വുള്‍വര്‍ഹാംപ്റ്റന്‍ - ലീഡ് വഴങ്ങിയ ശേഷം അവസാന വേളയിലെ ഇരട്ട ഗോളില്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂള്‍ ജയിച്ചു. 3-1 ന് വുള്‍വര്‍ഹാംപ്റ്റന്‍ വാന്‍ഡറേഴ്‌സിനെ തോല്‍പിച്ച ലിവര്‍പൂള്‍ അഞ്ചാം റൗണ്ട് പിന്നിട്ടപ്പോള്‍ അജയ്യരായി തുടരുകയാണ്. ഏഴാം മിനിറ്റില്‍ ഹ്വാംഗ് ഹീ ചാന്‍ നേടിയ ഗോളില്‍ ഇടവേളയില്‍ 0-1 ന് പിന്നിലായ ലിവര്‍പൂള്‍ കോഡി ഗാക്‌പോ, ആന്‍ഡി റോബര്‍ട്‌സന്‍ എന്നിവരിലൂടെയാണ് തിരിച്ചടിച്ചത്. ഇഞ്ചുറി ടൈമില്‍ ഹ്യൂഗൊ ബ്യൂണോയുടെ സെല്‍ഫ് ഗോള്‍ സ്‌കോര്‍ നില 3-1 ആക്കി.
2016 നു ശേഷം ആദ്യമായി കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ ലിവര്‍പൂളിന് സാധിച്ചിരുന്നില്ല. ഉദ്ഘാടന മത്സരത്തില്‍ ചെല്‍സിയുമായി സമനില സമ്മതിച്ച ശേഷം ലിവര്‍പൂളിന്റെ തുടര്‍ച്ചയായ നാലാം ജയമാണ് ഇത്.
55ാം മിനിറ്റ് വരെ ലിവര്‍പൂള്‍ പിന്നിലായിരുന്നു. ഈ സീസണിലെ തന്റെ ആദ്യ ഗോളിലൂടെ ഗാക്‌പൊ തുല്യത വരുത്തി. 85ാം മിനിറ്റില്‍ റോബര്‍ട്‌സന്‍ സ്‌കോര്‍ ചെയ്തു.