റിയാദ് - സൗദി പ്രൊ ലീഗ് ഫുട്‌ബോളില്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെയും സാദിയൊ മാനെയുടെയും ഗോളുകള്‍ വീണ്ടും അന്നസ്‌റിന് വിജയം സമ്മാനിച്ചു. രണ്ടാം പകുതി മുഴുവന്‍ പത്തു പേരുമായി കളിക്കേണ്ടി വന്ന അല്‍റഅദിനെ അവര്‍ 3-1 ന് തോല്‍പിച്ചു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ മാനെയുടെ ഗോളില്‍ അന്നസ്ര്‍ മുന്നിലെത്തിയതിനു പിന്നാലെയാണ് അല്‍റഅദിന്റെ ബന്ദര്‍ വഅശി ചുവപ്പ് കാര്‍ഡ് കണ്ടത്. ഇടവേള കഴിഞ്ഞയുടനെ ആന്‍ഡേഴ്‌സന്‍ ടാലിസ്‌കയും 78ാം മിനിറ്റില്‍ റൊണാള്‍ഡോയും സ്‌കോര്‍ ചെയ്തു. 89ാം മിനിറ്റില്‍ പെനാല്‍്ട്ടിയിലൂടെ മുഹമ്മദ് ഫുസൈറാണ് റഅദിന്റെ ആശ്വാസ ഗോള്‍ സ്‌കോര്‍ ചെയ്തത്. ആറ് കളിയില്‍ നാലാം ജയവുമായി അന്നസ്ര്‍ അഞ്ചാം സ്ഥാനത്താണ്. റൊണാള്‍ഡൊ ഏഴു ഗോളുമായി ഒന്നാം സ്ഥാനത്തുണ്ട്. മാനെ ആറ് ഗോളടിച്ചു
നെയ്മാറിന്റെ അരങ്ങേറ്റം അല്‍ഹിലാല്‍ ആഘോഷമാക്കി. 6-1 ന് അല്‍റിയാദിനെ തകര്‍ത്ത് അവര്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. അവസാന 26 മിനിറ്റിലാണ് നെയ്മാര്‍ കളത്തിലിറങ്ങിയത്. നെയ്മാര്‍ ഗോളടിച്ചില്ലെങ്കിലും അതിനു ശേഷം ഹിലാല്‍ മൂന്നു തവമ എതിര്‍ വല കുലുക്കി.
അലക്‌സാണ്ടര്‍ മിത്രോവിച്ചിന്റെയും (30ാം മിനിറ്റ്) യാസിര്‍ അല്‍ശഹ്‌റാനിയുടെയും (ആദ്യ പകുതിയുടെ ഇഞ്ചുറി ടൈം), നാസര്‍ അല്‍ദോസരിയുടെയും (68) ഗോളുകളില്‍ അല്‍ഹിലാല്‍ 3-0 ന് ലീഡ് ചെയ്യുമ്പോഴാണ് നെയ്മാര്‍ കളത്തിലിറങ്ങിയത്. 83ാം മിനിറ്റില്‍ ബ്രസീല്‍ താരം മാല്‍ക്കം നേടിയ ഗോളിന് അവസരമൊരുക്കിയത് നെയ്മാറായിരന്നു. സാലിം അല്‍ദോസരി രണ്ടു ഗോളടിച്ചു. 87ാം മിനിറ്റില്‍ കിട്ടിയ പെനാല്‍ട്ടി ദോസരിയാണ് എടുത്തത്. ഇഞ്ചുറി ടൈമില്‍ വീണ്ടും ദോസരി സ്‌കോര്‍ ചെയ്തു. അവസാന സെക്കന്റില്‍ അലി അല്‍സഖനിലൂടെ അല്‍റിയാദ് ആശ്വാസ ഗോള്‍ കണ്ടെത്തി.
നെയ്മാര്‍ കഴിഞ്ഞ മാസമാണ് ഒമ്പത് കോടി യൂറോയുടെ കരാറില്‍ പി.എസ്.ജിയില്‍ നിന്ന് ഹിലാലിലെത്തിയത്. പരിക്കു കാരണം ഇതുവരെ അരങ്ങേറാന്‍ സാധിച്ചിരുന്നില്ല. 64ാം മിനിറ്റില്‍ ബ്രസീലുകാരനായ മൈക്കിളിനു പകരമാണ് മുപ്പത്തൊന്നുകാരന്‍ കളത്തിലെത്തിയത്. കഴിഞ്ഞയാഴ്ച ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കളിച്ച നെയ്മാര്‍ ഇരട്ട ഗോളോടെ പെലെയെ മറികടന്ന് ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു.