Sorry, you need to enable JavaScript to visit this website.

സൗദി പവറില്‍ ന്യൂകാസില്‍, മരണ ഗ്രൂപ്പിന് ജീവന്‍ വെക്കുന്നു

ലണ്ടന്‍ - സൗദി ഉടമസ്ഥതയിലേക്ക് വന്നതോടെ അടിമുടി മാറിയ ന്യൂകാസില്‍ രണ്ട് ദശകത്തിന് ശേഷം യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കാനൊരുങ്ങുന്നു. ചൊവ്വാഴ്ച എ.സി മിലാനെതിരെയാണ് അവരുടെ ആദ്യ മത്സരം. ചാമ്പ്യന്‍സ് ലീഗിനെക്കാള്‍ ഇംഗ്ലിഷ് ഫുട്‌ബോളിലെ രണ്ടാം ഡിവിഷനായ ചാമ്പ്യന്‍ഷിപ്പിലാണ് ന്യൂകാസില്‍ കൂടുതല്‍ കാലം ചെലവിട്ടത്. കഴിഞ്ഞ സീസണില്‍ തരംതാഴ്ത്തലിന്റെ വക്കത്തുള്ളപ്പോഴാണ് ടീമിനെ സൗദി ഏറ്റെടുത്തതും പ്രീമിയര്‍ ലീഗില്‍ ആദ്യ നാലിലെത്തി ചാമ്പ്യന്‍സ് ലീഗിന് ടീം യോഗ്യത നേടിയതും. അബുദാബി പിന്തുണയോടെ യൂറോപ്യന്‍ ഫുട്‌ബോളില്‍ ഉയരങ്ങള്‍ കീഴടക്കിയ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ന്യൂകാസിലിന്റെ മാതൃക. 
പുതിയ സീസണില്‍ ന്യൂകാസിലിന്റെ തുടക്കം ഭദ്രമല്ല. പ്രീമിയര്‍ ലീഗില്‍ സിറ്റിയോടും ലിവര്‍പൂളിനോടും ബ്രൈറ്റനോടും അവര്‍ തോറ്റു. സൗദി ക്ലബ്ബുകളിലേക്ക് കളിക്കാര്‍ ക്യൂ നില്‍ക്കുമ്പോഴും വമ്പന്മാര്‍ക്കായി വലയെറിയാന്‍ ന്യൂകാസില്‍ മടിക്കുന്നത് നിരീക്ഷകരെ അമ്പരപ്പിക്കുന്നു. ഈ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ അവര്‍ കൊണ്ടുവന്നത് ടിനൊ ലിവ്‌റമെന്റൊ, ഹാര്‍വി ബാണ്‍സ്, സാന്ദ്രൊ ടോണാലി എന്നീ കളിക്കാരെ മാത്രമാണ്. ടോണാലിയുടെ ട്രാ്ന്‍സ്ഫര്‍ യൂറോപ്യന്‍ ഫുട്‌ബോളിന്റെ ശക്തികേന്ദ്രം എവിടെയാണെന്നതിന്റെ സൂചനയാണ്. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ സെമിഫൈനലിലെത്തിയിട്ടും ടോണാലിയെ നിലനിര്‍ത്താന്‍ എ.സി മിലാന് സാധിച്ചില്ല. 
പി.എസ്.ജിയും ബൊറൂസിയ ഡോര്‍ട്മുണ്ടും അടങ്ങുന്ന ഗ്രൂപ്പ് എഫാണ് ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും കഠിനം. പഴയ ഉടമ മൈക് ആഷലിയുടെ വരണ്ട 14 വര്‍ഷങ്ങളില്‍ ന്യൂകാസില്‍ ആരാധകര്‍ കണ്ട സ്വപ്‌നമായിരുന്നു ചാമ്പ്യന്‍സ് ലീഗ്. സിറ്റി കഴിഞ്ഞ സീസണിലാണ് ആദ്യമായി ചാമ്പ്യന്മാരായതെങ്കിലും 2011 മുതല്‍ അവര്‍ ടൂര്‍ണമെന്റില്‍ സ്ഥിരം സാന്നിധ്യമാണ്. ആ സ്ഥിരതയാണ് ന്യൂകാസിലും ആഗ്രഹിക്കുന്നത്.
 

Latest News