കൊളംബൊ - ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന നാടകീയമായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അവസാന പന്തില്‍ രണ്ടു വിക്കറ്റിന് പാക്കിസ്ഥാനെ ശ്രീലങ്ക തോല്‍പിച്ചു. പലതവണ മാറിമറിഞ്ഞ കളിയില്‍ ചരിത അസലെങ്കയാണ് (47 പന്തില്‍ 49 നോട്ടൗട്ട്) അവസാന പന്തില്‍ ശ്രീലങ്കയെ ലക്ഷ്യം കടത്തിയത്. തുടക്കത്തിലും മത്സരത്തിനിടയിലും ഒരുപാട് നേരം മഴ തടസ്സപ്പെടുത്തിയ കളി 42 ഓവര്‍ വീതമാണ് കളിച്ചത്. മുഹമ്മദ് രിസ്‌വാനും 73 പന്തില്‍ 86 നോട്ടൗട്ട്) ഇഫ്തിഖാര്‍ അഹമ്മദും (40 പന്തില്‍ 47) അവസാന പത്തോവറില്‍ അടിച്ചെടുത്ത നൂറിലേറെ റണ്‍സിന്റെ ബലത്തില്‍ പാക്കിസ്ഥാന്‍ ഏഴിന് 252 റണ്‍സിലെത്തിയപ്പോള്‍ കുശാല്‍ മെന്‍ഡിസും (87 പന്തില്‍ 91) സദീര സമരവിക്രമയും (51 പന്തില്‍ 48) അസലങ്കയുമാണ് ശ്രീലങ്കയുടെ പോരാട്ടം നയിച്ചത്. പതിനൊന്നാം തവണ ഏഷ്യാ കപ്പ് ഫൈനലിലെത്തിയ ശ്രീലങ്ക ഞായറാഴ്ച ഇന്ത്യയുമായി കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടും.
ആറിലേറെ റണ്‍സ് ഓവറില്‍ വേണ്ട രീതിയിലാണ് ശ്രീലങ്ക മറുപടി തുടങ്ങിയത്. മെന്‍ഡിസും സമരവിക്രമയും സിംഗിളുകളും ഇടക്കിടെ ബൗണ്ടറികളും കണ്ടെത്തി മൂന്നാം വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടിലൂടെ ശ്രീലങ്കയെ സമര്‍ഥമായി മുന്നോട്ടു നയിച്ചു. എന്നാല്‍ കളിയുടെ ഗതിക്കെതിരെ ഇരുവരെയും ഇഫ്തിഖാര്‍ അഹമദ് (എട്ടോവറില്‍ 3-50) പുറത്താക്കി. മുഹമ്മദ് ഹാരിസിന്റെ ഒന്നാന്തരം ക്യാച്ചിലാണ് മെന്‍ഡിസിന് സെഞ്ചുറി നിഷേധിക്കപ്പെട്ടത്. ഈ ഘട്ടത്തില്‍ ആറു വിക്കറ്റ് ശേഷിക്കെ 41 പന്തില്‍ 42 റണ്‍സ് മതിയായിരുന്നു ശ്രീലങ്കക്ക് ജയിക്കാന്‍. ധനഞ്ജയ ഡിസില്‍വയും അസലെങ്കയും അഞ്ച് വിക്കറ്റ് ശേഷിക്കെ 12 പന്തില്‍ 12 എന്നിടത്തേക്ക് സ്‌കോറെത്തിച്ചു. അതുവരെ മോശമായി ബൗള്‍ ചെയ്ത ശാഹീന്‍ ഷാ അഫ്‌രീദി തുടര്‍ച്ചയായി ധനഞ്ജയയെയും ദുനിത് വെലലാഗെയെയും പുറത്താക്കി. മൂന്ന് പന്ത് ശേഷിക്കെ ആറ് റണ്‍സ് വേണമായിരുന്ന ശ്രീലങ്കക്ക് ജയിക്കാന്‍. അടുത്ത പന്തില്‍ പ്രമോദ് മധുഷന്‍ റണ്ണൗട്ടായി. അസലെങ്കയുടെ എഡ്ജ് ഭാഗ്യത്തിന് ബൗണ്ടറി കടന്നതോടെ അവസാന പന്തില്‍ രണ്ട് റണ്‍സ് എന്ന നിലയിലെത്തി സമവാക്യം. അവസാന പന്തില്‍ സമാന്‍ ഖാന്റെ യോര്‍ക്കര്‍ കടുകിട ലക്ഷ്യം തെറ്റി. സ്‌ക്വയര്‍ലെഗിലേക്ക് പന്ത് തിരിച്ചുവിട്ട് അസലെ്ങ്ക വിജയത്തിലേക്ക് ഓടി.
നേരത്തെ രണ്ടേ കാല്‍ മണിക്കൂറോളം മഴ കാരണം തുടങ്ങാന്‍ വൈകിയ മത്സരത്തില്‍ പാക്കിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചെറിയ ഇടവേളകളില്‍ വിക്കറ്റെടുത്ത ശ്രീലങ്കന്‍ ബൗളര്‍മാര്‍ പാക്കിസ്ഥാനെ വരുതിയില്‍ നിര്‍ത്തി. എന്നാല്‍ രിസവാനും (73 പന്തില്‍ 86 നോട്ടൗട്ട്) ഇഫ്തിഖാര്‍ അഹമ്മദും (40 പന്തില്‍ 47) തമ്മിലുള്ള 108 റണ്‍സ് കൂട്ടുകെട്ട് അവരെ കരകയറ്റി.
പെയ്‌സ്ബൗളര്‍ പ്രമോദ് മധുഷനാണ് യോര്‍ക്കറിലൂടെ ഫഖര്‍ സമാനെ (4) വീഴ്ത്തി ശ്രീലങ്കക്ക് ബ്രെയ്ക് ത്രൂ നല്‍കിയത്. മത്സരത്തിന് തൊട്ടുമുമ്പ് ഇമാമുല്‍ ഹഖിന് പരിക്കേറ്റതിനാലാണ് ഫഖറിനെ ഇറക്കിയത്. അബ്ദുല്ല ശഫീഖും (52) ക്യാപ്റ്റന്‍ ്ബാബര്‍ അസമും (29) ഇന്നിംഗ്‌സ് സാവധാനം പാളത്തില്‍ കയറ്റി. ദുനിത് വെലലാഗെയാണ് അസമിനെ പുറത്താക്കിയത്. ശഫീഖിനെ മതീഷ പതിണ പുറത്താക്കി. അഞ്ചിന് 130 ല്‍ വീണ്ടും മഴ കളി മുടക്കി. പതിരണയും മധുഷനും അഞ്ച് വിക്കറ്റ് പങ്കുവെച്ചു.