹ തുര്‍ക്ക്‌മെനിസ്ഥാനില്‍ അഹല്‍ എഫ്.സിയോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റു. രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു ഗോള്‍. 

Latest News