Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

79 ാം വയസ്സിൽ ഇന്ത്യൻ ടീമിൽ

റിത ചോക്‌സി

ന്യൂദൽഹി - റീത ചോക്‌സിക്ക് ഏഷ്യൻ ഗെയിംസുമായി ദീർഘകാലത്തെ ബന്ധമുണ്ട്. 1982 ലെ ഏഷ്യൻ ഗെയിംസിനായി ദൽഹിയിൽ പണിത ഏഷ്യാഡ് വില്ലേജ് ഹൗസിംഗ് കോംപ്ലക്‌സുകളിലൊന്നാണ് വർഷങ്ങളായി അവർ താമസിക്കുന്നത്. പക്ഷെ ഏഷ്യാഡിൽ പങ്കെടുക്കാൻ തനിക്ക് അവസരം കിട്ടുമെന്ന് സ്വപ്‌നത്തിൽ പോലും അവർ കരുതിയിരുന്നില്ല. ജക്കാർത്ത ഏഷ്യാഡിൽ പങ്കെടുക്കുന്ന ഇന്ത്യയുടെ ഇരുപത്തിനാലംഗ ബ്രിഡ്ജ് (കാർഡ് കളി) ടീമിന്റെ ഭാഗമായിരിക്കുകയാണ് എഴുപത്തൊമ്പതുകാരി. ബ്രിഡ്ജ് മത്സരം ഏഷ്യാഡിൽ അരങ്ങേറ്റം കുറിക്കുകയാണ്. ഇന്ത്യൻ ബ്രിഡ്ജ് ടീമിന്റെ ശരാശരി പ്രായം അറുപതിന് മുകളിലാണ്. 70 കഴിഞ്ഞ നാലു പേർ ടീമിലുണ്ട്. ഈ ഏഷ്യാഡിൽ പങ്കെടുക്കുന്ന പ്രായമേറിയ താരമെന്ന ബഹുമതി റീതക്ക് കിട്ടാൻ സാധ്യതയേറെയാണ്. ജക്കാർത്തയിൽ ഇന്ത്യയുടെ 550 അംഗ സംഘത്തോടൊപ്പം ഏഷ്യൻ ഗെയിംസ് ഗ്രാമത്തിൽ താമസിക്കുന്ന ദിനങ്ങൾക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് അവർ. 
നിത്യേന നടക്കുകയും മത്സ്യവും പച്ചക്കറിയും കഴിക്കുകയും ചെയ്യുന്ന റീതക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. എന്നാൽ ബ്രിഡ്ജ് ടീമിലെ മറ്റു പലരും ആരോഗ്യപ്രശ്‌നങ്ങളുള്ളവരാണ്. ഏതൊക്കെ മരുന്നുകൾ ഉത്തേജക പട്ടികയിൽ പെടുമെന്നറിയാനുള്ള തീവ്രയത്‌നത്തിലാണ് ഇന്ത്യൻ ടീം മാനേജർ മനീഷ് ബഹുഗുണ. 
1970 മുതൽ ബ്രിഡ്ജ് കളിക്കാരിയാണ് റീത. അതിനായി പല സ്ഥലങ്ങളിലും യാത്ര ചെയ്തിട്ടുണ്ട് റീത. രണ്ടാം ഭർത്താവിനെ കണ്ടെത്തിയത് അത്തരമൊരു യാത്രയിലാണ്. എങ്കിലും ബ്രിഡ്ജ് ഏഷ്യാഡിൽ മത്സര ഇനമാവുമെന്ന് അവർ പ്രതീക്ഷിച്ചതേയില്ല. 
വിവാഹിതയായിരിക്കെയാണ് ബ്രിഡ്ജ് മത്സരത്തിനിടയിൽ ഡോ. ചോക്‌സിയെ റീത കണ്ടുമുട്ടുന്നത്. ആദ്യ ഭർത്താവിന്റെ മരണ ശേഷം റീതയും ഡോ. ചോക്‌സിയും കളിക്കളത്തിലെന്ന പോലെ ജീവിതത്തിലും ഒന്നിച്ചു. 1990 ൽ ഡോ. ചോക്‌സിയും അന്തരിച്ചു. രണ്ടു മക്കൾ വിദേശത്താണ്. റീതക്ക് കൂട്ട് ബ്രിഡ്ജാണ്. ഓൺലൈൻ ബ്രിഡ്ജ് കൂട്ടായ്മയിൽ സജീവ അംഗമാണ് അവർ. ഏറെ ചർച്ച ചെയ്ത ശേഷമാണ് ഏഷ്യാഡിൽ പങ്കെടുക്കാൻ ബ്രിഡ്ജ് ടീമിന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അനുമതി നൽകിയത്. 

 

Latest News