കേരളത്തിലെ ഇസ്‌ലാമിക ചരിത്രത്തിന്റെ ആദ്യകാലങ്ങളാണ് ഈ മസ്ജിദ് നമ്മെ ഓർമ്മിപ്പിക്കുന്നത്. നൂറ്റാണ്ടുകളായി വിദേശ ആധിപത്യത്തിനെതിരെ ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ നടത്തിയ പോരാട്ടത്തിന്റേയും സമരചരിത്രത്തിന്റേയും പ്രതിരോധത്തിന്റേയും സ്മരണകൾ ഉറങ്ങുന്ന മലബാറിൽ, പുതിയകാവ് ജുമാ മസ്ജിദിന് ചരിത്രത്തിൽ വേണ്ടപ്പെട്ട പ്രാധാന്യം നേടിയെടുക്കുവാൻ കഴിഞ്ഞിട്ടില്ല. ഈ സമര ചരിത്രങ്ങളിൽ പുതിയകാവ് ജുമാ മസ്ജിദിന്റെ സ്ഥാനം കൃത്യമായി ഇനിയും നിർവചിക്കപ്പെടേണ്ടിയിരിക്കുന്നു.
പുതിയകാവ് ജുമാ മസ്ജിദിന്റെ ചരിത്രം മലബാറിലെ മൊത്തം സമര ചരിത്രവുമായും, കൂടാതെ ഈജിപ്ത് മുതൽ സുമാത്ര വരെയുള്ള ഇന്ത്യൻ മഹാസമുദ്രത്തിലെ പാശ്ചാത്യ അധിനിവേശത്തിനെതിരെയുള്ള പോരാട്ട ചരിത്രവുമായും കൂട്ടി വായിക്കേണ്ടതാണ്. മലബാറിന്റെ തെക്കേ അറ്റത്ത് കൊച്ചി രാജ്യത്തിന്റെയും, കോഴിക്കോട്ടെ സാമൂതിരി രാജവംശത്തിന്റെയും അതിർത്തിയോട് ചേർന്ന് കൊടുങ്ങല്ലൂരിന് 10 കിലോമീറ്റർ വടക്ക്, മതിലകം പഞ്ചായത്തിൽ ദേശീയപാതയോട് ചേർന്നാണ് പുതിയകാവ് ജുമാ മസ്ജിദ് സ്ഥിതിചെയ്യുന്നത്.ചേറ്റുവ മുതൽ കോതപറമ്പ് വരെ നീണ്ടുകിടക്കുന്ന 35 കിലോമീറ്ററിനുള്ളിൽ മണപ്പുറം പ്രദേശത്തെ ആദ്യത്തെ ജുമാ മസ്ജിദ് എന്ന സ്ഥാനവും ഇതിനുണ്ട്.
മസ്ജിദിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന രണ്ടു രേഖകളാണ് ഇപ്പോഴും ഇവിടെയുള്ളത്. ഒന്ന് പള്ളിയുടെ ഒന്നാം നിലയിലെ മട്ടുപാവിലെ മച്ചിൽ സ്ഥാപിച്ചിട്ടുള്ള ഫലകത്തിൽ കൊത്തിവെച്ച അറബിക്ക് കാലിഗ്രഫി ലിപിയും, രണ്ടാമത്തേത് പള്ളിയുടെ ഇടത് വശത്തുള്ള മഖ്ബറയുടെ മുൻ വാതിലിൽ കൊത്തി വച്ചിരിക്കുന്ന അറബിക് ലിപിയും. ഈ രണ്ട് രേഖകളും പുതിയകാവ് ജുമാമസ്ജിദും അത് ഉൾക്കൊള്ളുന്ന പ്രദേശവും മലബാറിലെ മുസ്‌ലിം മുന്നേറ്റത്തിനും വിദേശാധിപത്യത്തിനുമെതിരെ ശക്തമായി ചെറുത്തു നിന്നതിന്റെ ചരിത്രരേഖകളാണ്. മരത്തിൽ കൊത്തി വെച്ചിട്ടുള്ള അറബിക് കാലിഗ്രഫിയിൽ പള്ളിയുടെ ചരിത്രം വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
ഒന്നാം നിലയിലെ ഫലകത്തിൽ, കൊല്ലവർഷം 892 (ഹിജ്‌റ 1129/1717 സി.ഇ) നസാറാക്കളുമായുള്ള യുദ്ധത്തിൽ പള്ളി കത്തിപ്പോയെന്നും തുടർന്ന് വർഷങ്ങൾക്കുശേഷം ഹിജ്‌റ 1155 ൽ (1742 സി.ഇ) പഴയ പള്ളിയുടെ സ്ഥാനത്ത് ഖാദി ഇസ്മായിലിന്റെ നേതൃത്വത്തിൽ പുതിയകാവിലെയും, ആറ്റംപുറത്തെയും ജനങ്ങൾ ഈ പള്ളി പുതുക്കി പണിതിരിക്കുന്നു എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇവരുടെ കൂട്ടത്തിൽ ഉത്സാഹത്തോടെ പണിയെടുക്കുന്ന അബ്ദുള്ള എന്ന യുവാവിനെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. കോഴിക്കോട് നിന്ന് തേക്ക് കൊണ്ടുവരുവാൻ നേതൃത്വം കൊടുക്കുന്നത് അബ്ദുള്ളയാണ്. അദ്ദേഹത്തിന്റെ അമ്മാവൻ ഹാജി ഇസ്മായിലാണ് അത് സംഭാവന നൽകിയതെന്നും വിവരിക്കുന്നു.
പറങ്കികൾ (പോർട്ടുഗീസുകാർ) ഈ പള്ളി കത്തിച്ചു എന്നാണ് പൊതുവേ പറയപ്പെടുന്നത്. ചരിത്ര വസ്തുക്കളുടെ വെളിച്ചത്തിൽ ഡച്ച് ആക്രമണ ഫലമായി 1717ൽ പള്ളി അഗ്‌നിക്കിരയായി എന്നാണ് ഈ രേഖയിൽ നിന്നും വ്യക്തമാവുന്നത്. പോർട്ടുഗീസ്,ഡച്ച്,ഫ്രഞ്ച്,ബ്രിട്ടീഷ് തുടങ്ങിയ അധിനിവേശ ശക്തികളെ പൊതുവായി അക്കാലത്ത് സൂചിപ്പിച്ചിരുന്നത് നസാറാക്കൾ എന്നാണ്.1661 ൽ പള്ളിപ്പുറം കോട്ടയും 1662 ൽ കൊടുങ്ങല്ലൂർ കോട്ടപ്പുറം കോട്ടയം പോർട്ടുഗീസുകാരിൽ നിന്ന് ഡച്ചുകാർ പിടിച്ചടക്കിയിരുന്നു.1717 ൽ ബത്തേരിയിലെ ഡച്ച് മേധാവി വില്യം ജേക്കബ്,സാമൂതിരിയുമായുള്ള യുദ്ധത്തിൽ ചേറ്റുവ കോട്ട പിടിച്ചടക്കി എന്നാണ് ചരിത്രം.കൊടുങ്ങല്ലൂർ കേന്ദ്രമാക്കിയ ഡച്ചുകാർ ചേറ്റുവ കോട്ട പിടിച്ചെടുക്കാനുള്ള യുദ്ധവേളയിലാണ് പുതിയകാവ് പള്ളി ആക്രമിച്ചതെന്ന് വിലയിരുത്താം.ഈ യുദ്ധങ്ങളുടെ നേതൃനിരയിൽ ഉണ്ടായിരുന്ന മരക്കാർമാർ തന്നെ 1742 ൽ പുതിയകാവ് പള്ളി പുതുക്കി പണിതു.
മസ്ജിദിലെ മഖ്ബറക്ക് മുന്നിലുള്ള വാതിലിനു തൊട്ടുമുകളിൽ എഴുതിവെച്ചിട്ടുള്ള അറബിക് കാലിഗ്രഫിയിൽ പ്രതിപാദിക്കുന്നത്, 'പുതിയകാവിലെ സയ്യിദ് അഹമ്മദ് മരക്കാരിന്റെ മകൻ അബ്ദു മരക്കാർ ഈ മഖ്ബറയുടെ ആദ്യ നിർമ്മാണം നടത്തി' എന്നാണ്.അതിനോടൊപ്പം എഴുതിയിട്ടുള്ള ഒരു പദം 'ഷഹീദ് ' എന്നും അല്ലെങ്കിൽ 'ഷഹീർ' എന്നും വായിക്കാം.
രക്തസാക്ഷിയായ അബ്ദു മരക്കാർ എന്നോ അല്ലെങ്കിൽ 'മരക്കാർ എന്ന പേരിൽ പ്രശസ്തനായ അബ്ദു' എന്നോ അത് വായിക്കാം.അതിനു താഴെ അല്ലാഹു അവരോട് ഒരുപാട് കരുണ കാണിക്കട്ടെ എന്നും തുടർന്നുവരുന്ന വരിയിൽ സർവ്വാധിരാജനായ അവരുടെ നാഥന്റെ അനുഗ്രഹത്താൽ മരക്കാരിന്റെ കുടുംബമാണ് ഈ മഖാം പണികഴിപ്പിച്ചിട്ടുള്ളതെന്നുമാണ് എഴുതിയിരിക്കുന്നത്. അതിനുശേഷം സർവ്വശക്തൻ ആഗ്രഹിച്ച രണ്ടു രക്തസാക്ഷികളെയാണ് ഇവിടെ മറവ് ചെയ്തിരിക്കുന്നതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. തുടർന്ന് ഖുർആൻ പാരായണം ചെയ്യുന്നതിന്റേയും നമസ്‌കാരം നിലനിർത്തുന്നതിന്റേയും പ്രാധാന്യത്തെക്കുറിച്ച് പറയുന്നു.
മഖ്ബറയിലേക്ക് മാത്രം പ്രവേശനമുള്ള ആ വാതിലിൽ, പള്ളിയുടെ നിർമാണം നടത്തിയ സയ്യദ് അഹമ്മദ് മരക്കാരിന്റേയും മകൻ അബ്ദു മരക്കാരിന്റേയും പേര് മാത്രമാണ് കൊത്തി വെച്ചിട്ടുള്ളത്. പള്ളി നിർമാണവുമായിബന്ധപ്പെട്ട മറ്റുള്ള ആളുകളുടെ പേരുകൾ പള്ളിയുടെ ഒന്നാം നിലയിലാണ് എഴുതിവെച്ചിട്ടുള്ളത്.അവിടെ അന്ത്യവിശ്രമം കൊള്ളുന്നവരെ കുറിച്ച് കൂടുതൽ പഠനവിധേയമാക്കേണ്ടതുണ്ട്.
വിദേശ ശക്തികൾക്കെതിരെ മലബാറിലെ മുസ്‌ലിം മുന്നേറ്റം ഈജിപ്തിനും സുമാത്രക്കും ഇടയിലുള്ള ഇന്ത്യൻ മഹാസമുദ്രത്തിലെ അറബികളുടെ വ്യാപാരബന്ധങ്ങൾ തകർക്കാൻ, ഇന്ത്യയിലെ ആദ്യത്തെ പോർട്ടുഗീസ് ഗവർണർ അൽഫോൻസോ ഡി അൽബുക്കർക്ക് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി പോർട്ടുഗീസുകാർ പതിനാറാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ മലബാറിൽ നടത്തിയ ആക്രമണങ്ങളുടെ ഭാഗമായി കേരളത്തിലെ പല പള്ളികളും മദ്രസകളും ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
1507 ലാണ് പോർട്ടുഗീസുകാർ ആദ്യമായി പൊന്നാനി പള്ളി ആക്രമിക്കുന്നത്. അത് പതിനാറാം നൂറ്റാണ്ടിന്റെ അവസാനം വരെ തുടർന്നുകൊണ്ടിരുന്നു. 1511ൽ കോഴിക്കോട്ടെ മിശ്കാൽ പള്ളി തീയിട്ടു നശിപ്പിക്കുന്നുണ്ട്. 1530 ൽ ചാലിയം പള്ളി ആക്രമിച്ച് അത് ഒരു കോട്ടയായി രൂപാന്തരപ്പെടുത്തിയിരുന്നു . അവർക്കെതിരെയുള്ള പോരാട്ടത്തിനു നേതൃത്വം കൊടുത്തത് മരക്കാർമാർ ആയിരുന്നു. പതിനാറാം നൂറ്റാണ്ടിൽ സാമൂതിരിയുടെ നാവികപ്പടയുടെ സർവ്വ സൈന്യാധിപനായിരുന്നു കുഞ്ഞാലി മരക്കാർ. 100 വർഷത്തോളം മരക്കാർ കുടുംബം പോർട്ട്ഗീസുകാർക്കെതിരെ ധീരമായി പോരാടിയിരുന്നു. 1507 മുതൽ 1600 വരെ കുഞ്ഞാലിമരക്കാർ ഒന്നാമൻ മുതൽ നാലാമൻ വരെ ഗുജറാത്ത് തീരം മുതൽ ശ്രീലങ്ക വരെ വ്യാപിച്ചു കിടക്കുന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ പോർട്ട്ഗീസ് നാവികപ്പടക്കെതിരെ പോരാടി ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. 1539ൽ സിലോണിന്റെ തീരത്ത് വച്ച് പോർട്ടുഗീസുകാർക്കെതിരെയുള്ള യുദ്ധത്തിൽ കുഞ്ഞാലിമരക്കാർ ഒന്നാമൻ രക്തസാക്ഷിയായി. പുതിയാകാവ് പള്ളിയും മഖാമും പുനർനിർമ്മിക്കാൻ നേതൃത്വം കൊടുത്തതും മരക്കാർ കുടുംബമാണെന്ന് പള്ളിയിൽ ആലേഖനം ചെയ്തിട്ടുള്ള ലിഖിതങ്ങൾ സാക്ഷ്യം വഹിക്കുന്നു.
പൊന്നാനിയിലെ ഖാദിയായിരുന്ന സൈനുദ്ദീൻ മക്തൂം രണ്ടാമൻ (1531-1583) എഴുതിയ 'തുഹ്ഫത്ത് അൽ മുജാഹിദീൻ' എന്ന ഗ്രന്ഥത്തിൽ 1498 മുതൽ 1583 വരെ പൊന്നാനിയിലും തീരപ്രദേശങ്ങളിലും
പോർട്ടുഗീസുകാരുടെ കീഴിൽ മുസ്‌ലിംകളും മറ്റുള്ളവരും അനുഭവിച്ച കൊടിയ ക്രൂരതകളെ കുറിച്ച് വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. തുടർന്ന് പോർട്ടുഗീസ് വിരുദ്ധ വികാരം മുസ്‌ലിംകളിലും ഹിന്ദുക്കളിലും വളർന്നു വരികയും അവർ പല ഭാഗങ്ങളിലും സാമൂതിരിയോടൊപ്പം ചേർന്ന് പോർട്ടുഗീസുകാരെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്.ഡച്ചുകാരുടെ വരവോടുകൂടി പോർട്ടുഗീസുകാരുടെ ആധിപത്യം കുറയുന്നുണ്ടെങ്കിലും മുസ്‌ലികളോടുള്ള ക്രൂരത തുടർന്നു കൊണ്ടേയിരുന്നു.1736 ൽ നിർമ്മിച്ച ഡച്ച് നാണയം പള്ളിയുടെ പരിസരത്ത് നിന്ന് കണ്ടെടുത്തതോടെ, 1717ൽ പുതിയകാവ് പള്ളി അഗ്‌നികിരയാക്കപ്പെട്ടതിനു ശേഷവും ഡച്ചുകാരുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നുവെന്ന് വ്യക്തമാവുന്നു.
ഷാർജ ഭരണാധികാരി ഡോ. സുൽത്താൻ മുഹമ്മദ് അൽ ഖാസിമി എഴുതിയ ഗൾഫിലെ അറബ് കടൽകൊള്ളയുടെ കെട്ടുകഥ എന്ന പുസ്തകത്തിൽ പോർട്ടുഗീസ് നാവികപടയേയും വിദേശ അധിനിവേശത്തേയും ചെറുക്കാൻ അറബികൾ പോരാടിയതിന്റെ ചരിത്രം വ്യക്തമായി വിവരിക്കുന്നുണ്ട്. 1797 മുതൽ 1820 വരെയുള്ള കാലഘട്ടത്തിൽ പേർഷ്യൻ ഗൾഫിന്റെ സമുദ്ര-രാഷ്ട്രീയ ചരിത്രത്തെ ആഴത്തിൽ പരിശോധിക്കുന്ന ഈ പുസ്തകം, പാശ്ചാത്യർ അറബികളുടെ മേൽ അടിച്ചേൽപ്പിച്ച കടൽക്കൊള്ളക്കാരുടെ ചരിത്രത്തെ, ചരിത്ര പിൻബലത്തോടെ സുൽത്താൻ എതിർക്കുന്നു. മലബാറിനും ഹോർമൂസ് കടലിടുക്കിനുമിടയിൽ വിദേശ ശക്തികളെ നേരിടാൻ യു.എ.ഇയിലെ റാസ് അൽ ഖൈമയിൽ അറബികൾ ശക്തമായ നാവികപടയെ ഒരുക്കിയിരുന്നു.
ചേരമാൻ പെരുമാളിന്റെ ചരിത്രങ്ങൾ വിവരിക്കുന്ന 'ഖിസ്സത്ത് ചക്രവർത്തി ഫർമാദ് ' പ്രകാരം, 629 സി.ഇയിൽ ചേരമാൻ പെരുമാൾ വഖഫ് ചെയ്തസ്ഥലത്ത് പണിത കൊടുങ്ങലൂരിലെ ചേരമാൻ ജുമാ മസ്ജിദാണ് ഇന്ത്യയിലെ ആദ്യത്തെ ജുമാ മസ്ജിദ്. ശേഷം വരുന്ന മറ്റ് ഒമ്പത് പള്ളികൾ, ഹിജ്‌റ 21 കാലഘട്ടത്തിൽ നിർമാണങ്ങൾ നടന്നവയാണെന്നും അതിൽ സൂചനയുണ്ട്. കൊല്ലത്തുള്ള ജോനകപ്പുറം വലിയ പള്ളി,കണ്ണൂർ ജില്ലയിലെ ഏഴിമല, കർണാടകത്തിലെ ബാർകുർ, മംഗലാപുരത്തെ പള്ളി,കാസർകോട്ടെ പള്ളി, കണ്ണൂരിലെ ശ്രീകണ്ഠപുരം ജുമാ മസ്ജിദ്, ധർമ്മപട്ടണം പള്ളി, കൊയിലാണ്ടിയിലെ ജുമാ മസ്ജിദ്,ചാലിയം പളളി എന്നിവയാണത്.
പ്രശസ്ത അറബ് സഞ്ചാരി ഇബ്‌നു ബത്തൂത്ത, മൊറോക്കോയിൽ നിന്ന് പുറപ്പെട്ട് 1342 നും 1347 നുമിടയിൽ കോഴിക്കോടും കൊല്ലവും സന്ദർശിക്കുന്നുണ്ട്. അതിലൊന്നും പുതിയകാവോ കൊടുങ്ങല്ലുരോ സന്ദർശിക്കുന്നതായി പരാമർശമില്ല. അദ്ദേഹത്തിന്റെ യാത്ര കോഴിക്കോട് നിന്ന് കടൽ മാർഗം കൊല്ലത്തേക്കും പിന്നിട് ചൈനയിലേക്കുമാണ്.1887 ൽ പ്രസിദ്ധീകരിച്ച, വില്യം ലോഗൻ എഴുതിയ മലബാർ മാനുവൽ,വാള്യം രണ്ടിൽ പൊന്നാനി താലൂക്കിൽ മതിലകത്ത് 1737 മുസ്‌ലിംകൾ താമസിക്കുന്നതായും അവിടെ ഒരു പള്ളി സ്ഥിതി ചെയ്യുന്നുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
1990 കളിൽ പുതിയകാവ് ജുമാ മസ്ജിദിന്റെ പുറംഭിത്തിയിൽ മാത്രം 19 വാതിലുകളും 43 ജനലുകളും ഉണ്ടായിരുന്നു. പണ്ടുകാലത്ത് വൈദ്യുതി വരുന്നതിനു മുമ്പ്, എണ്ണയൊഴിച്ച് തിരിയിട്ട് കത്തിക്കുന്ന കൽവിളക്കുകൾ പള്ളിക്ക് ചുറ്റും സ്ഥാപിച്ചിരുന്നു. നമസ്‌കാരത്തിനുള്ള പ്രധാന മുറിയിൽ മനോഹരമായ താമര ഇതളുകളോട് കൂടിയ മിഹ്‌റാബും തേക്കുതടിയിൽ നിർമ്മിച്ച മിമ്പറും പളുങ്ക് കൊണ്ട് നിർമ്മിച്ച വിളക്കുമുണ്ട്.
തേക്കുതടിയിൽ കടഞ്ഞെടുത്ത കൈപ്പിടികളുള്ള ഗോവണിയും പഴയകാലത്തെ ടെറാക്കോട്ടയിൽ നിർമ്മിച്ച ടൈൽസും പള്ളിയുടെ താഴത്തെ നിലയിലും ഒന്നാം നിലയും രണ്ടാം നിലയിലും കാണാം. ചിത്രപ്പണികളാൽ അലങ്കരിച്ച തേക്ക് നിർമിത മരത്തൂണുകളിൽ അറബിക് ലിപികൾ കൊത്തിവെച്ചത് പള്ളിയുടെ പല ഭാഗത്തും കാണാം.
പള്ളിയുടെ വലതുവശത്തായി പൗരാണീകമായ, കരിങ്കല്ലിൽ തീർത്ത വളരെ വിശാലമായ, അലങ്കാര മത്സ്യങ്ങളുണ്ടായിരുന്ന ഒരു ഹൗളും വെള്ളം കോരാൻ വേണ്ടി കൊട്ടക്കയിൽ പോലെ ഒരു വടിയോടുകൂടിയ കപ്പും അതുവയ്ക്കാൻ മുകളിൽ മരത്തിൽ തീർത്ത ഒരു തട്ടും ഉപയോഗിച്ച വെള്ളം ഒഴുകി പോകാൻ വേണ്ടി കരിങ്കല്ലിൽ തീർത്ത ഓവുചാലുമുണ്ടായിരുന്നു. കാലുകൾ ഉരച്ചു കഴുകുന്നതിന് വേണ്ടി കരിങ്കല്ലിൽ തീർത്ത അർദ്ധവൃത്താകൃതിയിലുള്ള കല്ലുകളും അതിന്റെ മൂലകളിൽ സ്ഥാപിച്ചിരുന്നു. 1990 ശേഷം പുതിയ ഹൗള് നിർമിക്കാൻ വേണ്ടി ആ ഭാഗം പൊളിച്ചു കളഞ്ഞു. ഹൗളിലേക്ക് വെള്ളം ഉപയോഗിക്കുന്നതിന്, കിഴക്കുഭാഗത്തായി പള്ളിയുടെ മുറ്റത്ത് പുരാതനമായ ഒരു കിണർ ഇന്നും കാണാം. ഒന്നാം നിലയിൽ മനോഹരമായ മട്ടുപ്പാവും പുഷ്പാലങ്കാരങ്ങളോടുകൂടിയ ചിത്രപ്പണികൾ ചെയ്ത തൂണുകളും അതിന്റെ മച്ചിൽ പുറമെ നിന്നും കാണാവുന്ന നിലയിൽ പള്ളിയുടെ ചരിത്രവും കൊത്തിവെച്ചിട്ടുണ്ട്. 17 ജനലുകളുള്ള വിശാലമായ മുറിയും മൂന്നാം നിലയിൽ ഉണ്ടായിരുന്നു. 1995 ന് ശേഷം നടന്ന പള്ളി വിപുലീകരണത്തിൽ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. പള്ളിയുടെ ഇടതുവശത്ത് മണ്ണുമാത്രം വിരിച്ച തറയിൽ (1998 വരെ) രണ്ടുപേരെ മറവു ചെയ്തിട്ടുള്ള ഒരു മഖ്ബറയും അവിടെക്കുള്ള വാതിലിനു മുകളിൽ അതിന്റെ ചരിത്രം എഴുതിയിട്ടുള്ള അറബിക് ലിപികൾ കൊത്തിവച്ചതും കാണാം. പള്ളിയുടെ വടക്കുവശത്ത് ഏകദേശം 100 മീറ്റർ നീളത്തിലും 50 മീറ്റർ വീതിയിലുമുള്ള ദീർഘ വൃത്താകൃതിയിൽ വിശാലമായ ഒരു പള്ളിക്കുളം ഇന്നും ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.
അടുത്തകാലത്ത് പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത്, പള്ളിപ്പറമ്പിൽ നിന്ന് കണ്ടെടുത്തിട്ടുള്ള ഏറ്റവും പഴക്കമുള്ള കരിങ്കല്ലിൽ തീർത്ത മീസാൻ കല്ലിൽ, ഭംഗിയായും വ്യക്തമായും അലങ്കാരപ്പണികളോടുകൂടി കൊത്തിവെച്ചിരിക്കുന്നത് പേർഷ്യൻ ഭാഷയിലോ, മറ്റു ഭാഷയിലോ ആണെന്ന് തോന്നുന്നു. അതിൽ 108 എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കൊല്ലവർഷമാണോ, ഹിജ്‌റ വർഷമാണോ അല്ലെങ്കിൽ മറ്റേതെങ്കിലും കലണ്ടറുമായി ബന്ധപ്പെട്ട വർഷമാണോ എന്ന് കൂടുതൽ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.
ചരിത്രപ്രാധാന്യമുള്ള പുതിയകാവ് ജുമാ മസ്ജിദും പരിസര പ്രദേശവും മലബാറിലെ പല ചരിത്ര സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. പള്ളിയിൽ കൊത്തി വെച്ചിട്ടുള്ള രണ്ട് അറബിക് രേഖകൾ മാത്രമാണ് പള്ളിയുടെ യഥാർത്ഥ ചരിത്രം വെളിപ്പെടുത്തുന്നത്. അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് അത് സംരക്ഷിക്കുന്നതോടൊപ്പം അതിനെ കുറിച്ച് കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടത്തുകയും പുതിയ തലമുറയെ ബോധവൽക്കരിക്കേണ്ടതുമുണ്ട്.
(ലേഖകൻ കേരളത്തിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും ജർമനിയിൽനിന്ന് കലയിലും കാലചരിത്രത്തിലും ബിരുദാനന്തര ബിരുദവും നേടിയശേഷം ഷാർജ യൂനിവേഴ്‌സിറ്റിയിൽ പത്ത് വർഷം അധ്യാപകനായിരുന്നു. ഇപ്പോൾ യൂറോപ്പിന്റെയും യു.എ.ഇ യുടെയും ചരിത്രപരമായ ബന്ധങ്ങളെ കുറിച്ച് യു.കെയിൽ ഗവേഷണം നടത്തുന്നു)