കൊളംബൊ - ഏഷ്യാ കപ്പ് ക്രിക്കറ്റിലെ അപ്രസക്തമായ മത്സരത്തില്‍ രണ്ടാം നിരയുമായി ഇറങ്ങിയ ഇന്ത്യ ബംഗ്ലാദേശിനെതിരെ പരുങ്ങുന്നു. എട്ടിന് 265 റണ്‍സെടുത്ത ബംഗ്ലാദേശിനെതിരെ ഇന്ത്യ നാലിന് 114 ലെത്തി. അവശേഷിക്കുന്ന 22 ഓവറില്‍ ഏഴ് റണ്‍സ് ശരാശരിയില്‍ ടീം സ്‌കോര്‍ ചെയ്യണം.
ശാഖിബുല്‍ ഹസനും (85 പന്തില്‍ 80) തൗഹീദ് ഹൃദയും (81 പന്തില്‍ 54) തമ്മിലുള്ള അഞ്ചാം വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടാണ് ബംഗ്ലാദേശ് ഇന്നിംഗ്‌സിന്റെ അടിത്തറ. നസൂം അഹ്മദിന്റെ (45 പന്തില്‍ 44) നേതൃത്വത്തില്‍ അവരുടെ വാലറ്റവും കാര്യമായ സംഭാവന നല്‍കി. നസൂമും മെഹ്ദി ഹസനും (23 പന്തില്‍ 29 നോട്ടൗട്ട്) എട്ടാം വിക്കറ്റില്‍ ആറോവറില്‍ 46 റണ്‍സെടുത്തു. മെഹ്ദിയും അരങ്ങേറ്റക്കാരന്‍ തന്‍സീം ഹസന്‍ സാഖിബും 27 റണ്‍സ് സംഭാവന ചെയ്തു.
ടോസ് നേടിയ ഇന്ത്യ അഞ്ച് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. തിലക് വര്‍മ അരങ്ങേറിയപ്പോള്‍ മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ, സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരും പ്ലേയിംഗ് ഇലവനിലെത്തി. ഇന്ത്യന്‍ ബൗളര്‍മാര്‍ അതിവേഗം ബംഗ്ലാദേശിനെ നാലിന് 59 ലേക്ക് തള്ളി വിട്ടു. എന്നാല്‍ ശാഖിബും തൗഹീദും 101 റണ്‍സ് കൂട്ടുകെട്ടോടെ തിരിച്ചടിച്ചു. തിലകിനെ തൗഹീദ് തുടര്‍ച്ചയായി രണ്ടു തവണ സിക്‌സറിനുയര്‍ത്തി.
27 ഓവറില്‍ നാലിന് 113 റണ്‍സെടുത്ത ഇന്ത്യക്ക് ജയിക്കാന്‍ 153 റണ്‍സ് കൂടി വേണം. ശുഭ്മന്‍ ഗില്‍ അര്‍ധ സെഞ്ചുറിയുമായി ക്രീസിലുണ്ട്.