വുള്‍വര്‍ഹാംപ്റ്റന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ശനി ദശ തുടരുന്നു. സ്വന്തം ഗ്രൗണ്ടില്‍ അവര്‍ ബ്രൈറ്റനോട് 1-3 ന് തോറ്റു. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇടവേളയില്‍ പിന്നിലായ ശേഷം വെസ്റ്റ്ഹാമിനെ എവേ മത്സരത്തില്‍ 3-1 ന് തോല്‍പിച്ചു. അഞ്ചു കളിയില്‍ സിറ്റിയുടെ അഞ്ചാം ജയമാണ് ഇത്. എല്ലാ കളിയും ജയിച്ച ഏക ടീമാണ് അവര്‍. ലിവര്‍പൂളും ആദ്യം ഗോള്‍ വഴങ്ങിയ ശേഷം വിജയക്കുതിപ്പ് നിലനിര്‍ത്തി. ടോട്ടനത്തെ ഷെഫീല്‍ഡ് യുനൈറ്റഡ് 1-0 ന് തോല്‍പിച്ചു.
നേരത്തെ ടോട്ടനത്തോടും ആഴ്‌സനലിനോടും തോറ്റ യുനൈറ്റഡ് സീസണിലെ മൂന്നാം തോല്‍വിയാണ് വാങ്ങിയത്. വുള്‍വര്‍ഹാംപ്റ്റനോടും നോട്ടിംഗ്ഹാമിനോടും കഷ്ടിച്ച് ജയവുമായി അവര്‍ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ സീസണിലും യുനൈറ്റഡിനെ അവരുടെ കളിത്തട്ടില്‍ ബ്രൈറ്റന്‍ തോല്‍പിച്ചിരുന്നു. അഞ്ചു കളിയില്‍ ബ്രൈറ്റന്റെ നാലാം ജയമാണ്.
ചാമ്പ്യന്മാര്‍ക്കെതിരെ ജെയിംസ് പ്രൗസിലൂടെ ലീഡ് നേടിയ വെസ്റ്റ്ഹാം ഇടവേളക്കു ശേഷമാണ് തകര്‍ന്നത്. ജെറമി ദോകുവിന്റെ സമനില ഗോളോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. ബെര്‍ണാഡൊ സില്‍വയും (76ാം മിനിറ്റ്) എര്‍ലിംഗ് ഹാളന്റും (86) വിജയമുറപ്പിച്ചു.
ലീഡ് വഴങ്ങിയ ശേഷം അവസാന വേളയിലെ ഇരട്ട ഗോളില്‍ ലിവര്‍പൂള്‍ 3-1 ന് വുള്‍വര്‍ഹാംപ്റ്റന്‍ വാന്‍ഡറേഴ്‌സിനെ തോല്‍പിച്ചു. ഏഴാം മിനിറ്റില്‍ ഹ്വാംഗ് ഹീ ചാന്‍ നേടിയ ഗോളില്‍ ഇടവേളയില്‍ 0-1 ന് പിന്നിലായ ലിവര്‍പൂള്‍ കോഡി ഗാക്‌പോ, ആന്‍ഡി റോബര്‍ട്‌സന്‍ എന്നിവരിലൂടെയാണ് തിരിച്ചടിച്ചത്. ഇഞ്ചുറി ടൈമില്‍ ഹ്യൂഗൊ ബ്യൂണോയുടെ സെല്‍ഫ് ഗോള്‍ സ്‌കോര്‍ നില 3-1 ആക്കി.
2016 നു ശേഷം ആദ്യമായി കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ ലിവര്‍പൂളിന് സാധിച്ചിരുന്നില്ല. ഉദ്ഘാടന മത്സരത്തില്‍ ചെല്‍സിയുമായി സമനില സമ്മതിച്ച ശേഷം ലിവര്‍പൂളിന്റെ തുടര്‍ച്ചയായ നാലാം ജയമാണ് ഇത്.