ഹ്വാംഗ്ഷു - ഏഷ്യന്‍ ഗെയിംസിന്റെ വനിതാ ക്രിക്കറ്റില്‍ ഇന്തോനേഷ്യക്കെതിരെ മംഗോളിയ 15 റണ്‍സിന് ഓളൗട്ടായി. ഒരു ഇന്റര്‍നാഷനല്‍ ടൂര്‍ണമെന്റില്‍ മംഗോളിയയുടെ അരങ്ങേറ്റമായിരുന്നു ഇത്. ട്വന്റി20 ടൂര്‍ണമെന്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്തോനേഷ്യ നാല് വിക്കറ്റിന് 187 റണ്‍സെടുത്തിരുന്നു. അതില്‍ 38 വൈഡുള്‍പ്പെടെ 49 എക്‌സ്ട്രാ റണ്‍സായിരുന്നു.
മറുപടിയായി പത്തോവറില്‍ 15 റണ്‍സെടുക്കാനേ മംഗോളിയക്ക് സാധിച്ചുള്ളൂ. മംഗോളിയന്‍ ടീമിന്റെ ശരാശരി പ്രായം പത്തൊമ്പതാണ്. ടീമിലെ പകുതിയിലേറെ പേരും ആദ്യമായാണ് രാജ്യത്തിന് പുറത്തു പോവുന്നത്. കൃത്രിമ പിച്ചില്‍ മാത്രമേ ഇതിനു മുമ്പ് അവര്‍ കളിച്ചിട്ടുള്ളൂ. അവരുടെ കിറ്റ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള സെക്കന്റ് ഹാന്റ് ജഴ്‌സികളാണ്. നാല് ബാറ്റുകള്‍ സമ്മാനിച്ചത് ഫ്രഞ്ച് അംബാസഡറുടെ ഇംഗ്ലിഷുകാരിയായ ഭാര്യയാണ്. കോച്ച് ഡേവിഡ് ടലല്ല പ്രതിഫലം പറ്റാതെയാണ് സേവനമനുഷ്ടിക്കുന്നത്. ടീമില്‍ ആകെയുള്ളത് 12 പേരാണ്. തോല്‍വിക്കു ശേഷം കളിക്കാരികള്‍ കണ്ണീരോടെയാണ് കളം വിട്ടതെന്ന് കോച്ച് പറഞ്ഞു.






