ന്യൂദല്‍ഹി - ഒമ്പതു വര്‍ഷത്തെ ഇടവേളക്കു ശേഷം ഏഷ്യന്‍ ഗെയിംസിന്റെ ഫുട്‌ബോളില്‍ പങ്കെടുക്കുന്ന ഇന്ത്യ ഏതാനും സീനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്തി നിര ശക്തമാക്കി. ഐ.എസ്.എല്‍ ക്ലബ്ബുകള്‍ കളിക്കാരെ വിട്ടുനല്‍കാന്‍ വിസമ്മതിച്ചതോടെ കോച്ച് ഇഗോര്‍ സ്റ്റിമാച് ആദ്യം പ്രഖ്യാപിച്ച ടീമില്‍ മാറ്റം വരുത്തേണ്ടി വന്നിരുന്നു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി മാത്രമേ സീനിയര്‍ കളിക്കാരനായി ടീമിലുണ്ടായിരുന്നുള്ളൂ. ഐ.എസ്.എല്‍ നീട്ടിവെക്കാന്‍ നിത അംബാനി ചെയര്‍പേഴ്‌സനായ ഐ.എസ്.എല്‍ കമ്മിറ്റിയും തയാറായില്ല.
ഇത് വിവാദമായതോടെയാണ് ഏതാനും സീനിയര്‍ കളിക്കാര്‍ നിലപാട് മാറ്റിയത്. ഇതോടെ സന്ദേശ് ജിംഗന്‍ ഇന്ത്യക്ക് കളിക്കാന്‍ തയാറായി. ചിന്‍ഗ്ലന്‍സേന സിംഗ്, ലാല്‍ചുംഗ്‌നുംഗ എന്നിവരെയും ടീമിലുള്‍പെടുത്തി. ഹെഡ് കോച്ചായി സ്റ്റിമാചും ടീമിനൊപ്പം ചൈനയിലേക്ക് പോവും. മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം നവോറെം മഹേഷ് സിംഗിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും.
കൂടുതല്‍ സീനിയര്‍ കളിക്കാര്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് ഛേത്രി പ്രസ്താവിച്ചു. ഏഷ്യന്‍ ഗെയിംസില്‍ കളിക്കാനുള്ള അവസരം വലിയ ആഹ്ലാദം നല്‍കുന്നു. രാജ്യത്തിനു വേണ്ടി അഭിമാനത്തോടെ പൊരുതുമെന്ന് ഉറപ്പ് നല്‍കുന്നു -ഛേത്രി പറഞ്ഞു. ജിന്‍ഗന്‍ എഫ്.സി ഗോവയുടെയും ചിന്‍ഗ്ലന്‍സാന ഹൈദരാബാദ് എഫ്.സിയുടെയും കളിക്കാരനാണ്. ഐ.എസ്.എല്ലിലെ എഫ്.സി ഗോവ-ഹൈദരാബാദ് എഫ്.സി മത്സരം മാറ്റി നിശ്ചയിച്ചു.
ആതിഥേയരായ ചൈനക്കെതിരെ 19 നാണ് ഇന്ത്യയുടെ ആദ്യ മത്സരം. 21 ന് ബംഗ്ലാദേശുമായും 24 ന് മ്യാന്മറുമായും ഏറ്റുമുട്ടും.