മാഞ്ചസ്റ്റര്‍ - ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ കോടികളൊഴുക്കിയിട്ടും ഈ സീസണില്‍ തുടക്കം പാളിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും ഇന്റര്‍നാഷനല്‍ ഇടവേളക്കു ശേഷം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തിരിച്ചുവരവിനൊരുങ്ങുന്നു. അതേസമയം വിജയക്കുതിപ്പ് തുടരാനുള്ള തയാറെടുപ്പിലാണ് മാഞ്ചസ്റ്റര്‍ സിറ്റി. ആദ്യ നാലു കളികളും ജയിച്ച ഏക ടീമാണ് നിലവിലെ ചാമ്പ്യന്മാരായ സിറ്റി. ആഴ്‌സനല്‍, ടോട്ടനം, ലിവര്‍പൂള്‍ ടീമുകള്‍ക്ക് 10 പോയന്റുണ്ട്. വെസ്റ്റ്ഹാമിനെ സിറ്റിക്ക് പിഴച്ചാല്‍ ഈ ടീമുകളെല്ലാം മുന്നിലെത്താന്‍ സാധ്യതയുണ്ട്.
അതേസമയം ടോട്ടനത്തോടും ആഴ്‌സനലിനോടും തോറ്റ ക്ഷീണത്തിലാണ് യുനൈറ്റഡ്. ബ്രൈറ്റനുമായാണ് അവരുടെ മത്സരം. കഴിഞ്ഞ സീസണില്‍ യുനൈറ്റഡിനെ അവരുടെ കളിത്തട്ടില്‍ ബ്രൈറ്റന്‍ തോല്‍പിച്ചിരുന്നു. ഈ സീസണില്‍ രണ്ടു കളികളാണ് യുനൈറ്റഡ് ജയിച്ചത്. വുള്‍വര്‍ഹാംപ്റ്റനും നോട്ടിംഗ്ഹാം ഫോറസ്റ്റിനുമെതിരെ, രണ്ടും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ബ്രൈറ്റന്‍ ആദ്യ നാലു കളികളില്‍ മൂന്നും ജയിച്ചിട്ടുണ്ട്.
ചെല്‍സി ആദ്യ നാല് കളികളില്‍ ഒന്ന് മാത്രമാണ് ജയിച്ചത്. 2022-23 ലെ മോശം സീസണ്‍ ആവര്‍ത്തിക്കുമോയെന്ന ഭീതിയിലാണ് അവര്‍. കഴിഞ്ഞ സീസണില്‍ ആദ്യ നാലിലെത്തുകയും ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുകയും ചെയ്ത ന്യൂകാസിലും ഇത്തവണ ആദ്യ നാലു കളികളില്‍ മൂന്നും തോറ്റു.