നാൻജിംഗ് - ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഒന്നാം ദിനം ഇന്ത്യൻ കളിക്കാർ ജയത്തോടെ തുടങ്ങി. മലയാളി താരം എച്ച്.എസ് പ്രണോയ്‌യും സമീർ വർമയും രണ്ടാം റൗണ്ടിലെത്തി. ഡബ്ൾസിലും ഇന്ത്യൻ ജോഡികൾ ജയിച്ചു.
പതിനൊന്നാം സീഡായ പ്രണോയ് അനായാസം ന്യൂസിലാന്റിന്റെ സീഡില്ലാ താരം അഭിനവ് മനോട്ടയെ 21-12, 21-11 ന് തകർത്തു. ബ്രസീലുകാരൻ യഗോർ കോലോയാണ് അടുത്ത എതിരാളി. സമീർ 21-13, 21-10 ന് ഫ്രാൻസിന്റെ ലുക്കാസ് കോർവീയെ തകർത്തു.
ഡബ്ൾസിൽ മനു ആത്രി-ബി. സുമീത് റെഡ്ഢി സഖ്യം 21-13, 21-18 ന് ബൾഗേറിയയുടെ ഡാനിയേൽ നികോലോവ്-ഇവാൻ റൂസേവ് സഖ്യത്തെ തോൽപിച്ചു. മിക്‌സഡിൽ സത്‌വിക് സായ്‌രാജ് രംഗിറെഡ്ഢി-അശ്വിനി പൊന്നപ്പ ജോഡി 21-19, 22-20 ന് ഡെന്മാർക്കിന്റെ നിക്കളാസ് നോർ-സാറ തിഗ്‌സൻ സഖ്യത്തെയും പ്രണവ് ജെറി ചോപ്ര-എൻ. സിക്കി റെഡ്ഢി കൂട്ടുകെട്ട് 21-13, 21-18 ന് ചെക് റിപ്പബ്ലിക്കിന്റെ യാകുബ് ബിറ്റ്മാൻ-അൽസ്‌ബെറ്റ ബെസോവ ടീമിനെയും കീഴടക്കി. സൗരഭ് വർമ-അനുഷ്‌ക പരീഖ്, രോഹൻ കപൂർ-കുഹൂ ഗാർഗ് എന്നിവരും ജയിച്ചു. എന്നാൽ വനിതാ ഡബ്ൾസിൽ സന്യോഗിത ഘോർപഡെ-പ്രജക്ത സാവന്ത് സഖ്യം തോറ്റു. തുർക്കിയുടെ ബെംഗിസു എർസെറ്റിൻ-നസ്‌ലികാൻ ഇൻസി എന്നിവരോടാണ് കീഴടങ്ങിയത്.
പുരുഷ സിംഗിൾസിൽ ടോപ് സീഡും നിലവിലെ ചാമ്പ്യനുമായ വിക്ടർ ആക്‌സൽസനും ചൈനയുടെ ലിൻ ദാനും രണ്ടാം റൗണ്ടിലെത്തി. ആക്‌സൽസൻ 21-8, 21-7 ന് പോർചുഗലിന്റെ ദുവാർതെ ആന്യോയെ കശക്കിവിട്ടു. ആറാം ലോക കിരീടം ലക്ഷ്യമിടുന്ന ലിൻ 21-14, 21-14 ന് ഡച്ച് താരം മാർക്ക് കാല്യുവിനെ മറികടന്നു. മൂന്നാം സീഡ് ഷി യുക്വിയും നിലവിലെ ഒളിംപിക് ചാമ്പ്യൻ ചെൻ ലോംഗും ആദ്യ റൗണ്ട് പിന്നിട്ടു.