സിഡ്‌നി - ബാറ്റര്‍മാര്‍ തല സംരക്ഷിക്കാന്‍ ഹെല്‍മറ്റ് ധരിക്കുന്നതിന് പുറമെ കഴുത്ത് സംരക്ഷിക്കാന്‍ നെക് പ്രൊട്ടക്റ്ററും അണിയുന്നത് നിര്‍ബന്ധമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇന്റര്‍നാഷനല്‍ കളിക്കാര്‍ക്കും ആഭ്യന്തര കളിക്കാര്‍ക്കും ഇത് നിര്‍ബന്ധമാണ്. ബാറ്റിംഗ് ഹെല്‍മറ്റിന്റെ പിറകിലായാണ് നെക്ക് പ്രൊട്ടക്റ്റര്‍ ഉണ്ടാവുക. പെയ്‌സ്ബൗളിംഗും മീഡിയം പെയ്‌സും നേരിടുമ്പോള്‍ ഇത് ധരിക്കുന്നത് നിര്‍ബന്ധമാണ്.
ഇന്റര്‍നാഷനല്‍ കളിക്കാരായ ഡേവിഡ് വാണര്‍, ഉസ്മാന്‍ ഖ്വാജ, സ്റ്റീവ് സ്മിത്ത് എന്നിവര്‍ നെക്ക് പ്രൊട്ടക്റ്റര്‍ ഇല്ലാത്ത ഹെല്‍മറ്റാണ് ധരിക്കാറ്. 2014 ല്‍ ടെസ്റ്റ് കളിക്കാരന്‍ ഫില്‍ ഹ്യൂസ് കഴുത്തിന് പന്ത് കൊണ്ട് മരണപ്പെട്ട അവസരത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നെക്ക് പ്രൊട്ടക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പല കളിക്കാരും അത് പാലിച്ചില്ല. 2019 ലെ ആഷസ് പരമ്പരയില്‍ ജോഫ്ര ആര്‍ച്ചറുടെ പന്ത് തലക്ക് കൊള്ളുമ്പോള്‍ സ്മിത്തിന് നെക്ക് പ്രൊട്ടക്ടര്‍ ഇല്ലായിരുന്നു. നെക്ക് പ്രൊട്ടക്ടറും കൂടി ധരിക്കുമ്പോള്‍ ശ്വാസം മുട്ടുന്നതു പോലെ തോന്നുമെന്നായിരുന്നു സ്മിത്ത് അന്ന് പറഞ്ഞത്.