Sorry, you need to enable JavaScript to visit this website.

ബയേണില്‍ ചേര്‍ന്നതിന്റെ പേരില്‍ കെയ്‌നും ഭാര്യയും വേര്‍പിരിഞ്ഞു

മ്യൂണിക് - ഇംഗ്ലണ്ട് ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌നും കൗമാര കാലം മുതല്‍ ഒരുമിച്ചു കഴിയുന്ന ജീവിതപങ്കാളി കെയ്റ്റും വേര്‍പിരിഞ്ഞു. ഇരുവര്‍ക്കും നാലു മക്കളുണ്ട്. നാലാമത്തെ മകന്‍ ഹെന്റിയുടെ ജനനം കഴിഞ്ഞ മാസമായിരുന്നു. 
കെയ്ന്‍ കഴിഞ്ഞ സീസണിനൊടുവില്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കില്‍ ചേരാന്‍ തീരുമാനിച്ചതാണ് ദമ്പതികള്‍ തമ്മില്‍ വിള്ളലിന് കാരണം. കരിയറില്‍ ഇതുവരെ ഹാരി കെയ്ന്‍ കളിച്ചത് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടനത്തിലാണ്. എന്നാല്‍ ക്ലബ്ബിനോ രാജ്യത്തിനോ വേണ്ടി ഇതുവരെ ഒരു ട്രോഫി പോലും നേടാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ ട്രാന്‍സ്ഫറിന് തീരുമാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിലെ തന്നെ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ചേരുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും ജര്‍മന്‍ ക്ലബ്ബിനെ കെയ്ന്‍ തെരഞ്ഞെടുത്തു. കെയ്റ്റ് ജര്‍മനിയിലേക്ക് പോവാന്‍ തയാറായില്ല. മ്യൂണിക്കില്‍ കെയ്ന്‍ തനിച്ചാണ് താമസം. 
ഇംഗ്ലണ്ടും ജര്‍മനിയും 700 മൈല്‍ അകലെയാണ്. എങ്കിലും ഇരുവര്‍ക്കും സ്വകാര്യ വിമാനമുണ്ട്. അതിനാല്‍ തീരുമാനം മാറിയേക്കാമെന്ന് അടുത്ത ബന്ധമുള്ളവര്‍ പറയുന്നു. കെയ്റ്റും നാലു മക്കളും ഇംഗ്ലണ്ടിലെ ഹെറ്റ്ഫഡ്ഷയറിലെ വസതിയില്‍ കഴിയും. ചെറിയ കുഞ്ഞും സ്‌കൂളില്‍ പഠിക്കുന്ന മറ്റു കുട്ടികളുമുള്ളതിനാല്‍ ജര്‍മനിയിലേക്ക് പോവേണ്ടതില്ലെന്നാണ് കെയ്റ്റ് തീരുമാനിച്ചത്. 
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവുമധികം ഗോളടിച്ച രണ്ടാമത്തെ കളിക്കാരനായിരുന്നു കെയ്ന്‍. ബയേണില്‍ നാല് ലീഗ് മത്സരങ്ങളില്‍ നാല് ഗോളടിച്ച് നന്നായി തുടങ്ങിയിട്ടുണ്ട്. ജര്‍മന്‍ ഭാഷ പഠിക്കുകയും ജര്‍മന്‍ രീതികള്‍ അഭ്യസിക്കുകയും ചെയ്ത് പുതിയ ജീവിതവുമായി ഇണങ്ങാനുള്ള ശ്രമത്തിലാണ് കെയ്ന്‍. അടുത്തായഴ്ച ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടാനൊരുങ്ങുകയാണ്.
 

Latest News