കൊളംബൊ - ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ജയിക്കാന്‍ നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കക്ക് വേണ്ടത് 253 റണ്‍സ്. മഴ പലതവണ തടസ്സപ്പെടുത്തിയതു കാരണം 42 ഓവര്‍ വീതമായി ചുരുക്കിയ മത്സരത്തില്‍ മുഹമ്മദ് രിസ്‌വാന്‍ പാക്കിസ്ഥാനെ ഏഴിന് 252 ലെത്തിച്ചു. സാവധാനം തുടങ്ങിയ പാക്കിസ്ഥാന്‍ അവസാന പത്തോവറില്‍ നൂറിലേറെ റണ്‍സ് നേടി. മറുപടിയായി ശ്രീലങ്ക ഇരുപതോവറില്‍ രണ്ടിന് 124 റണ്‍സെടുത്തു. 22 ഓവറില്‍ അവര്‍ക്ക് 128 റണ്‍സ് കൂടി വേണം. വിജയികള്‍ ഇന്ത്യയുമായി ഫൈനല്‍ കളിക്കും.
രണ്ടേ കാല്‍ മണിക്കൂറോളം മഴ കാരണം തുടങ്ങാന്‍ വൈകിയ മത്സരത്തില്‍ പാക്കിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചെറിയ ഇടവേളകളില്‍ വിക്കറ്റെടുത്ത ശ്രീലങ്കന്‍ ബൗളര്‍മാര്‍ പാക്കിസ്ഥാനെ വരുതിയില്‍ നിര്‍ത്തി. എന്നാല്‍ രിസവാനും (73 പന്തില്‍ 86 നോട്ടൗട്ട്) ഇഫ്തിഖാര്‍ അഹമ്മദും (40 പന്തില്‍ 47) തമ്മിലുള്ള 108 റണ്‍സ് കൂട്ടുകെട്ട് അവരെ കരകയറ്റി.
പെയ്‌സ്ബൗളര്‍ പ്രമോദ് മധുഷനാണ് യോര്‍ക്കറിലൂടെ ഫഖര്‍ സമാനെ (4) വീഴ്ത്തി ശ്രീലങ്കക്ക് ബ്രെയ്ക് ത്രൂ നല്‍കിയത്. മത്സരത്തിന് തൊട്ടുമുമ്പ് ഇമാമുല്‍ ഹഖിന് പരിക്കേറ്റതിനാലാണ് ഫഖറിനെ ഇറക്കിയത്. അബ്ദുല്ല ശഫീഖും (52) ക്യാപ്റ്റന്‍ ്ബാബര്‍ അസമും (29) ഇന്നിംഗ്‌സ് സാവധാനം പാളത്തില്‍ കയറ്റി. ദുനിത് വെലലാഗെയാണ് അസമിനെ പുറത്താക്കിയത്. ശഫീഖിനെ മതീഷ പതിണ പുറത്താക്കി. അഞ്ചിന് 130 ല്‍ വീണ്ടും മഴ കളി മുടക്കി. പതിരണയും മധുഷനും അഞ്ച് വിക്കറ്റ് പങ്കുവെച്ചു.