കച്ചവടം മനോഹരമായ ഒരു കലയാക്കി മാറ്റിയപ്പോഴും കലയിൽ കച്ചവടം കലർത്താൻ അയാളുടെ മനസ്സ് അനുവദിച്ചതേയില്ല. പ്രാരബ്ധങ്ങളേറെയുള്ള കുടുംബമൊന്ന് കരകേറി കാണാനും അല്ലല്ലില്ലാതെ നിത്യവൃത്തി കഴിഞ്ഞു കൂടാനും കൗമാരം കടക്കും മുമ്പേ ബാപ്പയ്‌ക്കൊപ്പം ചുമടെടുക്കാൻ ഇറങ്ങിയ ഹനീഫ ചെലപ്രം എന്ന മനുഷ്യൻ ജീവിതത്തിന്റെ ഒരു ദശാസന്ധിയിലും തന്റെയുള്ളിലെ സംഗീത പ്രണയത്തെ പാതിവഴിയിൽ ഉപേക്ഷിച്ചില്ല. അറിയപ്പെടുന്ന ഒരു ഗായകനാവുക എന്ന, തന്നെക്കാൾ വേഗത്തിൽ വളർന്ന ആ സ്വപ്നത്തെ അയാൾ അത്രമേൽ നെഞ്ചിലേറ്റിയിരുന്നു.
ഇന്ന്, കോഴിക്കോട് മാവൂർ റോഡിൽ സ്ഥിതി ചെയ്യുന്ന സ്‌പേസ് മാളിലെ ഒന്നാം നിലയിൽ വൈറ്റ് മാൻ, മുള്ളർ എന്നീ വിപണന മൂല്യമേറെയുള്ള ജന്റ്‌സ് ഷർട്ടുകളുടെ മൂന്ന് ബ്രാൻഡുകളുടെ ഉൽപാദകനും വിതരണക്കാരനുമായ ഹനീഫ ചെലപ്രം ഈ തിരക്കുകൾക്കും ബാധ്യതകൾക്കുമിടയിലും പാടാനും പാട്ട് പഠിക്കാനും തന്നെ തേടിയെത്തുന്ന വേദികളിൽ മുറ തെറ്റാതെ സാന്നിധ്യമറിയിക്കാനും സമയം കണ്ടെത്തുന്നു എന്നത് തന്നെയാണ് സംഗീതത്തോടുള്ള അയാളുടെ പ്രണയത്തിനുള്ള ദൃഷ്ടാന്തം.
ആറാം ക്ലാസ് മുതൽ സ്‌കൂൾ യുവജനോത്സവങ്ങളിൽ സജീവമായി പങ്കെടുത്തു സമ്മാനങ്ങൾ മേടിച്ചിരുന്ന ഹനീഫക്ക് പക്ഷെ കലാരംഗത്ത് യാതൊരു വിധ പാരമ്പര്യമോ മുൻഗാമികളോ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല വേണ്ട രീതിയിൽ പ്രോത്സാഹിപ്പിക്കാനോ അഭിനന്ദിക്കാനോ പോലും ആളുണ്ടായിരുന്നില്ല എന്നതാണ് സത്യം.
അവിടം മുതൽ ഓരോ ക്ലാസും ഓരോ വയസ്സും പിന്നിടുമ്പോഴും കലാ രംഗത്തെ പ്രകടന -മത്സര വേദികളും മാറിക്കൊണ്ടിരുന്നു. സ്‌കൂൾ യുവജനോത്സവങ്ങളിൽ പങ്കെടുത്തു കൊണ്ടിരുന്ന പയ്യൻ നാട്ടിലെ ക്ലബ്ബുകളിലെ ആഘോഷ പരിപാടികളിലും മത്സരങ്ങളിലും സ്ഥിരം സാന്നിധ്യമായി മാറി. സമ്മാനങ്ങൾ നേടികൊണ്ടിരുന്നു. നാട്ടിലെ കല്യാണ വീടുകളിലും പാട്ടു പരിപാടികളിലും ആ പതിനാറുകാരൻ ഒഴിച്ച് കൂടാനാവാത്ത ഒരു സാന്നിധ്യമായി മാറുകയായിരുന്നു.
പത്തൊമ്പതാം വയസ്സിൽ താൻ ജോലി ചെയ്തിരുന്ന പീസ് ഗുഡ്‌സ് മർച്ചെന്റ്‌സ് എന്ന റെഡിമെയ്ഡ് കടയിലുള്ളവർ കോഴിക്കോട് ടൗൺ ഹാളിൽ കോഴിക്കോട് മാപ്പിള കലാ ലവേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പാടാൻ അവസരം ഒരുക്കിക്കൊടുത്തു. അവിടെ പാടിയതിന് അന്നത്തെ കലക്ടർ അമിതാഭ് കാന്തിൽനിന്ന് മെമന്റോ ഏറ്റുവാങ്ങിയത് തന്റെ വീട്ടിൽ ചില്ലലമാരയിലും ആ ധന്യ നിമിഷങ്ങൾ തന്റെ ഹൃദയത്തിന്നാഴങ്ങളിലും ഭദ്രമാണെന്ന് ഹനീഫ അഭിമാനത്തോടെ പറയുന്നു.
അന്നന്നത്തെ അന്നത്തിനും കുടുംബത്തെ ഒരു കരക്കെത്തിക്കാനുമായി കുടുംബത്തിലെ മൂത്ത ആൺതരിയായ ഹനീഫ തന്റെ ഇരുപത്തി മൂന്നാമത്തെ വയസ്സിൽ ദുബായിലേക്ക് പറന്നു. അവിടുത്തെ സൂപ്പർ മാർക്കറ്റിലെ ജോലിക്ക് ഇടവേളകളിലും അവധി ദിവസങ്ങളിലും കലയുടെ വഴികളിലേക്ക് തന്നെയാണ് ചെന്നെത്തി ചേർന്നത്.
ദുബായിൽ പരിപാടികൾക്കെത്തുന്ന പ്രമുഖരായ നിരവധി കലാകാരന്മാർക്കൊപ്പം ചേർന്നു നിൽക്കാനും വേദി പങ്കിടാനും സാധിച്ചത് തന്റെ ജീവിതത്തിലെ സൗഭാഗ്യമായി ഹനീഫ കരുതുകയാണ്.
ദുബായിലും ഇവിടെ നാട്ടിലുമായി വാണി ജയറാം, അഫ്‌സൽ, വിജയ് യേശുദാസ്, സുജാത, പീർ മുഹമ്മദ്, എം.ജി.ശ്രീകുമാർ തുടങ്ങി നിരവധി കലാകാരന്മാർക്കൊപ്പം പാടാനും, അവരെല്ലാം പാടിത്തിമിർത്ത വേദിയിൽ തന്റെതായ ശൈലി കൊണ്ട് സുപ്രസിദ്ധ കലാകാരന്മാരുടെയും ശ്രദ്ധ പിടിച്ചെടുക്കാൻ ഹനീഫക്ക് സാധിച്ചിട്ടുണ്ട്. ഹനീഫ ഇപ്പോൾ കോഴിക്കോട് മാപ്പിള കലാ ലവേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ ഭാരവാഹി കൂടിയാണ്.
ആഷിർ വടകര എഴുതിയ 'കത്തിനുള്ളിൽ' ,'മൊഞ്ചത്തി ആയിഷ', ബാപ്പു വെള്ളിപ്പറമ്പിന്റെ രചനയിൽ 'ഇൻസ്' തുടങ്ങിയ ആൽബങ്ങൾ യൂട്യൂബിൽ ചുരുങ്ങിയ കാലം കൊണ്ട് പതിനായിരക്കണക്കിന് ആളുകൾ കാണുകയുണ്ടായി. ഇത്തവണത്തെ കലാ കൈരളി പുരസ്‌കാരത്തിന് സംഗീത മേഖലയിൽനിന്ന് ഹനീഫ ചെലപ്രത്തെ തെരഞ്ഞെടുക്കുമ്പോൾ, അത് പാട്ടിന്റെ വഴികളിൽ അയാൾ നടത്തിയ ആത്മാർത്ഥമായ ഒരു തീർത്ഥയാത്രക്കുള്ള പാഥേയമാണെന്ന് മാത്രമല്ല, സ്വന്തം ജീവിതവും കുടുംബവും കര പിടിച്ചു കാണാനുള്ള നെട്ടോട്ടത്തിനിടയിലും ഉള്ളിലുള്ള കലയെ കാത്തു സൂക്ഷിച്ചവന് കാലം കനിഞ്ഞരുളിയ വരദാനം കൂടിയാണ്.