Sorry, you need to enable JavaScript to visit this website.

ആദ്യ രണ്ടു കളികളില്‍  രാഹുല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ 

മുംബൈ - ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കും ഹാര്‍ദിക് പാണ്ഡ്യക്കും ഇന്ത്യ വിശ്രമം നല്‍കി. മൂന്നു പേരും മൂന്നാം ഏകദിനത്തില്‍ തിരിച്ചെത്തും. ആദ്യ രണ്ടു കളികളില്‍ കെ.എല്‍ രാഹുലായിരിക്കും ടീമിനെ നയിക്കുക. ഓസീസിനെതിരായ പരമ്പരയില്‍ അശ്വിന്‍ എങ്ങനെ കളിക്കുന്നുവെന്ന് നിരീക്ഷിക്കുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ രണ്ട് ഏകദിനം മാത്രമാണ് അശ്വിന്‍ കളിച്ചത്. 
സ്പിന്നര്‍മാരായ ആര്‍. അശ്വിനെയും വാഷിംഗ്ടണ്‍ സുന്ദറിനെയും ഉള്‍പെടുത്തി. പതിനേഴംഗ ടീമില്‍ പരിക്കേറ്റ അക്ഷര്‍ പട്ടേലുമുണ്ട്. അക്ഷര്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസായാല്‍ മൂന്നാം മത്സരത്തിലേക്ക് പരിഗണിക്കും. മലയാളി വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ പരിഗണിക്കപ്പെട്ടില്ല. ലോകകപ്പ് ടീമില്‍ റിസര്‍വായും അശ്വിനെ ഉള്‍പെടുത്തി. 
ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ തിലക് വര്‍മ, ഋതുരാജ് ഗെയ്ക്‌വാദ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ടീമിലുണ്ട്. 
ഒക്ടോബര്‍ അഞ്ചിന് ലോകകപ്പ് ആരംഭിക്കും മുമ്പ് ഇന്ത്യയുടെ അവസാന പരമ്പരയാണ് ഇത്. ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ രണ്ട് മത്സരം ജയിച്ച ശേഷം അഞ്ചു മത്സര പരമ്പര തോറ്റാണ് ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയിലെത്തുന്നത്. 
ശ്രീലങ്കയില്‍ ഏഷ്യാ കപ്പ് നേടിയ മറ്റു കളിക്കാരെല്ലാം ടീമില്‍ ഇടം നേടി. അശ്വിന്‍ ടീമില്‍ തിരിച്ചെത്തിയതിന് വലിയ പ്രാധാന്യമുണ്ട്. സ്പിന്നറെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നു എന്നതിന്റെ സൂചനയാണ് ഇത്. 22 ന് മൊഹാലിയിലാണ് ഓസീസിനെതിരായ ആദ്യ മത്സരം. 24 ന് ഇന്‍ഡോറിലും 27 ന് രാജ്‌കോട്ടുമാണ് മറ്റു മത്സരങ്ങള്‍. 
ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ.എല്‍ രാഹുല്‍, ഇശാന്‍ കിഷന്‍, രവീന്ദ്ര ജദേജ, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, വിരാട് കോലി, കുല്‍ദീപ് യാദവ്, അക്ഷര്‍, അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍. 

Latest News