ന്യൂദല്‍ഹി- ജോ ബൈഡന്‍ ഇന്ത്യയിലെത്തും മുമ്പ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി കുറക്കുമെന്ന് പ്രഖ്യാപിച്ച ഇന്ത്യ തകിടം മറിഞ്ഞു. യു. എസ് ആപ്പിളിന് 50 ശതമാനവും വാല്‍നട്ടുകള്‍ക്ക് നൂറു ശതമാനവും നികുതി തുടര്‍ന്നും ബാധകമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഇരുപത് ശതമാനം അധിക തീരുവ മാത്രമാണ് നീക്കിയതെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ചില ഉരുക്ക്, അലൂമിനിയം ഉത്പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ചുളള അമേരിക്കയുടെ സംരക്ഷണ നടപടികളെ തുടര്‍ന്ന് തിരിച്ചടിയെന്ന നിലയിലാണ് 2019ല്‍ ആപ്പിളിനും വാള്‍നട്ടിനും 20 ശതമാനം വീതം അധിക തീരുവ യു. എസിന്റെ ഉത്പന്നങ്ങള്‍ക്ക് ചുമത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഉരുക്ക്, അലൂമിനിയം ഉത്പന്നങ്ങള്‍ക്ക് വിപണി പ്രവേശനം നല്‍കുന്നതിന് യു. എസ് സമ്മതിച്ചതിനാല്‍ യു. എസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ ഇന്ത്യ ചുമത്തിയ ഈ അധിക തീരുവ പിന്‍വലിച്ചതായി ഗോയല്‍ പറഞ്ഞു.
ആപ്പിള്‍, വാല്‍നട്ട്, ബദാം എന്നിവയുടെ ഏറ്റവും താത്പര്യമുളള രാജ്യം എന്ന പദവി നികുതിയില്‍ യാതൊരു കുറവും വരുത്തില്ലെന്നും യു. എസില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഇറക്കുമതി ഉത്പന്നങ്ങള്‍ക്കും ഇത് ഇപ്പോഴും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ നടപടി ആഭ്യന്തര ആപ്പിള്‍, വാല്‍നട്ട്, ബദാം ഉത്പാദകരെ പ്രതികൂലമായി ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.