Sorry, you need to enable JavaScript to visit this website.

തമിഴ്നാട്ടിൽ ബി.ജെ.പി സഖ്യം ഉപേക്ഷിച്ച് അണ്ണാ ഡി.എം.കെ

എടപ്പാടി പളനിസാമി, കെ.അണ്ണാമലൈ

ചെന്നൈ- തമിഴ്നാട്ടിൽ  ബിജെപിയുമായി സഖ്യമില്ലെന്ന് മുഖ്യപ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പു വരുമ്പോൾ സഖ്യം ആവശ്യമാണോയെന്നു പരിശോധിച്ചു മാത്രം തീരുമാനിക്കുമെന്ന് പാർട്ടി വക്താവും മുൻ മന്ത്രിയുമായ ഡി.ജയകുമാർ പറഞ്ഞു. . ദേശീയ തലത്തിൽ എൻഡിഎയിൽ തുടരും. സംസ്ഥാനത്ത് ഇനി അണ്ണാഡിഎംകെയും ബിജെപിയും സഖ്യകക്ഷികളെല്ലെന്ന് അദ്ദേഹം പറഞ്ഞു.

മുൻ മുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈയെക്കുറിച്ചുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുടെ പരാമർശത്തെ തുടർന്നാണ് കടുത്ത തീരുമാനം. ‌‌എന്നാൽ, പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഈറോഡ് ഈസ്റ്റ്  ഉപതെരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇരു പാർട്ടികൾ തമ്മിൽ ഭിന്നത തുടങ്ങിയത്. അണ്ണാഡിഎംകെയുടെ സഖ്യം വേണ്ടെന്ന് നേരത്തെഅണ്ണാമലൈ തുറന്നടിച്ചിരുന്നു. തുടർന്നു ബിജെപി ദേശീയ നേതൃത്വം ഇടപെട്ടാണ് പ്രശ്നങ്ങൾക്കു താൽക്കാലിക പരിഹാരമുണ്ടാക്കിയത്.

എന്നാൽ, കഴിഞ്ഞ ദിവസം പൊതുസമ്മേളനത്തിനിടെ അണ്ണാദുരൈയെക്കുറിച്ച് അപകീർത്തികരമായ പ്രസ്താവന അണ്ണാമലൈ നടത്തിയെന്നാരോപിച്ചാണ് ഇരു വിഭാഗവും തമ്മിൽ വീണ്ടും വാക്പോരു തുടങ്ങിയത്. അണ്ണാമലൈക്കെതിരെ കടുത്ത വിമർശനവുമായി അണ്ണാഡിഎംകെ നേതാക്കാളായ ഡി.ജയകുമാർ, സെല്ലൂർ രാജു, സി.വി.ഷൺമുഖം എന്നിവർ രംഗത്തെത്തിയിരുന്നു.

അണ്ണാദുരൈയെക്കുറിച്ചു മോശമായി പറയുന്ന നാവുകൾ പിഴുതെടുക്കണമെന്നായിരുന്നു സെല്ലൂ‍ർ രാജുവിന്റെ പ്രതികരണം. അണ്ണാദുരൈയെക്കുറിച്ചു പറയാൻ അർഹത പോലും അണ്ണാമലൈക്കില്ലെന്നും പാർട്ടി നേതാക്കളെ അപകീർത്തിപ്പെടുത്തുന്നതു നിർത്തണമെന്നും ഡി.ജയകുമാർ പറഞ്ഞു. 

പാർട്ടിയെ തൊട്ടുകളിക്കരുതെന്നും അണ്ണാമലൈക്കുള്ള അന്ത്യശാസനമാണിതെന്നും സി.വി.ഷൺമുഖം പറഞ്ഞു. അണ്ണാമലൈ നടത്തുന്നത് കാൽ നടയാത്രയല്ല, പിരിവ് യാത്രയാണെന്നു ഷൺമുഖം പരിഹസിച്ചു.

എന്നാൽ, മന്ത്രിമാരാകുന്നത് പിരിവിനു വേണ്ടിയാണെന്നു കരുതുന്നവരാണ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് അണ്ണാമലൈ മറുപടി നൽകി. ബിജെപിയുടെ വളർച്ചയിൽ പലർക്കും അസൂയയുണ്ട്. താൻ ആരുടെയും അടിമയല്ല. തന്റേത് വേറിട്ട പാർട്ടിയും പ്രത്യയശാസ്ത്രവുമാണെന്നും സഖ്യത്തിലായതിനാൽ അടിമയാകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest News