ന്യൂദല്‍ഹി - ഗാര്‍ഹിക പീഡനമാരോപിച്ച് മുന്‍ ഭാര്യ ഹസീന്‍ ജഹാന്‍ നല്‍കിയ പരാതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിക്ക് പശ്ചിമബംഗാളിലെ ആലിപൂര്‍ കോടതി ജാമ്യം അനുവദിച്ചു. ഷമി നേരിട്ട് കോടതിയില്‍ ഹാജരായി. 2000 രൂപയുടെ ജാമ്യമാണ് അനുവദിച്ചത്. ഷമിക്കും കുടുംബാംഗങ്ങളില്‍ ചിലര്‍ക്കുമെതിരെ 2018 ല്‍ ജാദവ്പൂര്‍ പോലീസ് സ്‌റ്റേഷനിലാണ് ഹസീന്‍ പരാതി നല്‍കിയത്.
ആദ്യമായാണ് ഷമി ഈ കേസില്‍ കോടതിയില്‍ ഹാജരാവുന്നത്. പരാതിയില്‍ ഷമി നേരിട്ട് ഹാജരാവേണ്ടതില്ലെന്ന് ഓഗസ്റ്റ് 23 ന് ആലിപൂര്‍ അഡിഷനല്‍ സെഷന്‍സ് ജഡ്ജി ഉത്തരവിട്ടിരുന്നു. എന്നാല്‍ കേസില്‍ തുടര്‍ നടപടി ആവശ്യപ്പെട്ട് 30 ദിവസത്തിനകം വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കുകയോ ജാമ്യാപേക്ഷ നല്‍കുകയോ ചെയ്യാമെന്നും കോടതി വിധിച്ചു. ഇതെ തുടര്‍ന്നാണ് ജാമ്യാപേക്ഷ നല്‍കിയത്. ഷമി ലോകകപ്പിനും ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കുമുള്ള ഇന്ത്യന്‍ ടീമില്‍ അംഗമാണ്. ഏഷ്യന്‍ കപ്പില്‍ ചാമ്പ്യന്മാരായ ടീമിലുമുണ്ടായിരുന്നു.






