സെഞ്ചൂറിയന്‍ - ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 416 റണ്‍സടിച്ചു. ഹെയ്ന്റിക് ക്ലാസനും (83 പന്തില്‍ 174) ഡേവിഡ് മില്ലറും (45 പന്തില്‍ 82 നോട്ടൗട്ട്) തകര്‍ത്തടിച്ചപ്പോള്‍ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി കടപുഴകി. 13 സിക്‌സറും 13 ബൗണ്ടറിയും പായിച്ച ക്ലാസന്‍ അവസാന പന്തിലാണ് പുറത്തായത്. മില്ലര്‍ അഞ്ച് സിക്‌സറും ആറ് ബൗണ്ടറിയും പറത്തി.
1983 ലെ ലോകകപ്പില്‍ കപില്‍ദേവ് 175 റണ്‍സടിച്ച ശേഷം അഞ്ചാം സ്ഥാനത്തോ താഴെയോ ബാറ്റ് ചെയ്യുന്ന ഒരു കളിക്കാരന്റെ ഉയര്‍ന്ന സ്‌കോറാണ് ക്ലാസന്റേത്. ഇരുപത്തഞ്ചാം ഓവറിനു ശേഷം ക്രീസിലെത്തിയ ഒരു കളിക്കാരന്‍ ഇത്രയധികം റണ്‍സെടുക്കുന്നത് ഇതാദ്യം. മില്ലറും ക്ലാസനും 94 പന്തിലാണ് 222 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയത്. ഏകദിന ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണ് ഇത്.
ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആഡം സാംപ പത്തോവറില്‍ വിട്ടുകൊടുത്തത് 113 റണ്‍സാണ്, ഒരു വിക്കറ്റ് പോലും ലഭിച്ചുമില്ല. ക്വിന്റന്‍ ഡികോക്കും (45) റീസ ഹെന്‍ഡ്രിക്‌സും (28) റാസി വാന്‍ഡര്‍ഡസനും (62) നല്‍കിയ അടിത്തറയിലാണ് ക്ലാസനും മില്ലറും കത്തിക്കയറിയത്.