Sorry, you need to enable JavaScript to visit this website.

സ്ത്രീവിരുദ്ധ പോസ്റ്റുകള്‍: ഏഷ്യാ കപ്പില്‍ തിളങ്ങിയ ബൗളര്‍ വിവാദത്തില്‍

ധാക്ക - ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ ബംഗ്ലാദേശിനു വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ച പെയ്‌സ്ബൗളര്‍ പഴയകാല ഫെയ്‌സ്ബുക് പോസ്റ്റുകളുടെ പേരില്‍ വിവാദത്തില്‍. ഇന്റര്‍നാഷനല്‍ ക്രിക്കറ്റിലെ നാലാമത്തെ പന്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പുറത്താക്കിയ ബംഗ്ലാദേശിന്റെ ഇരുപതുകാരന്‍ തന്‍സീം ഹസന്‍ സാഖിബിനെതിരെയാണ് സ്ത്രീപക്ഷ വാദികള്‍ രംഗത്തിറങ്ങിയത്. ഏഷ്യാ കപ്പില്‍ ഇന്ത്യ തോറ്റ ഏക മത്സരം ബംഗ്ലാദേശിനെതിരെയാണ്. അന്ന് ബംഗ്ലാദേശിന്റെ നിര്‍ണായകമായ അവസാന ഓവര്‍ എറിഞ്ഞതും തന്‍സീമാണ്. 
മികച്ച പ്രകടനത്തിന്റെ പേരില്‍ ആഘോഷിക്കപ്പെടുമ്പോഴാണ് പഴയ പോസ്റ്റുകള്‍ ചിലര്‍ കുത്തിപ്പൊക്കിയത്. ഭാര്യ ജോലി ചെയ്യുകയാണെങ്കില്‍ ഭര്‍ത്താവിന്റെയും മക്കളുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടുമെന്നും അവരുടെ സൗന്ദര്യം നഷ്ടമാകുമെന്നും കുടുംബം നശിക്കുമെന്നും സമൂഹം തകരുമെന്നുമാണ് തന്‍സീമിന്റെ ഒരു പോസ്റ്റ്. പുരുഷ സുഹൃത്തുക്കളുമായി ഇടപഴകുന്ന പെണ്ണിനെ വിവാഹം ചെയ്താല്‍ മക്കള്‍ക്ക് ചാരിത്ര്യവതിയായ മാതാവിനെ ലഭിക്കില്ലെന്ന് മറ്റൊരു പോസ്റ്റിലുണ്ട്. 
ബംഗ്ലാദേശിന്റെ ടീം ജഴ്‌സി പ്രധാനമായും സ്ത്രീകള്‍ ജോലി ചെയ്യുന്ന ഫാക്ടറികളിലാണ് നിര്‍മിക്കുന്നതെന്ന് ഫെമിനിസ്റ്റ് എഴുത്തുകാരി ജന്നതുന്നഈം പ്രീതി ഓര്‍മിപ്പിച്ചു. സ്വന്തം മാതാവിനെ സാധാരണ മനുഷ്യനായി കാണാന്‍ കഴിയാത്തയാളാണ് ഈ ബൗളറെന്നും അവര്‍ കുറ്റപ്പെടുത്തി. എഴുത്തുകാരി സ്വാകൃതൊ നുഅമാന്‍, ജേണലിസ്റ്റ് മിസ്ബാഹുല്‍ ഹഖ് തുടങ്ങിയവരും ബൗളര്‍ക്കെതിരെ അതിശക്തമായി പ്രതികരിച്ചു. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 
 

Latest News