Sorry, you need to enable JavaScript to visit this website.

അന്നസ്ര്‍ കളിക്കാരെത്തി, ഇറാന്‍ ഇളകി

റിയാദ് - സൗദി പ്രൊ ലീഗ് ക്ലബ്ബുകളുടെ താരത്തിളക്കത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന് കിക്കോഫ്. ആകെ 11 യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും നെയ്മാറും കരീം ബെന്‍സീമയും ഇത്തവണ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിന് താരപ്പൊലിമ പകരും. ഇവരുള്‍പ്പെടെ പ്രമുഖ കളിക്കാരുടെ സാന്നിധ്യം ഇത്തവണ സൗദി ക്ലബ്ബുകള്‍ക്ക് വലിയ മുന്‍തൂക്കം നല്‍കും. 
ഓഗസ്റ്റില്‍ അല്‍ഹിലാലിയിലെത്തിയ നെയ്മാര്‍ വെള്ളിയാഴ്ചയാണ് സൗദി പ്രൊ ലീഗില്‍ അരങ്ങേറിയത്. ഇതിന് മുമ്പ് തന്നെ നാലു തവണ ഏഷ്യന്‍ ചാമ്പ്യന്മാരായ ടീമാണ് ഹിലാല്‍. കഴിഞ്ഞ സീസണില്‍ ജപ്പാനിലെ ഉറാവ റെഡ്‌സിനോട് അവര്‍ ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. 
അതിനു ശേഷം 100 കോടിയോളം ഡോളറാണ് പ്രമുഖ കളിക്കാര്‍ക്കായി സൗദി ക്ലബ്ബുകള്‍ ചെലവിട്ടത്. ഹിലാലും അല്‍ഇത്തിഹാദും അല്‍അഹ്‌ലിയും അന്നസ്‌റും സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പിന്തുണയുള്ള ക്ലബ്ബുകളായി. നെയ്മാറിനു പുറമെ റൂബന്‍ നെവസ്, ഖാലിദു കൂലിബാലി, അലക്‌സാണ്ടര്‍ മിത്രോവിച്, മൊറോക്കന്‍ ഗോള്‍കീപ്പര്‍ യാസീന്‍ ബൂനു, ബ്രസീലിയന്‍ വിംഗര്‍ മാല്‍ക്കം, സെര്‍ബിയന്‍ മിഡ്ഫീല്‍ഡര്‍ സെര്‍ജി മിലിന്‍കോവിച് സാവിച് തുടങ്ങിയവും അല്‍ഹിലാലിതെത്തി. മുംബൈ സിറ്റിയും ഈ ഗ്രൂപ്പിലായതിനാല്‍ ഇവരൊക്കെ മുംബൈയില്‍ കളിക്കുന്നത് കാത്തിരിക്കുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍. ഇത്ര പ്രശസ്തരായ കളിക്കാര്‍ മുംബൈയില്‍ കളിക്കുമെന്നത് ഇന്ത്യന്‍ ഫുട്‌ബോളിന് ആവേശം പകര്‍ന്നിരിക്കുകയാണെന്ന് മുംബൈ സിറ്റി കോച്ച് ദെസ് ബക്കിംഗ്ഹാം പറഞ്ഞു. 
ഗ്രൂപ്പ് ഘട്ടത്തില്‍ പങ്കെടുക്കുന്ന 40 ടീമുകളില്‍ നാലെണ്ണമാണ് സൗദി ക്ലബ്ബുകള്‍. അല്‍ഹിലാലിനു പുറമെ അല്‍ഫൈഹ, അല്‍ഫൈസലി, ഇല്‍ഇത്തിഹാദ് എന്നിവ. 10 ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരും ആറ് മികച്ച രണ്ടാം സ്ഥാനക്കാരും പ്രി ക്വാര്‍ട്ടറിലേക്ക് മുന്നേറും. ഇന്ന് അന്നസ്ര്‍ ഇറാനില്‍ പെര്‍സെപോളിസിനെ നേരിടും. വര്‍ഷങ്ങളായി ഇറാന്‍-സൗദി ക്ലബ്ബുകള്‍ നിഷ്പക്ഷ രാജ്യങ്ങളിലാണ് കളിച്ചിരുന്നത്. അന്നസ്ര്‍ കളിക്കാര്‍ക്ക് പൂര്‍ണ ഇന്റര്‍നെറ്റ് സൗകര്യം അനുവദിക്കുമെന്ന് പെര്‍സെപോളിസ് പ്രസിഡന്റ് രിസ ദാര്‍വിഷ് പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം ലഭ്യമല്ല. 
സൗദി പ്രൊ ലീഗ് ചാമ്പ്യന്മാരായ അല്‍ഇത്തിഹാദില്‍ ബെന്‍സീമക്കു പുറമെ എന്‍ഗോളൊ കാണ്ടെ, ഫാബിഞ്ഞൊ തുടങ്ങിയ പ്രമുഖ കളിക്കാരുണ്ട്. രണ്ടു തവണ ഏഷ്യന്‍ ചാമ്പ്യന്മാരായ ഇത്തിഹാദ് ജിദ്ദയില്‍ എ.ജി.എം.കെ ഉസ്‌ബെക്കിസ്ഥാനുമായി ഏറ്റുമുട്ടും. അല്‍ഫയ്ഹ ഉസ്‌ബെക്കിസ്ഥാനില്‍ പാഖ്തകോറുമായാണ് തുടങ്ങുക. 
 

Latest News