ഹ്വാംഗ്ഷു - ഒമ്പത് വര്‍ഷത്തിനു ശേഷം ഏഷ്യന്‍ ഗെയിംസിന്റെ ഫുട്‌ബോളില്‍ പങ്കെടുക്കുന്ന ഇന്ത്യക്ക് ആതിഥേയരായ ചൈനയില്‍ നിന്ന് കനത്ത തിരിച്ചടി. ഒരു പരിശീലനവുമില്ലാതെയും ടീമിനെ സംബന്ധിച്ച ആശയക്കുഴപ്പത്തിലും ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഇന്ത്യ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് തകര്‍ന്നത്. ഹ്വാംഗ്ഷു സ്‌പോര്‍ട്‌സ് സെന്റര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ മലയാളി മിഡ്ഫീല്‍ഡര്‍ കെ.പി രാഹുലാണ് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇന്ത്യയുടെ ഏക ഗോളടിച്ചത്.
തുടക്കം മുതല്‍ ദുര്‍ബലമായ ഇന്ത്യയുടെ വലതു വിംഗിലൂടെയാണ് ചൈനീസ് നിര ആക്രമിച്ചു കയറിയത്. ടാവൊ ക്വിയാലോംഗിന്റെ ഓരോ മുന്നേറ്റവും ഇന്ത്യന്‍ പ്രതിരോധത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. പതിമൂന്നാം മിനിറ്റില്‍ ദായ് വെയ്ജുന്‍ തള്ളിക്കൊടുത്ത ത്രൂപാസുമായി ടാന്‍ ലോംഗ് ഇന്ത്യന്‍ പ്രതിരോധത്തെ ഛിന്നഭിന്നമാക്കി. പലപ്പോഴും ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പിന്നിലേക്ക് ഇറങ്ങിവന്നാണ് കളിയില്‍ ആധിപത്യം നേടാന്‍ ശ്രമിച്ചത്.
ഇരുപതാം മിനിറ്റില്‍ ഛേത്രി ഇന്ത്യക്ക് കിട്ടിയ ആദ്യ അവസരം തുലച്ചതിനു പിന്നാലെയാണ് ചൈന സ്‌കോര്‍ ചെയ്തത്. വെയ്ജുന്‍ ബോക്‌സിലേക്ക് ഹെഡ് ചെയ്ത പന്ത് ഗാവൊ തിയാന്‍യി വലയിലേക്ക് പായിക്കുകയായിരുന്നു.
ഗോള്‍ തിരിച്ചടിക്കാനായി ഇന്ത്യ ആക്രമണത്തിലേക്ക് തിരിഞ്ഞത് ചൈനക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. പിന്‍നിരയില്‍ നിന്നുള്ള അലക്ഷ്യമായ പാസ് പിടിച്ച് ബോക്‌സിലേക്ക് കയറിയ ടാന്‍ ലോംഗിനെ ഫൗള്‍ ചെയ്യാനേ ഗോളി ഗുര്‍മീത് സിംഗിന് സാധിച്ചുള്ളൂ. വെയ്ജുന്റെ കിക്ക് ഗുര്‍മീത് രക്ഷപ്പെടുത്തി.
അത് ഇന്ത്യക്ക് ആത്മവിശ്വാസം പകരുകയും മലയാളി കൂട്ടുകെട്ടില്‍ ഇന്ത്യ ഗോള്‍ മടക്കുകയും ചെയ്തു. അബ്ദുല്‍ റബീഹ് പ്രതിരോധ നിരക്ക് മുകളിലൂടെ നല്‍കിയ പാസുമായി വിംഗിലൂടെ കുതിച്ച രാഹുല്‍ വലയിലേക്ക് ഷോട്ട് തൊടുത്തു.
പക്ഷെ രണ്ടാം പകുതി ചൈന അടക്കിവാണു. ആറാം മിനിറ്റില്‍ തന്നെ വെയ്ജുന്റെ ലോംഗ്‌റെയ്ഞ്ചര്‍ ഇന്ത്യന്‍ വലയിളക്കി. അതോടെ ഇന്ത്യ പൂര്‍ണമായി പ്രതിരോധത്തിലേക്ക് വലിഞ്ഞു. 72ാം മിനിറ്റില്‍ വാംഗ് ഹായ്ജിനും ലോംഗ്‌റെയ്ഞ്ചറിലൂടെയാണ് ലക്ഷ്യം കണ്ടത്. മൂന്നു മിനിറ്റിനു ശേഷം ക്വിയാലോംഗും സ്‌കോര്‍ ചെയ്തു. ഇഞ്ചുറി ടൈമിലായിരുന്നു ചൈനയുടെ അഞ്ചാം ഗോള്‍.






