ലാഹോര്‍ - ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ പാക്കിസ്ഥാന്‍ പെയ്‌സ്ബൗളര്‍ നസീം ഷാക്ക് ലോകകപ്പ് നഷ്ടപ്പെട്ടേക്കും. ചുമലിലെ പരിക്ക് കരുതിയതിനെക്കാള്‍ ഗുരുതരമാണെന്ന് ദുബായില്‍ നടത്തിയ സ്‌കാനിംഗില്‍ വ്യക്തമായി. ഈ വര്‍ഷം ഇനി കളിക്കാനാവില്ലെന്നാണ് ബൗളര്‍ക്ക് കിട്ടിയ വൈദ്യോപദേശം. ലോകകപ്പ് മാത്രമല്ല അടുത്ത വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ പര്യടനവും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗുമൊക്കെ ഇരുപത്തൊന്നുകാരന് നഷ്ടപ്പെടും.
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരെ 46ാം ഓവര്‍ എറിയുന്നതിനിടെയാണ് നസീമിന്റെ പരിക്ക് വഷളായത്. റിസര്‍വ് ദിനത്തിലായിരുന്നു പരിക്ക്. പാക്കിസ്ഥാന്‍ പൊരുതി നേടിയതായിരുന്നു ഇന്ത്യക്കെതിരായ കളിയിലെ റിസര്‍വ് ഡേ.
നസീമും ശാഹിന്‍ ഷാ അഫ്‌രീദിയും ഹാരിസ് റഊഫുമടങ്ങുന്ന പാക്കിസ്ഥാന്‍ പെയ്‌സ് നിര ഏത് ടീമിനോടും കിടപിടിക്കുന്നതാണ്. ഏഷ്യാ കപ്പില്‍ സമാന്‍ ഖാനാണ് പകരം ടീമിലെത്തിയത്. സാധ്യതയുള്ള മറ്റൊരു ബൗളര്‍ മുഹമ്മദ് ഹസനൈനും പരിക്കാണ്.
പതിനേഴാം വയസ്സിലുണ്ടായ പുറംവേദന കാരണം നസീമിന് ഒരു വര്‍ഷത്തിലേറെ പുറത്തിരിക്കേണ്ടി വന്നിരുന്നു. പിന്നീട് ചുമല്‍ വേദനയും അലട്ടിയിരുന്നു. 2022 ജൂലൈക്കു ശേഷം ഏറ്റവുമധികം പന്തെറിഞ്ഞ ബൗളര്‍മാരിലൊരാളാണ് നസീം.
കൂടുതല്‍ താരങ്ങള്‍
ന്യൂസിലാന്റിന്റെ ടിം സൗതി, ശ്രീലങ്കയുടെ മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, ദില്‍ഷന്‍ മധുശങ്ക, ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, ബംഗ്ലാദേശിന്റെ തമീം ഇഖ്ബാല്‍, ഇബാദത് ഹുസൈന്‍, ദക്ഷിണാഫ്രിക്കയുടെ അയ്ന്റ നോകിയ, ഓ്‌സ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് തുടങ്ങിയവരെല്ലാം പരിക്കിന്റെ പിടിയിലാണ്. ഇവരില്‍ പലരും ലോകകപ്പിനുണ്ടാവില്ല. ഒക്ടോബര്‍ അഞ്ചിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.