കൊളംബൊ - ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ ടീം വെള്ളിയാഴ്ച ബംഗ്ലാദേശുമായി ഏറ്റുമുട്ടും. ഇന്ത്യ ഫൈനലിലെത്തുകയും ബംഗ്ലാദേശ് പുറത്താവുകയും ചെയ്തതിനാല്‍ കളി അപ്രസക്തമാണ്. അതിനാല്‍ ഇന്ത്യ ശ്രേയസ് അയ്യര്‍ക്കും തിലക് വര്‍മക്കും അവസരം നല്‍കിയേക്കും. ലോകകപ്പ് ആസന്നമായതിനാല്‍ റിസര്‍വ് കളിക്കാരെ പരീക്ഷിക്കാന്‍ ഇരു ടീമുകള്‍ക്കും കിട്ടുന്ന അവസരമായിരിക്കും ഇത്.
ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരെല്ലാം ഫോമിലാണ്. ബാക്കപ് വിക്കറ്റ്കീപ്പറായി വന്ന ഇശാന്‍ കിഷനും പരിക്കില്‍ നിന്ന് കരകയറിയ കെ.എല്‍ രാഹുലും കരുത്തു കാട്ടിയത് ടീം മാനേജ്‌മെന്റിന് ഏറെ സന്തോഷം പകരുന്നു. രാഹുലും ജസ്പ്രീത് ബുംറയും ഫോമും ഫിറ്റ്‌നസും തെളിയിച്ചു കഴിഞ്ഞു.
പാക്കിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് പുറംവേദനയുമായി വിട്ടുനില്‍ക്കേണ്ടി വന്ന ശ്രേയസ് അയ്യര്‍ തിരിച്ചുവരുമോയെന്നതാണ് പ്രധാനം. ഇന്നലെ പരിശീല സെഷനില്‍ ശ്രേയസ് പ്രയാസമില്ലാതെ ദീര്‍ഘനേരം ബാറ്റ് ചെയ്തു. ശ്രേയസിനായി ഇശാന്‍ കിഷനെയോ കെ.എല്‍ രാഹുലിനെയോ പുറത്തിരുത്തും. ബുംറക്ക് വിശ്രമം നല്‍കി മുഹമ്മദ് ഷമിയെ ഇന്ത്യ കളിപ്പിച്ചേക്കും.
നിരവധി പരിക്കുകള്‍ അലട്ടിയ ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ജയം മാത്രമാണ് നേടിയത്. ഇന്ത്യക്കെതിരെ മുശ്ഫിഖുറഹീം കളിക്കില്ല. ടൂര്‍ണമെന്റിന് മുമ്പെ തന്നെ ഇബാദത് ഹുസൈനും തമീം ഇഖ്ബാലും പരിക്കേറ്റ് പുറത്തായിരുന്നു. ലിറ്റന്‍ ദാസ് ആദ്യ റൗണ്ടില്‍ കളിച്ചില്ല. 89, 104 എന്നിങ്ങനെ ആദ്യ രണ്ടു കൡകളില്‍ സ്‌കോര്‍ ചെയ്ത നജ്മുല്‍ ഹുസൈന്‍ ഷാന്‍ഡോയെയും പരിക്കേ വേട്ടയാടി. രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച ഭാര്യയെ സന്ദര്‍ശിക്കാന്‍ മുശ്ഫിഖുറഹീമിന് അവധി കൊടുത്തിരിക്കുകയാണ്. മുശ്ഫിഖിനു പകരം അഫീഫ് ഹുസൈനും മുഹമ്മദ് നഈമിനു പകരം തന്‍സീദ് ഹസനും കളിച്ചേക്കും. ലിറ്റന്‍ദാസ് വിക്കറ്റ് കാക്കും.
ആറു ദിവസത്തിനിടെ നാല് മത്സരങ്ങള്‍ നടന്നതിനാല്‍ പിച്ച് വേഗം കുറയാന്‍ സാധ്യതയുണ്ട്. മഴക്കും നേരിയ സാധ്യത പ്രവചിക്കുന്നു.
കപില്‍ദേവിനു ശേഷം 2000 റണ്‍സും 200 വിക്കറ്റും നേടിയ ഇന്ത്യന്‍ ഓള്‍റൗണ്ടറാവാന്‍ രവീന്ദ്ര ജദേജക്ക് ഒരു വിക്കറ്റ് കൂടി മതി. ഈ വര്‍ഷം 1000 റണ്‍സ് തികക്കുന്ന ആദ്യ ബാറ്ററാവാന്‍ ശുഭ്മന്‍ ഗില്ലിന് 96 റണ്‍സ് വേണം.