ന്യൂദല്‍ഹി - സുനില്‍ ഛേത്രിയും ബംഗളൂരു എഫ.സിയും ഒഴികെ ഐ.എസ്.എല്‍ ക്ലബ്ബുകളും കളിക്കാരും പുറം തിരിഞ്ഞുനിന്നതോടെ അസന്തുലിതമായ ടീമുമായി ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ ഫുട്‌ബോള്‍ കളിക്കും. മൂന്ന് ഡിഫന്റര്‍മാര്‍ മാത്രമാണ് കോച്ച് പ്രഖ്യാപിച്ച ടീമിലുള്ളത്. ഐ.എസ്.എല്‍ നീട്ടിവെക്കാനുള്ള ദേശീയ കോച്ച് ഇഗോര്‍ സ്റ്റിമാച്ചിന്റെ അഭ്യര്‍ഥന നിരസിക്കപ്പെട്ടതോടെ നേരത്തെ പ്രഖ്യാപിച്ച ടീമില്‍ അടിമുടി മാറ്റം വരുത്തേണ്ടി വന്നു.
ക്യാപ്റ്റന്‍ ഛേത്രിയുള്‍പ്പെടെ ഒമ്പത് കളിക്കാര്‍ മാത്രമാണ് നേരത്തെ പ്രഖ്യാപിച്ച പട്ടികയില്‍ നിന്നുള്ളത്. 13 പേരെ മാറ്റി. കോച്ച് പ്രഖ്യാപിച്ച പട്ടികയില്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവും സന്ദേശ് ജിംഗനുമൊന്നുമില്ല. എന്നാല്‍ ആശയക്കുഴപ്പത്തിന് ആഴം കൂട്ടി സ്‌പോര്‍ട്‌സ് മന്ത്രാലയം പുറത്തുവിട്ട പട്ടികയില്‍ ഇവര്‍ രണ്ടു പേരുമുണ്ട്. മാത്രമല്ല നേരത്തെ പ്രഖ്യാപിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത ടീം ലിസ്റ്റിലെ പല കളിക്കാരും കേന്ദ്രം പുറത്തുവിട്ട ലിസ്റ്റിലുണ്ട്. തങ്ങളുടെ അനുമതിയില്ലാതെയാണ് ഗോളി ധീരജ് സിംഗിനെ ടീമിലുള്‍പെടുത്തിയതെന്ന് എഫ്.സി ഗോവ പ്രഖ്യാപിച്ചു. രണ്ട് ലിസ്റ്റിലും കോച്ചിന്റെ സ്ഥാനത്ത് ഇഗോര്‍ സ്റ്റിമാച്ചിന്റെ പേരാണ്. വെവ്വേറെ ലിസ്റ്റിനെക്കുറിച്ച് പ്രതികരിക്കാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തയാറായില്ല.