ലണ്ടന്‍ - ഫോം നഷ്ടപ്പെട്ടതിന്റെ പേരില്‍ മാനസിക പിരിമുറുക്കം നേരിടുന്ന ബ്രസീല്‍ ഫോര്‍വേഡ് റിച്ചാര്‍ലിസന്‍ മാനസികാരോഗ്യ വിദഗ്ധനെ കാണുന്നു. ലോകകപ്പിനു ശേഷം ബ്രസീലിനു വേണ്ടി ഗോളടിക്കാന്‍ റിച്ചാര്‍ലിസന് സാധിച്ചിട്ടില്ല. 2022 ജൂലൈയില്‍ ടോട്ടനത്തില്‍ ചേര്‍ന്ന ശേഷം ഒരു ഗോള്‍ മാത്രമാണ് നേടിയത്. ഇരുപത്താറുകാരന് എല്ലാ പിന്തുണയും നല്‍കുമെന്നും ആഗ്രഹിക്കുന്ന നിലവാരത്തിലെത്താന്‍ സഹായിക്കുമെന്നും ടോട്ടനം കോച്ച് ആന്‍ഗെ പോസ്റ്റകോഗ്‌ലു പറഞ്ഞു.
ഹാരി കെയ്ന്‍ ബയേണ്‍ മ്യൂണിക്കിലേക്ക് പോയതോടെ റിച്ചാര്‍ലിസന്‍ ടോട്ടനം പ്ലേയിംഗ് ഇലവനില്‍ സ്ഥിരം സ്ഥാനം നേടുമെന്നാണ് കരുതിയത്. ഈ സീസണില്‍ ആദ്യ നാല് കളികളില്‍ സ്റ്റാര്‍ടിംഗ് ഇലവനിലുണ്ടായിരുന്നു. ലീഗ് കപ്പില്‍ ഒരു ഗോളടിച്ചു. എന്നാല്‍ വൈകാതെ റിസര്‍വ് ബെഞ്ചിലേക്ക് പോയി. സോന്‍ ഹ്യുംഗ് മിന്നായി ടീമിന്റെ സെന്‍ട്രല്‍ സ്‌ട്രൈക്കര്‍.