ഹ്വാംഗ്ഷു - ഒളിംപിക്‌സിനെക്കാളും കായികതാരങ്ങള്‍ പങ്കെടുക്കുന്ന ഏഷ്യന്‍ സ്‌പോര്‍ട്‌സ് മാമാങ്കമായ ഏഷ്യന്‍ ഗെയിംസിന് 23 ന് ചൈനീസ് നഗരമായ ഹ്വാംഗ്ഷുവില്‍ തിരി തെളിയും. ഉദ്ഘാടനച്ചടങ്ങ് ശനിയാഴ്ചയാണെങ്കിലും കളിക്കളങ്ങളില്‍ പലതും ഇന്നുണരും. ഫുട്‌ബോളിലും വോളിബോളിലും ഇന്ത്യന്‍ ടീം ആതിഥേയരായ ചൈനയുമായി ചൊവ്വാഴ്ച ഏറ്റുമുട്ടും.
ഫുട്‌ബോളില്‍ ഇന്ത്യ രണ്ട് സ്വര്‍ണവും ഒരു വെങ്കലവും നേടിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ ടീം പങ്കെടുക്കുന്നത് ദേശീയ കോച്ച് ഇഗോര്‍ സ്റ്റിമാച് അഭ്യര്‍ഥിച്ചതു കൊണ്ടു മാത്രമാണ്. പ്രമുഖ കളിക്കാരെ വിട്ടുകൊടുക്കാന്‍ ഐ.എസ്.എല്‍ ക്ലബ്ബുകള്‍ വിസമ്മതിച്ചതിനാല്‍ ഉദ്ദേശിച്ച നിലവാരം പോലും ടീമിനില്ല.
1951 ലെ പ്രഥ ഏഷ്യന്‍ ഗെയിംസില്‍ ചാമ്പ്യന്മാരായിരുന്നു ഇന്ത്യ. അന്ന് ആറ് ടീമുകള്‍ മാത്രമാണ് പങ്കെടുത്തത്. ഇത്തവണ 21 ടീമുകള്‍ അണിനിരക്കുന്നു. ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പ് എ-യില്‍ ബംഗ്ലാദേശും മ്യാന്മറും കൂടിയുണ്ട്. നാല് മികച്ച മൂന്നാം സ്ഥാനക്കാര്‍ കൂടി പ്രി ക്വാര്‍ട്ടറില്‍ പ്രവേശിക്കുമെന്നതിനാല്‍ ഇന്ത്യക്ക് സാധ്യതയുണ്ട്. രണ്ട് ഏഷ്യന്‍ ഗെയിംസുകളില്‍ ഇന്ത്യയെ നയിച്ച മൂന്നാമത്തെ ക്യാപ്റ്റനാവുകയാണ് സുനില്‍ ഛേത്രി, 2014 ലായിരുന്നു ആദ്യം. സയ്‌ലന്‍ മന്ന (1951, 1954), ബയ്ചുംഗ് ബൂട്ടിയ (2002, 2006) എന്നിവരാണ് മറ്റുള്ളവര്‍. 2014 ല്‍ കളിച്ച സന്ദേശ് ജിംഗനും ഇത്തവണ ടീമിലുണ്ട്.
വോളിബോളില്‍ പുരുഷ ടീം കംബോഡിയയുമായി ചൊവ്വാഴ്ച ഏറ്റുമുട്ടും. വനിതാ വോളിബോള്‍ ഈ മാസം 30 നേ ആരംഭിക്കൂ. വോളിയില്‍ പുരുഷ ടീം 1958 ലും 1986 ലും വെങ്കലവും 1962 ല്‍ വെള്ളിയും നേടിയിട്ടുണ്ട്. അവസാന മെഡല്‍ നേടിയിട്ട് 37 വര്‍ഷമായി. കഴിഞ്ഞ ഏഷ്യാഡില്‍ പുരുഷ ടീം 20 ടീമുകളില്‍ പന്ത്രണ്ടാമതും വനിതാ ടീം 11 ടീമുകളില്‍ പത്താമതുമായിരുന്നു. വനിതാ ടീം നാല് ഏഷ്യാഡുകളിലേ പങ്കെടുത്തിട്ടുള്ളൂ.