ബെയ്ജിംഗ് - മൂന്നു വര്‍ഷത്തോളം രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന വടക്കന്‍ കൊറിയ ഹ്വാംഗ്ഷു ഏഷ്യന്‍ ഗെയിംസിന് 191 അംഗ സംഘത്തെ അയക്കും. അത്‌ലറ്റിക്‌സ്, ജിംനാസ്റ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോള്‍, ബോക്‌സിംഗ്, വെയ്റ്റ്‌ലിഫ്റ്റിംഗ് മത്സരങ്ങളിലാണ് വടക്കന്‍ കൊറിയ പങ്കെടുക്കുക. ഈ മാസം 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെയാണ് ഏഷ്യന്‍ ഗെയിംസ്. കഴിഞ്ഞ വര്‍ഷം നടക്കേണ്ട ഏഷ്യാഡ് കോവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു.
ജൂണില്‍ ക്യൂബയില്‍ നടന്ന വെയ്റ്റ്‌ലിഫ്റ്റിംഗ ചാമ്പ്യന്‍ഷിപ്പില്‍ വടക്കന്‍ കൊറിയ പങ്കെടുക്കേണ്ടതായിരുന്നുവെങ്കിലും അവര്‍ എത്തിയില്ല. 2020 ല്‍ കോവിഡിനെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ച വടക്കന്‍ കൊറിയ 2021 ലെ ടോക്കിയൊ ഒളിംപിക്‌സില്‍ പങ്കെടുത്തിരുന്നില്ല. അതെത്തുടര്‍ന്ന് 2022 ലെ ബെയ്ജിംഗ് ശീതകാല ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റി അവരെ വിലക്കി.
ഉദ്ഘാടനച്ചടങ്ങിന് നാലു ദിവസം മുമ്പെ ചൊവ്വാഴ്ച ഏഷ്യന്‍ ഗെയിംസിന്റെ ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭിക്കും. വടക്കന്‍ കൊറിയക്ക് പുരുഷ ഫുട്‌ബോളില്‍ ചൈനീസ് തായ്‌പെയുമായി മത്സരമുണ്ട്. 2018 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ വടക്കന്‍ കൊറിയ എട്ട് സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. ആ ടീമിലുണ്ടായിരുന്ന റി സോംഗ് ഗുമ്മും റിം ഉന്‍ സിമ്മും ഹ്വാംഗ്ഷുവിലും മത്സരിക്കും.
ഒളിംപിക്‌സിലേതിനെക്കാള്‍ കൂടുതല്‍ കായിക താരങ്ങള്‍ ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നുണ്ട്, 12,200 ലേറെ.