Sorry, you need to enable JavaScript to visit this website.

ചെമ്പഴന്തിയിലെ ജ്ഞാനതേജസ്സ്: നാടക ജൈത്രയാത്രയുമായി മറുനാടൻ മലയാളികൾ 

ശ്രീനാരായണ സേവാ സംഘം ഗുരുവിന്റെ ജീവിതവും ദർശനവും അരങ്ങിലെത്തിക്കുന്ന മെഗാ നാടകം 'ചെമ്പഴന്തിയിലെ ജ്ഞാനതേജസ്സ്' പ്രഥമ പോസ്റ്റർ പ്രകാശനം കൊൽക്കത്തയിൽ നടന്നപ്പോൾ. 

കൊൽക്കത്ത ശ്രീനാരായണ സേവാ സംഘത്തിന്റെ മുഖ്യസംഘാടനത്തിൽ ശ്രീനാരായണ ഗുരുദേവന്റെ ജീവിതവും ദർശനവുമടങ്ങിയ സമ്പൂർണ നാടകം ആദ്യമായി അരങ്ങൊരുങ്ങുന്നു. രണ്ടരമണിക്കൂറിലധികം ദൈർഘ്യം, അമ്പതിലധികം കഥാപാത്രങ്ങൾ, ഇരുപതോളം ദൃശ്യങ്ങൾ, നാട്ടിലും മറുനാട്ടിലും എണ്ണമറ്റ വേദികൾ, വ്യവസ്ഥാപിതമായ മുന്നൊരുക്കത്തോടെയാണ് ഗുരുവിന്റെ മഹത്വം അരങ്ങിന്റെ പ്രകാശമാക്കാൻ നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ച പാലക്കാട് സ്വദേശിയും ചലച്ചിത്ര- നാടക സംവിധായകനുമായ രവി തൈക്കാടും കൂട്ടരും ഒരുങ്ങുന്നത്.
സ്വർണമരം, സന്താൾ ഹുൽ, നാടകങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയനായ രവിയിൽ നിന്ന് പിറവിയെടുത്ത സർഗരചനകളും സിനിമാ നാടകാദി കലകളും മലയാളത്തിന്റെ സാഹിത്യസാംസ്‌കാരിക മണ്ഡലത്തിലെല്ലായിടത്തുമുണ്ട്.
നാല് പതിറ്റാണ്ടിലധികം നാടകത്തിന്റെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുകയും കൊൽക്കത്തയിൽ നാൽപതിലധികം സ്ത്രീകളെ പങ്കെടുപ്പിച്ച് രണ്ട് മെഗാ ചരിത്ര നാടകങ്ങൾ രവി തൈക്കാട് അവതരിപ്പിക്കുകയുമുണ്ടായിട്ടുണ്ട്. കേരളീയസമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരേയും ജാതീയമായ വേർതിരിവുകൾക്കെതിരേയും ശബ്ദമുയർത്തിയ ഗുരുവിന്റെ മഹത്തായ ദർശനത്തെ കേന്ദ്രീകരിക്കുന്നതാണ് നാടക പ്രമേയം. 
'ചെമ്പഴന്തിയിലെ ജ്ഞാനതേജസ്സ്' എന്ന പേരിൽ മെഗാ നാടകമാണ് അവതരണത്തിന് തയ്യാറാവുന്നത്. മറുനാട്ടിലെ മലയാളികളൊരുക്കുന്ന ഗുരുദേവനെക്കുറിച്ചുളള നാടകത്തിൽ നൂറ്റിഇരുപതിലധികം വ്യത്യസ്ത കഥാപാത്രങ്ങൾക്ക് വേഷം പകരുന്നത് അമ്പതിലധികം പുരുഷന്മാരും സ്ത്രീകളും കുട്ടികളുമാണ്.
ഇരുപതോളം ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ നാടകത്തിൽ കേരളത്തിന്റെ കറുത്ത കാലത്തെ സാമൂഹിക ദുരവസ്ഥയും അയിത്തം തീണ്ടൽ ജാതിവിവേചനം തുടങ്ങിയ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഗുരുദേവന്റെ ശക്തമായ ഇടപെടലിലൂടെ ഇല്ലാതാക്കുകയും കേരളത്തിന്റെ നവോത്ഥാനത്തിന് തുടക്കമിട്ട സംഭവങ്ങളും ഒരുക്കിയാണ് നാടകരചന നിർവ്വഹിച്ചിരിക്കുന്നത്. കൊൽക്കത്തയിലെ ബിഹാല ശരത് സദനിലാണ് ഈ ഉജ്വല നാടകത്തിന്റെ പ്രഥമ അവതരണം.
കൊൽക്കത്തയിലെ അവതരണത്തിനുശേഷം കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഗുരുദേവ ദർശനങ്ങളുടെ പ്രചരണാർത്ഥം ഈ നാടകം അവതരിപ്പിക്കുവാൻ ശ്രീനാരായണ സേവാ സംഘം ആഗ്രഹിക്കുന്നുണ്ട്.
പ്രഥമ പോസ്റ്റർ പ്രകാശനം കൊൽക്കത്ത എസ് എൻ എസ് എസ് സമുച്ചയത്തിൽ എസ് എൻ എസ് എസ് പ്രസിഡണ്ട് റിട്ട. ഐ. എ. എസ്. ആർ കെ പ്രസന്നൻ, ബംഗാൾ സ്മാൾ ഇൻഡസ്ട്രീസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ നിഖിൽ നിർമൽ ഐ. എ.എസിനു നൽകി പ്രകാശനം ചെയ്തു.
കൊൽക്കത്ത ഭാരതീയ വിദ്യാഭവൻ മാനേജിങ് ഡയറക്ടർ ഡോ.ജി വി സൂബ്രഹ്മണ്യൻ, കൊൽക്കത്ത യൂണിവേഴ്‌സിറ്റി ലിങ്കുസ്റ്റ് പ്രൊഫ.സ്മിത ബാദുരി,പ്രൊഫ. ബുയ്യ,ഡോ കെ കെ കൊച്ചുകോശി, ഡോ. പി എം ജി നമ്പീശൻ,ബാപ്പി മജുംദർ,ആഷാ സനിൽ, എസ് എൻ എൻ എസ് വൈസ് പ്രസിഡണ്ട് സുതൻ ഭാസ്‌ക്കരൻ,സെക്രട്ടറി ആർ യു അജിത് കുമാർ, കോ-ഓർഡിനേറ്റർ ഗീതാ സുതൻ, കൺവീനർ മോഹനൻ നായർ എന്നിവർ സംസാരിച്ചു. കേരളീയരെ സാമൂഹികമായി പരിവർത്തിപ്പിക്കുന്നതിൽ നായകത്വം വഹിച്ച യുഗപുരുഷന്റെ ഉദ്വേഗഭരിതമായ ജീവിതത്തിന്റെ മനോഹരമായ രംഗാവതരണമാണ് ഈ നാടകം.മത- രാഷ്ട്രീയ ദർശനങ്ങൾക്കും ചിന്തകൾക്കുമപ്പുറം മാനവീകതയാണ് ഗുരുവിന്റെ ജീവിത സന്ദേശം.
ജാതിചിന്തയുടെയും അയിത്താചാരങ്ങളുടെയും ഘനാന്ധകാരത്തിൽ കഴിഞ്ഞിരുന്ന കേരളീയ സമൂഹത്തെ സാമൂഹ്യ പുരോഗതിയിലേക്കും സഹവർത്തിത്വത്തിലേക്കും നയിച്ച് പ്രകാശമാനമാക്കിയ ഗുരുവിന്റെ കർമ്മ ധീരമായ ജീവിതവും നാടകത്തിന്റെ പ്രമേയമായി ചർച്ച ചെയ്യും. മനുഷ്യർക്കിടയിൽ വിഭാഗീയതയും മത ജാതി വിഭജനവും നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഗുരുവിന്റെ ജീവിതയാത്രയിലേക്ക് സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും ജാലകം തുറന്നിടുന്നു ഈ നാടകം. 

 

Latest News